TOPICS COVERED

ഇന്നത്തെ കാലത്ത് ശരീരത്തിലെ അനാവശ്യ കൊഴുപ്പും  കുടവയറുമൊക്കെ കുട്ടികളില്‍ പോലും ഉള്ള പ്രശ്നമാണ്. മാറിയ ഭക്ഷണശീലങ്ങള്‍ മുതല്‍ ജീവിതശൈലികളും മാനസിക സമ്മര്‍ദ്ദങ്ങളുമൊക്കെ കുടവയറിന് കാരണമാകാം. എന്നാല്‍ ലളിതമായ ചില മാര്‍ഗങ്ങളിലൂടെ കുടവയര്‍ കുറയ്ക്കാനും സാധിക്കും. 

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ വലിയൊരു കാരണമാണ്. അത്താഴം കഴിക്കുന്നത് നേരത്തെയാക്കുന്നത് ഇതിനൊരു പരിഹാരമാണ്. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുന്നത് ശീലമാക്കുക. പച്ചക്കറികളോ സാലഡുകളോ പ്രോട്ടീനുകളോ അടങ്ങിയ ലഘുഅത്താഴം വയറില്‍ അനാവശ്യ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും. 

ഉറങ്ങുന്നതിന് മുന്‍പ് ഇളം ചൂടു വെള്ളത്തിൽ നാരങ്ങാ ചേർത്ത് കുടിക്കുന്നതും വയറ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല ശീലമാണ്. നാരങ്ങയുടെ അമ്ലഗുണം കരളിലെ വിഷാംശങ്ങളെ നീക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. വൈറ്റമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കും.  രാത്രി തേങ്ങാവെള്ളം കുടിക്കുന്നതും ദഹനപ്രക്രിയ ലളിതമാക്കുന്നു. കാലറി കുറഞ്ഞ തേങ്ങാവെള്ളത്തില്‍ അടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിൽ ജലാംശം നിലനിർത്താനും നല്ലതാണ്.

പ്രഭാതത്തിലെ ചില ഭക്ഷണശീലങ്ങള്‍ കൊണ്ടും കുടവയറിനെ മാറ്റിനിര്‍ത്താം. രാവിലെ ചൂടുവെള്ളത്തിൽ ചിയ വിത്തുകളോ ഫ്ളാക്സ് സീഡുകളോ ചേർത്ത് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തും. ഇത് അമിത വിശപ്പ് കുറയ്ക്കുകയും കൊഴുപ്പ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്നു. രാവിലെ ജീരക വെള്ളം കുടിക്കുന്നതും കറികളിൽ മഞ്ഞൾ ചേർക്കുന്നതും ചായയിൽ ഒരു നുള്ള് കറുവപ്പട്ട ഇടുന്നതും ശരീരത്തിന് നല്ലതാണ്. ഇവ ശരീരത്തിലെ ചൂട് കൂട്ടാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതുവഴി വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

മുട്ട, മുളപ്പിച്ച പയറുവർഗ്ഗങ്ങൾ, ചിക്കൻ, പരിപ്പ്, പനീർ എന്നിങ്ങനെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുന്നതും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിശപ്പ് ഹോർമോൺ ആയ ഗ്രെലിന്‍റെ അളവ് ഇതിലൂടെ കുറയ്ക്കാം. അതുവഴി കൊഴുപ്പ് കുറയ്ക്കുകയും പേശികൾ സംരക്ഷിക്കുകയും ചെയ്യുന്നു. വാഴപ്പഴവും ഒരു സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് ബദാം മിൽക്ക് കഴിക്കുന്നതും കുടവയര്‍ കുറയ്ക്കും.

ശരിയായ ഉറക്കമില്ലായ്മ വയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകുന്നതിലുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഉറക്കമില്ലായ്മ ശരീരത്തിലെ സ്ട്രസ് ഹോര്‍മണ്‍ കൂട്ടും. നന്നായി ഉറങ്ങിയാല്‍ ഈ ഹോര്‍മോണുകളും ഇന്‍സുലിനും നിയന്ത്രിക്കപ്പെടുകയും കൊഴുപപ് സംഭരിക്കുന്നതില്‍ നിന്ന് ശരീരത്തെ വിലക്കുകയും ചെയ്യും. സമ്മര്‍ദ്ദങ്ങളും അമിതഭക്ഷണശീലത്തിനും അതുവഴി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമായേക്കും. മനസ്സിന്‍റെ ഭാരം കുറച്ച് മനസ്സറിഞ്ഞ് ഉറങ്ങിയുണര്‍ന്ന് ചിട്ടയായി ദിവസം തുടങ്ങുകയാണെങ്കില്‍ വയറിന്‍റെ ഭാരവും താനെ കുറയുമെന്ന് സാരം.

ENGLISH SUMMARY:

Belly fat reduction can be achieved through simple lifestyle changes. These changes include improving sleep habits, managing stress, and following a healthy diet