Image Credit: X

Image Credit: X

  • മെയ്ഡ് ഇന്‍ ഇന്ത്യയെന്നാണ് ഇതിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പാക് നിര്‍മിതമാണെന്നാണ് കണ്ടെത്തല്‍

പാക്കിസ്ഥാനില്‍ നിന്നുള്ള സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഇന്ത്യ. കാന്‍സറുകള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വെളുക്കാനുള്ളതെന്ന പേരില്‍ ഇന്ത്യയിലെ വിപണികളില്‍ വിറ്റഴിക്കുന്ന ചാന്ദ്നി വൈറ്റ്നിങ് ക്രീം, ഗോറി ബ്യൂട്ടി ക്രീം എന്നിവയ്ക്കെതിരെയാണ് മുന്നറിയിപ്പ്. മെയ്ഡ് ഇന്‍ ഇന്ത്യയെന്നാണ് ഇതിന്റെ ബോട്ടിലില്‍ രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പാക് നിര്‍മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉയര്‍ന്ന അളവില്‍ ദോഷകരമായ ഘടകങ്ങള്‍ ചാന്ദ്നിയിലും ഗോറിയിലും അടങ്ങിയിട്ടുണ്ടെന്നാണ് ഡ്രഗ് റഗുലേറ്ററുടെ കണ്ടെത്തല്‍. 'രാജ്യത്തെ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഡ്രഗ് ആന്‍റ് കോസ്മെറ്റിക്സ് ആക്ട് 1940, കോസ്മെറ്റിക് റൂള്‍സ് 2020, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചുള്ളവയുടെ വില്‍പ്പന മാത്രമേ രാജ്യത്ത് അനുവദിക്കാന്‍ കഴിയുകയുള്ളൂ. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനും സ്റ്റേറ്റ് ലൈസന്‍സിയില്‍ നിന്നുള്ള ലൈസന്‍സ് ആവശ്യമാണ്. 

ഇറക്കുമതി ചെയ്യുന്ന സൗന്ദര്യവസ്തുക്കളുടെ കാര്യത്തില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കേന്ദ്ര ലൈസന്‍സിങ് അതോറിറ്റിക്ക് കീഴില്‍ നിശ്ചിത നിയമങ്ങള്‍ പാലിച്ച് റജിസ്റ്റര്‍ ചെയ്യപ്പെട്ടതാവണമെന്നുമുണ്ട്. പാക് നിര്‍മിത സൗന്ദര്യവര്‍ധക ക്രീമുകളായ ഗോറി ബ്യൂട്ടി ക്രീം, ചാന്ദ്നി വൈറ്റ്നിങ് ക്രീം എന്നിവ ആളുകള്‍ വാങ്ങി ഉപയോഗിക്കരുതെന്ന് അറിയിക്കുന്നു. 

ഈ ക്രീമുകളോ ഇതിനോട് സാമ്യമുള്ള ക്രീമുകളോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. നിയമാനുസൃതവും സുരക്ഷിതമെന്ന് കണ്ടെത്തിയതുമായ ക്രീമുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നിര്‍മാതാവിന്‍റെ ലൈസന്‍സ് നമ്പരും വിവരങ്ങളും ബാച്ച് നമ്പരും നിര്‍മിച്ച തീയതിയും കാലാവധിയും റജിസ്ട്രേഷന്‍ നമ്പറും പരിശോധിച്ച ശേഷം മാത്രമേ ക്രീമുകള്‍ വാങ്ങാവൂ'വെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

India's Central Drugs Standard Control Organisation has issued a critical health advisory banning the purchase and use of Pakistan-manufactured skin whitening creams, specifically highlighting Chandni Whitening Cream and Gori Beauty Cream. The regulatory intervention follows comprehensive testing that detected hazardous chemicals capable of causing severe health ailments, including cancer. Although several packages carry deceptive "Made in India" labels, official investigations verified their illegal import status and non-compliance with the Drugs and Cosmetics Act of 1940 and Cosmetic Rules 2020. CDSCO emphasized that all legitimate cosmetics must possess valid state manufacturing licenses, central registration numbers, batch details, and mandatory expiry dates. Authorities strongly advise the public against using unapproved cosmetic products and urge strict adherence to verified safety standards.