മരുന്നു പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാ തല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്കി ആരോഗ്യമന്ത്രി കെ മുരളീധരന്‍ . മരുന്നു പ്രതിസന്ധി ഉണ്ടെന്നും ഇല്ലെന്നും മന്ത്രി തന്നെ മാറ്റി പറയുന്നതിനിടെയാണ് പുതിയ നീക്കം. പകര്‍ച്ച വ്യാധികള്‍ പടരുന്നതിനിടെ മരുന്നു ലഭ്യത സുഗമമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് പുതിയ തീരുമാനം.ഇന്നലെ എല്ലാ പഴിയും മാധ്യമങ്ങള്‍ക്കായിരുന്നു. പ്രതിസന്ധിയൊക്കെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണെന്ന് ആയിരുന്നു മന്ത്രിയുടെ വാദം.
ആദ്യം 18 ഇന മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് സമ്മതിച്ചതിനു പിന്നാലെയായിരുന്നു മലക്കം മറിച്ചില്‍. ഇന്ന് വീണ്ടും കഥമാറി. താഴേത്തട്ടില്‍ നിന്നടക്കം മരുന്നു കിട്ടാനില്ലെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നതോടെ ജില്ലാ തല നിരീക്ഷണ സമിതി രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.
സ്റ്റോക്ക് ഉളളയിടങ്ങളില്‍ നിന്ന് മരുന്നു ലഭ്യത കുറവുളള ഇടങ്ങളിലേയ്ക്ക് മരുന്നു ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്കി. മരുന്നുകളുടെ ലഭ്യത ജില്ലാ തല സമിതി ഉറപ്പു വരുത്തും. അഡീഷണല്‍ ഡി എം ഒയോ ഡെപ്യൂട്ടി ഡി എം ഒയോ നയിക്കുന്ന സമിയില്‍ ആശുപത്രി പ്രതിനിധികളും ഡ്രഗ്സ് കണ്‍ട്രോള്‍ പ്രതിനിധിയും കെ എംഎസ് സി എല്‍ പ്രതിനിധിയും ഉള്‍പ്പെടെ ഉണ്ടാകും. മഴ കനക്കുന്നതോടെ പനിബാധിതരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദേശം. ജീവിതശൈലി രോഗങ്ങളുടെ മരുന്നുകള്‍ക്ക് ഉള്‍പ്പടെ സംസ്ഥാനത്ത് കടുത്ത ക്ഷാമം തുടരുകയാണ്. ഇനിയും മരുന്നു ക്ഷാമമില്ലെന്ന വാദമുയര്‍ത്തുന്നതില്‍ കഴമ്പില്ലെന്ന് കണ്ടാണ് പ്രശ്ന പരിഹാരത്തിനുളള നീക്കമെന്നാണ് വിലയിരുത്തല്‍.