Image Credit: instagram.com/rahulgandhi

തന്റെ ഫിറ്റ്നസ് രഹസ്യവും ദിനചര്യകളും സോഷ്യൽ മീഡിയയില്‍ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റാഗ്രാമിലെ 'ആസ്ക് മി എനിതിങ്' (Ask Me Anything) ലൂടെയാണ് 56-കാരനായ രാഹുൽ തന്റെ ആരോഗ്യസംരക്ഷണത്തെ തുറന്നുപറഞ്ഞത്. മാർഷൽ ആർട്സ്, നീന്തൽ, ഓട്ടം എന്നിവയ്ക്കൊപ്പം അടുത്തിടെ യോഗയും തന്റെ ദിനചര്യയുടെ ഭാഗമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഫിറ്റ്നസ് എന്നത് ഏതെങ്കിലും ഒരു വ്യായാമമുറ മാത്രം പിന്തുടരുന്നതല്ലെന്നും സ്ഥിരതയും ഭക്ഷണവും ജീവിതശൈലിയും ഒരുപോലെ ശ്രദ്ധിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

‘ആയോധന കലകളില്‍ താല്‍പര്യമുള്ളതുകൊണ്ട് അത് ചെയ്യാറുണ്ട്. നീന്തലും ഓട്ടവും ഉണ്ട്. അടുത്തിടെ യോഗയും തുടങ്ങിയിട്ടുണ്ട്’ രാഹുൽ പറയുന്നു. ശരീരത്തിന്റെ ശക്തി, എയ​്റോബിക് ശേഷി, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ദിവസവും ഏകദേശം ഒരു മണിക്കൂർ മാറ്റിവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒഴിവുസമയം ലഭിക്കുമ്പോൾ മാത്രം വ്യായാമം ചെയ്യുന്നതല്ല തന്റെ രീതി. തിരക്കേറിയ ദിവസമായാലും ഫിറ്റ്നസിനായി സമയം കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവശ്യമെങ്കിൽ രാത്രി 11 മണിക്ക് പോലും വ്യായാമം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, ഫിറ്റ്നസ് നിലനിർത്തുക എന്നത് ഏതെങ്കിലും പ്രത്യേക വ്യായാമരീതി പരിശീലിക്കുന്നത് മാത്രമല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം. സ്ഥിരത നിലനിര്‍ത്തുന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു. അതേസമയം, വ്യായാമം മാത്രം ചെയ്താൽ ആരോഗ്യകരമായ ജീവിതശൈലി കൈവരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ശരീരത്തിന് വ്യായാമം പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണമെന്നും രാഹുൽ ഓർമ്മിപ്പിച്ചു.

‘‌ജീവിതത്തിൽ ഒരു ബാലൻസ് വേണം’ എന്നാണ് രാഹുലിന്‍റെ സന്ദേശം. അനാരോഗ്യകരമായ ഭക്ഷണം, മദ്യപാനം എന്നിവയുണ്ടെങ്കില്‍ വ്യായാമത്തിന്‍റെ ഗുണം ലഭിക്കില്ല. വ്യായാമത്തിനൊപ്പം ഭക്ഷണശീലങ്ങളും മറ്റ് ജീവിതശൈലികളും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണെന്നും അത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട് രാഹുല്‍. നേരത്തേ തനിക്ക് ഇഷ്ടപ്പെട്ട ബിജെപി നേതാവ് ആരാണെന്ന ചോദ്യത്തിനും 'ആസ്ക് മി എനിതിങ്'ല്‍ രാഹുല്‍ മറുപടി പറഞ്ഞിരുന്നു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്‍റെ പേരാണ് രാഹുല്‍ മറുപടിയായി പറഞ്ഞത്. 'അത് തീര്‍ച്ചയായും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ്. എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമുണ്ട്.. അദ്ദേഹം കൂളാണ്.. സൈനിക ചരിത്രത്തില്‍ വിദഗ്ധനാണ്' എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ENGLISH SUMMARY:

Congress leader Rahul Gandhi recently shared his fitness secrets and daily routine during an Instagram 'Ask Me Anything' session. He revealed that his regimen includes martial arts, swimming, running, and newly added yoga, dedicating about an hour daily to physical health regardless of his busy schedule. Emphasizing consistency, a balanced diet, and healthy lifestyle choices, Gandhi stressed the importance of avoiding junk food and completely abstaining from alcohol. During the interactive session, he also shared personal insights, including naming former Punjab Chief Minister Captain Amarinder Singh as his favorite BJP leader.