fans-heckle-mohsin-naqvi-trophy-chor-womens-asia-cup-final
  • പോസ്റ്റ് മാച്ച് സെറിമണിക്ക് നഖ്​വി എത്തിയതോടെ ജേതാക്കളായ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാതെ മടങ്ങി. ഇതിന് പിന്നാലെയാണ് ഗാലറിയില്‍ നിന്ന് നഖ്​വിയെ നോക്കി 'ട്രോഫി ചോര്‍' വിളികള്‍ മുഴങ്ങിയത്

പിസിബി ചെയര്‍മാനും എസിസി പ്രസിഡന്‍റുമായ മുഹ്സിന്‍ നഖ്​വിയെ കണക്കിന് പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. വനിത ഏഷ്യാക്കപ്പ് ഫൈനലിനിടെയാണ് നഖ്​വിയെ സ്റ്റേഡിയത്തില്‍ കണ്ടതും ദുബായിലെ ഇന്ത്യന്‍ ആരാധകര്‍ കൂക്കിവിളിച്ചത്. പോസ്റ്റ് മാച്ച് സെറിമണിക്ക് നഖ്​വി എത്തിയതോടെ ജേതാക്കളായ ഇന്ത്യന്‍ ടീം ട്രോഫി വാങ്ങാതെ മടങ്ങി. ഇതിന് പിന്നാലെയാണ് ഗാലറിയില്‍ നിന്ന് നഖ്​വിയെ നോക്കി 'ട്രോഫി ചോര്‍' വിളികള്‍ മുഴങ്ങിയത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. Also Read: 'നഖ്​വി ഒരക്ഷരം മിണ്ടിയില്ല, എല്ലാം വ്യക്തമായിരുന്നു'; ഏഷ്യാക്കപ്പ് വാങ്ങാതിരുന്നതില്‍ വെളിപ്പെടുത്തി ബിസിസിഐ

ഫൈനലില്‍ 72 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. റണ്ണര്‍ അപ്പ് മെഡലുകളും ചെക്കും ലങ്കന്‍ ക്യാപ്റ്റന്‍ ചമരി അത്തപ്പത്തു നഖ്​വിയില്‍ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീം വരുമെന്ന് പ്രതീക്ഷിച്ച് നഖ്​വി കാത്ത് നില്‍ക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. സമയം കഴിഞ്ഞിട്ടും ഹര്‍മന്‍പ്രീത് കൗറും സംഘവും എത്തിയില്ല. ഒടുവില്‍ കോച്ച് അമോല്‍ മജുംദാറാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്. 2025 ല്‍ പുരുഷന്‍മാരുടെ ഏഷ്യാക്കപ്പ് ഫൈനലില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമും നഖ്​വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ തയാറായിരുന്നില്ല. സമ്മാനദാനത്തിലെ ആശയക്കുഴപ്പത്തെ തുടര്‍ന്ന് ചടങ്ങും ഒരു മണിക്കൂറോളം വൈകിയിരുന്നു. 

അതേസമയം, ട്രോഫി വാങ്ങാന്‍ വിസമ്മതിച്ച ഇന്ത്യന്‍ ടീമിനെ പാക് ആരാധകരും പിന്തുണച്ചു. 'പാക്കിസ്ഥാനിയെന്ന നിലയില്‍ പറയട്ടെ? ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. സമ്മാനങ്ങളോ, ട്രോഫിയോ ഒന്നും ആര്‍ക്കും കൊടുക്കാനുള്ള യോഗ്യത നഖ്​വിക്കില്ല'. 'എന്നെങ്കിലും ജയിച്ചാല്‍ പാക് ടീം പോലും ഇയാളില്‍ നിന്ന് ട്രോഫി വാങ്ങരുതെന്നാണ് എന്‍റെ നിലപാട്. ഇയാളൊരു മനുഷ്യനാണോ?' എന്നും പാക് ആരാധകര്‍ വിഡിയോയില്‍ കുറിച്ചു. നഖ്​വി പിസിബി ചെയര്‍മാനായത് മുതല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്‍റെ ദുരന്തകാലം തുടങ്ങിയെന്നു രാഷ്ട്രീയം കലര്‍ത്തിയും കോച്ചുമാരെ തോന്നുംപോലെ മാറ്റിയും കളിക്കിടയില്‍ ടീം തന്നെ പൊളിച്ചും നശിപ്പിച്ചെന്നും സമൂഹമാധ്യമങ്ങളില്‍ പാക് ആരാധകര്‍ എഴുതുന്നു. നഖ്​വി ഈ അപമാനം അര്‍ഹിച്ചിരുന്നതാണെന്ന് മറ്റൊരാളും കുറിച്ചു. 

അതേസമയം, ഇന്ത്യയുടെ നടപടിക്കെതിരെ പാക് ക്രിക്കറ്റ് കമന്‍റേറ്റര്‍മാര്‍ രംഗത്തെത്തി. നഖ്​വി പിസിബി ചെയര്‍മാനായിട്ടല്ല സമ്മാനദാനത്തിനെത്തിയത്, എസിസി പ്രസിഡന്റായാണ് ഇന്ത്യ വെറുതേ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നായിരുന്നു സ്പോര്‍ട്സ് ജേണലിസ്റ്റ് ഫൈസന്‍ ലഖാനിയുടെ ട്വീറ്റ്. ക്രിക്കറ്റിലേക്ക് രാഷ്ട്രീയം വലിച്ചിഴച്ച ശേഷം മറ്റുള്ളവരോട് കളിയുടെ പവിത്രതയെ കുറിച്ച് ക്ലാസെടുക്കാന്‍ നടക്കരുതെന്നും ലഖാനി വിമര്‍ശിച്ചു. ഇന്ത്യന്‍ ടീം കളിയുടെ അന്തസത്തയെ ചോദ്യം ചെയ്യുകയാണെന്നും കളിയില്‍ തോല്‍ക്കുന്നത് മനസിലാക്കാം, ഈ ശത്രുതയുമായി അധികകാലം മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു മുന്‍ പാക് വിക്കറ്റ് കീപ്പറായ റാഷിദ് ലത്തീഫിന്‍റെ പ്രതികരണം. 

നഖ്​വിയില്‍ നിന്നല്ലാതെ എസിസി വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ സറൂനിയില്‍ നിന്നും ട്രോഫി വാങ്ങാമെന്ന് ഇന്ത്യ അറിയിച്ചുവെങ്കിലും നഖ്​വി വഴങ്ങിയില്ല. നേരെ പോഡിയത്തിലെത്തി റണ്ണേഴ്സ് അപ് ചെക്കും മെഡലും നല്‍കി. ഈ സമയത്ത് ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയയും വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും ഗ്രൗണ്ടിലുണ്ടായിരുന്നുവെങ്കിലും നഖ്​വിക്കൊപ്പം വേദി പങ്കിട്ടില്ല. 

ENGLISH SUMMARY:

Indian cricket fans in Dubai targeted ACC President and PCB Chairman Mohsin Naqvi with "Trophy Chor" chants during the Women's Asia Cup final ceremony. The crowd reaction followed the Indian team's decision to boycott receiving the championship trophy directly from Naqvi after defeating Sri Lanka by 72 runs. Surprisingly, several Pakistani cricket fans on social media supported India's boycott, criticizing Naqvi's administrative decisions and political influence over Pakistani cricket. Conversely, Pakistani cricket experts and former players like Rashid Latif condemned India's action, accusing the team of dragging politics into the sport. Attempts were made to have ACC Vice President Khalid Al Zarooni present the trophy instead, but Naqvi declined the proposal. Consequently, the Indian squad celebrated their Asia Cup triumph on the field without receiving the physical trophy.