ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പവഴിയിലൂടെ നേടിയെടുക്കാവുന്ന കാര്യമല്ല. ഡയറ്റും ഫിറ്റ്നസ് പ്ലാനുമൊക്കെ എപ്പോഴും കഠിനമേറിയത് തന്നെയാണ്. ഇതിനായി പൊതുവായിട്ട് ഒരു ഗൈഡ്‌ലൈൻസും ഇല്ലാത്തതിനാൽ തന്നെ പലരും പല വഴികളിലൂടെയാണ് ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി കുറച്ച് ടിപ്പുകൾ നൽകുന്ന മഹാരാഷ്ട്രയിലെ ഒരു ഡോക്ടറുടെ കുറിപ്പ് സൈബറിടത്ത് വൈറലായിട്ടുണ്ട്.

സയാജിറാവു ഗെയ്ക്‌വാദ് എന്ന ഡോക്ടറുടേതാണ് കുറിപ്പ്. തന്‍റെ രോഗികളിൽ ഒരാൾ വെറും 90 ദിവസത്തിനുള്ളിൽ 12 കിലോ ഭാരം കുറച്ചത് എങ്ങനെയാണെന്നുള്ളതാണ് കുറിപ്പിലുള്ളത്. മഹാരാഷ്ട്രയിലെ പാൽഘറിൽ നിന്നുള്ള കൃഷ്ണ ഇംഗ്ലേയുടെ ഡയറ്റ് യാത്രയാണ് ഡോക്ടർ പങ്കുവെച്ചത്. 'നമ്മൾ ജീവിക്കുന്നത് 2026 ലാണ്, തുക്കം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു മാന്ത്രിക ഗുളികയോ മരുന്നോ ഇല്ല. നിങ്ങൾക്ക് ഏറ്റവും നല്ലത് ഭക്ഷണക്രമവും വ്യായാമ പദ്ധതികളും സംയോജിപ്പിക്കുക എന്നതാണ്. 90 ദിവസം കൊണ്ട് ഒരാൾ 12 കിലോ കുറച്ചതെങ്ങനെ?' എന്ന ചോദ്യത്തോടെയാണ് കുറിപ്പ്. 

ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങളുമായി താൻ മല്ലിടുകയാണെന്നും യൂട്യൂബിൽ ഒട്ടേറെ വിഡിയോകൾ കാണുകയും ഇന്‍റര്‍നെറ്റില്‍  നിന്ന് വിവരങ്ങൾ ശേഖരിക്കുകയും കൃത്രിമബുദ്ധിയുടെ സഹായം തേടുകയും ചെയ്തുവെന്നും കൃഷ്ണ ഇംഗ്ലേ പറയുന്നുണ്ട്. ഒന്നും ഫലിക്കാതെ വന്നപ്പോഴാണ് ഡോ. സയാജിറാവു ഗെയ്ക്‌വാദുമായി ബന്ധപ്പെട്ടത്. നല്ല കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു ഭക്ഷണക്രമം ആണ് പിന്തുടർന്നത്.

അതേസമയം കാർബോഹൈഡ്രേറ്റ് കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചു. എല്ലാ ദിവസവും കുറഞ്ഞത് 90-120 ഗ്രാം പ്രോട്ടീൻ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി. ആഴ്ചയിൽ ഒരിക്കൽ 10-12 ഗ്രാം പഞ്ചസാര തൈരിൽ കലർത്തുന്നത് ഒഴികെ, മധുരപലഹാരങ്ങൾ അദ്ദേഹം ഉപേക്ഷിച്ചു. കൃഷ്ണ ഇംഗ്ലേ ഒരു ദിവസം രണ്ടുനേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ, ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടന്നു. ഉറങ്ങാൻ പോകുന്നതിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുമാത്രമല്ല, ആഴ്ചയിൽ നാല് ദിവസമെങ്കിലും ബീച്ചിൽ 4-5 കിലോമീറ്റർ നടക്കുമായിരുന്നു. 

"എനിക്ക് കടുത്ത അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടന്നതിനു ശേഷവും എനിക്ക് ക്ഷീണം തോന്നുമായിരുന്നു. പക്ഷേ എന്‍റെ ഭാരം 78-80 കിലോ ആയി കുറഞ്ഞപ്പോൾ എല്ലാ പ്രശ്നങ്ങളും നിലച്ചു,"കുറിപ്പിൽ പറയുന്നു. അയാളുടെ ഭക്ഷണത്തിൽ മത്സ്യം, മുട്ട, ചിക്കൻ, തൈര്, പയർവർഗ്ഗങ്ങൾ, സോയ കഷണങ്ങൾ, ആവിയിൽ വേവിച്ച പച്ചക്കറികൾ, പഴങ്ങൾ, സാലഡുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. 

99 കിലോ ഭാരമുള്ള തന്‍റെ സുഹൃത്ത് തന്‍റെ ഭക്ഷണക്രമവും ഫിറ്റ്നസ് പ്ലാനും പിന്തുടർന്ന് വെറും 20-25 ദിവസത്തിനുള്ളിൽ 4-5 കിലോ കുറച്ചതായും കുറിപ്പിൽ പറയുന്നു. ശരീരം പോഷിപ്പിക്കപ്പെടുകയും ദിനചര്യ സ്ഥിരത കൈവരിക്കുകയും ചെയ്യുമ്പോൾ, ശരീരഭാരം കുറയുന്നത് പലപ്പോഴും സ്വാഭാവികമായി സംഭവിക്കും എന്നും ഡോക്ടർ തന്‍റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.