ചിലരെ കാണുമ്പോള്‍ തന്നെ മുഖത്തല്ല നോട്ടം വയറിലാകും . കുടവയര്‍ കണ്ട് നോക്കുന്നവരോട് പരിശ്രമിച്ചുണ്ടാക്കിതാണെന്ന് ചിലര്‍ കളിപറഞ്ഞേക്കാം. എങ്കിലും വയറു ചാടുന്നതിലെ വിഷമം അവര്‍ക്കുമുണ്ട്. ഇത് സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. ചാടുന്ന വയര്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതല്ല.
വയര്‍ ചാടുന്നത് രണ്ട് തരത്തിലാണ്. ഒന്ന് ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം വരുന്നതാണ്. രണ്ടാമത്തെത് നമ്മള്‍ സ്വയം വരുത്തിവയ്ക്കുന്നതും. വയര്‍ ചാടാനുള്ള പ്രധാന കാരണങ്ങളില്‍ മദ്യം പോലെ ചില പാനീയങ്ങളും പെടുന്നു. മദ്യം ശരീരത്തിന് ഗുണകരമല്ലാത്ത എംപ്റ്റി കലോറിയാണ്. ഇത് കൊഴുപ്പായി മാറുന്നു. ബിയറും ഇത്തരത്തില്‍ പെടുന്ന ഒന്നാണ്. അതുപോലെതന്നെ കാര്‍ബൊണേററഡ് പാനീയങ്ങള്‍ തടി കൂടാനും വയര്‍ ചാടാനും കാരണമാകും. ബിയര്‍ ബെല്ലി എന്നറിയപ്പെടുന്ന ഈ അവസ്ഥ വെറുമൊരു സൗന്ദര്യ സംബന്ധമായ പ്രശ്‌നമല്ല.
അമിതമായ മദ്യപാനം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് വിസറല്‍ ഫാറ്റ് എന്നാണ് പറയപ്പെടുന്നത്. ആന്തരികാവയവങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ശരീരത്തിന്‍റെ മെറ്റബോളിസം, പേശികളുടെ ആരോഗ്യം, ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ എന്നിവയെ ഇത് തടസ്സപ്പെടുത്തുന്നു. അതുപോലെ മദ്യം കൊഴുപ്പിനെ എരിക്കുന്നത് സാവധാനത്തിലാക്കും. അത് പ്രധാന ഹോര്‍മോണുകളുടെ ഉല്‍പദനത്തെയും തടയും.
എന്തുകൊണ്ടാണ് മദ്യപിക്കുമ്പോള്‍ വയറ് ഇങ്ങനെ ചാടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആല്‍ക്കഹോള്‍ ഒരു ഗ്രാമില്‍ ഏഴ് കലോറി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. മദ്യം ശരീരത്തില്‍ എത്തുമ്പോള്‍ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കത്തിക്കുന്നതിനേക്കാളുപരി ശരീരം മുന്‍ഗണന നല്‍കുന്നത് മദ്യം വിഘടിപ്പിക്കാനാണ്. ഇപ്രകാരം വിഘടിപ്പിക്കപ്പടുന്ന മദ്യം കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് മദ്യപിക്കുന്നവരില്‍ കാലക്രമേണ വിസറല്‍ ഫാറ്റ് അടിഞ്ഞുകൂടാനിടയാക്കും. മദ്യപിക്കുന്നവരുടെ വയറ് ചാടുന്നതിന് കാരണം ഇതാണ്. ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് അവയങ്ങള്‍ക്ക് ചുറ്റും അടിഞ്ഞുകൂടുകയും ദീര്‍ഘകാല ആരോഗ്യഅപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. മിതമായ അളവില്‍ മദ്യപിക്കുന്നവരിലും ചിലപ്പോള്‍ അരക്കെട്ടിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ വയര്‍ ചാടാതിരിയ്ക്കാന്‍, ചാടിയ വയര്‍ കുറയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിയ്ക്കുക തന്നെ വേണം.