തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരന്‍ മരിച്ചതിന് പിന്നാലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. വെങ്ങാനൂർ വൃന്ദാവനത്തിൽ ഡി. സുധാകരനാണ് മരിച്ചത്. എലിപ്പനി ബാധിച്ച് കഴിഞ്ഞ മാസം 4 മുതൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി സ്ഥിരികരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ മുക്കോല കുടുംബ ആരോഗ്യ കേന്ദ്ര നേതൃത്വത്തിലാണ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരിച്ചയാൾ ഉപയോഗിച്ചിരുന്ന പൊതുജലാശയങ്ങളിലെ സാമ്പിൾ പരിശോധന നടത്തുമെന്ന് മുക്കോല ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഐ.പി. അനുരൂപ് പറഞ്ഞു.
ജനങ്ങള്‍ക്ക് ബോധവത്കരണവും നല്‍കും. മുക്കോല കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ മൂന്നാമത്തെ അമീബിക് മസ്തിഷ്ക ജ്വര കേസാണിത്. അതിൽ രണ്ടു പേർ നേരത്തെ സുഖം പ്രാപിച്ചിരുന്നു.
എലിപ്പനിയ്ക്ക് മെഡിക്കൽ കോളേജിൽ ചികിത്സിയിലിരിക്കുകയായിരുന്നു സുധാകരന്‍. ഇവിടെ നിന്നു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗാവസ്ഥ ഗുരുതരമായതോടെ വീണ്ടും മെഡിക്കൽ കോളേജിലേക്ക് മാറ്റി. രണ്ട് ദിവസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ഡോക്ടർമാർ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.