മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പ്ലാസന്‍റയില്‍ വന്‍തോതില്‍ മൈക്രോ– നാനോ പ്ലാസ്റ്റികിന്‍റെ അംശം കണ്ടെത്തി യുഎസ് ഗവേഷകര്‍. മുന്‍പ് രക്തത്തില്‍ കണ്ടെത്തിയതിനേക്കാൾ സാന്ദ്രത കൂടിയ അളവിലാണ് പ്ലാസന്റയില്‍ മൈക്രോ– നാനോ പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇത് മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നുവെന്നതിന്‍റെ സൂചനകളാണ് പഠനം നല്‌കുന്നത്.
ഒരു ഗ്രാമിന് 203 മൈക്രോഗ്രാം പ്ലാസ്റ്റിക്ക് എന്ന രീതിയിലാണ് മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങളുടെ പ്ലാസന്‍റകളില്‍ പ്ലാസ്റ്റികിന്‍റെ അംശം കണ്ടെത്തിയത്. ഇത് ഗര്‍ഭകാലം പൂര്‍ത്തിയാക്കി ജനിക്കുന്ന കുഞ്ഞുങ്ങളുടെ പ്ലാസന്‍റയില്‍ കണ്ടെത്തിയ 130 മൈക്രോഗ്രാം/ഗ്രാം എന്ന അളവിനേക്കാള്‍ 50 ശതമാനത്തിലധികം കൂടുതലാണ്. കുപ്പികളിൽ ഉപയോഗിക്കുന്ന പിഇടി, പിവിസി, പോളിയുറീൻ, പോളികാർബണേറ്റ് എന്നിങ്ങനെ ഏറ്റവും സാധാരണമായ 12 തരം പ്ലാസ്റ്റിക്കുകളെങ്കിലും പ്ലാസന്‍റകളില്‍ കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് അടിഞ്ഞുകൂടുന്നത് മാസം തികയാതെയുള്ള ജനനത്തിനും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കും കാരണമാകുമെന്നും ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പ്രൊഫസർ കെജെർസ്റ്റി അഗാർഡ് പറഞ്ഞു.
നവജാത ശിശുക്കളുടെ ശ്വാസകോശം, ഹൃദയം, കരള്‍, വൃക്ക, തലച്ചോറിലെ കോശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്ലാസ്റ്റിക് കണികളായ പോളിമൈഡ്-12 അല്ലെങ്കിൽ പിഎ-12 അടിഞ്ഞുകൂടുന്നുണ്ടാകാം എന്ന് നേരത്തെ പഠനങ്ങളുണ്ടായിരുന്നു. ഗര്‍ഭിണികളില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് മൈക്രോ പ്ലാസ്റ്റിക് കൈമാറ്റം ചെയ്യപ്പെടാമെന്ന് റുട്ഗേഴ്സ് സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിലും പറയുന്നുണ്ട്. നേരത്തെ തന്നെ മനുഷ്യരുടെ കരള്‍, ശ്വാസകോശം, പ്ലാസന്‍റ തുടങ്ങി രക്തത്തിലടക്കം മൈക്രോ പ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയതായി പഠനങ്ങള്‍ പുറത്തുവന്നിരുന്നു. പുരുഷന്‍മാരുടെ മൂത്ര– ബീജ സാംപിളുകളില്‍ പരിശോധിച്ചതില്‍ വന്‍തോതില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനമുണ്ടായിരുന്നു.
അഞ്ച് മില്ലീഗ്രാമില്‍ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്. പ്ലാസ്റ്റിക് വിഘടിക്കുമ്പോഴുണ്ടാകുന്ന മൈക്രോ പ്ലാസ്റ്റിക്കുകള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഒട്ടേറെ വസ്തുക്കളില്‍ അടങ്ങിയിട്ടുണ്ട്. എവറസ്റ്റ് പർവതം മുതൽ പസഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഭൂമിയില്‍ മൈക്രോ പ്ലാസ്റ്റികിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അത്രത്തോളമാണ് ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണം എന്നര്‍ഥം. ഇത്തരത്തില്‍ നമ്മുടെ ചുറ്റും വ്യാപിക്കുന്ന മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങൾ (എംഎൻപി) എളുപ്പത്തിൽ മനുഷ്യശരീരത്തിലേക്കുമെത്തുന്നു.