അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന കുറിപ്പടി മരുന്നുകളുടെ അനാവശ്യ പ്രചാരണവും അനധികൃത വിൽപ്പനയും തടയാൻ കർശന നടപടികളുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഷെഡ്യൂൾ H, H1, X വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ പരസ്യത്തിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കുന്ന പുതിയ കരട് ഭേദഗതി സർക്കാർ പുറത്തിറക്കി. നിലവിൽ മരുന്ന് നിർമാതാക്കൾക്ക് മാത്രം ബാധകമായിരുന്ന നിയന്ത്രണം റീട്ടെയിൽ മരുന്ന് വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, വിതരണക്കാർ എന്നിവർക്കും ബാധകമാക്കാനാണ് നീക്കം.
പുതിയ ഭേദഗതിയുടെ പ്രധാന ലക്ഷ്യങ്ങൾ
ഇതുവരെ മരുന്ന് നിർമിക്കുന്ന കമ്പനികൾക്കായിരുന്നു പരസ്യവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പ്രധാനമായും ബാധകമായിരുന്നത്. വിതരണക്കാരും മെഡിക്കൽ ഷോപ്പുകളും നടത്തുന്ന പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിൽ ചില പഴുതുകളുണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. പുതിയ ഭേദഗതിയിലൂടെ ഈ പഴുതുകൾ അടയ്ക്കുകയാണ് ലക്ഷ്യം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും തടയുക, ലൈസൻസുള്ള വിതരണ ശൃംഖലയിലെ കൂടുതൽ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നിവയും സർക്കാർ ലക്ഷ്യമിടുന്നു.
എന്തുകൊണ്ട് ജിഎൽപി-1 മരുന്നുകൾക്ക് നിരീക്ഷണം?
ടൈപ്പ് 2 പ്രമേഹത്തിന്‍റെ ചികിത്സയ്ക്കും ചില പ്രത്യേക സാഹചര്യങ്ങളിൽ അമിതവണ്ണം നിയന്ത്രിക്കാനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഗ്ലൂക്കഗൺ-ലൈക്ക് പെപ്റ്റൈഡ്-1 (GLP-1) റിസപ്റ്റർ അഗോണിസ്റ്റുകൾ. അടുത്തകാലത്തായി ഈ മരുന്നുകൾക്ക് വിപണിയിൽ ആവശ്യക്കാർ കുത്തനെ വർധിച്ചിട്ടുണ്ട്. ഇതോടെ ഡോക്ടറുടെ മേൽനോട്ടമില്ലാതെ ഇത്തരം മരുന്നുകൾ സ്വയം ഉപയോഗിക്കുന്ന പ്രവണതയും വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. കുറിപ്പടിയില്ലാതെയുള്ള ഓൺലൈൻ വിൽപ്പനയും ആശങ്കയുണ്ടാക്കുന്നു. സമൂഹമാധ്യമങ്ങൾ വഴിയും സ്ലിമ്മിങ് ക്ലിനിക്കുകൾ വഴിയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പ്രചാരണങ്ങളും വ്യാപകമാകുന്നതും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിട്ടുണ്ട്.
പരോക്ഷ പരസ്യങ്ങൾക്കും പൂട്ട്
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ചും ബോധവൽക്കരണ പരിപാടികളുടെ മറവിലും ബ്രാൻഡ് പേരുകൾ നേരിട്ട് പരാമർശിക്കാതെ നടത്തുന്ന പരോക്ഷ പരസ്യങ്ങളും നിയന്ത്രിക്കാനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) ലക്ഷ്യമിടുന്നത്. രാജ്യത്തെ 49 ഓൺലൈൻ ഫാർമസി വെയർഹൗസുകൾ, മൊത്തവ്യാപാര സ്ഥാപനങ്ങൾ, വെൽനെസ് സെന്ററുകൾ, സ്ലിമ്മിങ് ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ CDSCO പരിശോധന നടത്തിയതായും പരോക്ഷ പരസ്യങ്ങൾ തടയുന്നതിനുള്ള നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
മരുന്നുവിൽപ്പന കൂടുതൽ സുതാര്യമാക്കുന്നതിനായി മറ്റൊരു നിർദേശവും മന്ത്രാലയം മുന്നോട്ടുവച്ചിട്ടുണ്ട്. ലൈസൻസുള്ള എല്ലാ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുകയും കുറിപ്പടി മരുന്നുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കുകയും വേണമെന്നാണ് നിർദേശം. 2026 ഫെബ്രുവരി 16-ന് ചേർന്ന ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡിന്റെ 93-ാമത് യോഗത്തിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം പുതിയ നിയമഭേദഗതിക്ക് ഒരുങ്ങുന്നത്.
പൊതുജനങ്ങൾക്കും മാറ്റങ്ങൾ നിർദേശിക്കാം
നിലവിൽ ഇത് കരട് നിർദേശം മാത്രമാണ്. ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പൊതുജനങ്ങൾക്കും മരുന്ന് മേഖലയിലുള്ളവർക്കും അഭിപ്രായങ്ങളും ആക്ഷേപങ്ങളും സർക്കാരിനെ അറിയിക്കാം. ഇവ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം. ഡോക്ടറുടെ നിർദേശമില്ലാതെ ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കാനും അനധികൃത വിൽപ്പന നിയന്ത്രിക്കാനുമുള്ള കേന്ദ്ര സർക്കാരിന്‍റെ നീക്കം രോഗികളുടെ സുരക്ഷയുടെ കാഴ്ചപ്പാടിൽ പ്രധാനമാണ്.