രാജ്യാന്തര ബോഡിബില്‍ഡിങ് രംഗത്ത് വിജയക്കൊടി പാറിച്ച് ഇന്ത്യയുടെയും മലയാളികളുടെയും അഭിമാനമായി കോട്ടയം നാഗമ്പടം സ്വദേശി സിദ്ധാര്‍ഥ് ബാലകൃഷ്ണന്‍. National physique Committee സംഘടിപ്പിച്ച മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയിരിക്കുകയാണ് ഈ അമേരിക്കന്‍ മലയാളി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എന്‍.പി.സി മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടുന്നത്. യു.എസ് ആര്‍മിയിലെ അംഗം കൂടിയായിരുന്നു സിദ്ധാര്‍ഥ്.
സിദ്ധാര്‍ഥ് ബാലകൃഷ്ണന്‍
കോട്ടയം നാഗമ്പടം സ്വദേശിയായ സിദ്ധാര്‍ഥ് മാതാപിതാക്കള്‍ക്കൊപ്പം കുട്ടിക്കാലത്ത് തന്നെ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയതാണ്. പഠനത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തില്‍ ചേര്‍ന്നതോടെ ബോഡി ബില്‍ഡിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവിലാണ് സിദ്ധാര്‍ഥ് എന്‍.പി.സി മിസ്റ്റര്‍ യൂണിവേഴ്സ് എന്ന സ്വപനം നേടിയത്. ലോകത്തിന്‍റെ പലഭാഗങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് സിദ്ധാര്‍ഥ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഠിനമായ പരിശീലനത്തിനൊപ്പം കൃത്യമായ ആഹാരക്രമവും മനകരുത്തും ചേര്‍ന്നത് സിദ്ധാര്‍ഥിന് സ്വപ്നത്തിലേക്ക് എത്താന്‍ കൂടുതല്‍ സഹായകരമായി. മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടിയതോടെ പ്രമുഖ മോഡലിങ് കമ്പനികളില്‍ നിന്ന് നിരവധി അവസരങ്ങളാണ് സിദ്ധാര്‍ഥിനെ തേടിയെത്തുന്നത്. യു.എസിലെ അറിയപ്പെടുന്ന ബോഡിബില്‍ഡിങ് പരിശീലകന്‍ കൂടിയാണ് സിദ്ധാര്‍ഥ്. IFFB പ്രഫഷനല്‍ ബോഡി ബില്‍ഡിങ്ങില്‍ രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനമാണ് സിദ്ധാര്‍ഥിന്‍റെ അടുത്ത ലക്ഷ്യം.
കുടുംബത്തിന്‍റെ പിന്തുണ
കോട്ടയം നാഗമ്പടം സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാലുമേനോന്‍റെയും അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്കറായ ഉമ മേനോന്‍റെയും മകനാണ് സിദ്ധാര്‍ഥ്. അമേരിക്കന്‍ പൗരയായ കൊറി ആണ് സിദ്ധാര്‍ഥിന്‍റെ ജീവിത പങ്കാളി. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുമുണ്ട്. ഇവരടങ്ങുന്നതാണ് സിദ്ധാര്‍ഥിന്‍റെ കൊച്ചു കുടുംബം. സിദ്ധാര്‍ഥന്‍റെ നേട്ടത്തിന് പിന്നില്‍ കുടുംബത്തിന്‍റെ വലിയ പിന്തുണയുണ്ട്. നീണ്ട കാലത്തെ പ്രയ്തനങ്ങള്‍ക്കും പരിശീലനത്തിനുമിടയില്‍ കുടുംബത്തിന്‍റെ പിന്തുണ സിദ്ധാര്‍ഥിന് ഒഴിച്ചുകൂടാനാകാത്തതായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സൂര്യ മേനോനാണ് സഹോദരി.
എന്‍.പി.സി. മല്‍സരം
NPC( National Physique Committee) അമേരിക്കയിലെ ഏറ്റവും വലിയ അമേച്വര്‍ ബോഡി ബില്‍ഡിങ് സംഘടനയാണ്. സിദ്ധാര്‍ഥ് വിജയിച്ച മിസ്റ്റര്‍ യൂണിവേഴ്സ് മല്‍സരം സംഘടന നടത്തുന്ന മല്‍സരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മല്‍സരമാണ്. വിജയികള്‍ക്ക് ഇന്‍റര്‍നാഷണല്‍ ഫിറ്റ്നസ് ആന്‍ഡ് ബോഡി ഫെഡറേഷന്‍ (IFBF) പ്രൊ കാര്‍ഡ് ലഭിക്കുമെന്നതാണ് മല്‍സരത്തിന്‍റെ ഇത്രയും അധികം ശ്രദ്ധ ലഭിക്കാന്‍ കാരണം.