Ai Generated Image
പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്കിടയിലാണ് ഇന്ന് ഹൃദയാഘാതം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യായാമത്തിനിടയിലും നടന്നുപോകുംവഴി കുഴഞ്ഞുവീണും നിരവധി പേരാണ് മരണപ്പെടുന്നത്. അവയില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുളളവരാണ്. മാറുന്ന ജീവിതശൈലിയും തെറ്റായ ഭക്ഷണരീതിയുമെല്ലാം ഇതിന് പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഹൃദയാഘാതത്തിന് മുന്‍പേ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ അവഗണിക്കുന്നത് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളിലേക്ക് എത്തിക്കാറുണ്ട്. പ്രത്യേകിച്ചും വ്യായാമത്തിനിടയിലും മറ്റുമുണ്ടാകുന്ന അസ്വസ്ഥതകള്‍. ജിമ്മിലും മറ്റും കഠിനമായ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ വിയര്‍പ്പും കിതപ്പും അനുഭവപ്പെടുന്നത് ആരും ഗൗരവമായി എടുക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ ഈ കിതപ്പും വിയര്‍പ്പും ഹൃദയാഘാത സൂചനയായിരിക്കാം. ഓക്കാനം, ഛർദ്ദി, തലകറക്കം, ശ്വാസതടസം, അല്ലെങ്കിൽ അമിതമായ വിയർപ്പ് എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടാറുണ്ട്.
വ്യായാമം ഹൃദയാരോഗ്യത്തിന് ഉത്തമമാണെങ്കിലും നമ്മുടെ ആരോഗ്യാവസ്ഥ നോക്കി മാത്രമേ വ്യായാമം ചെയ്യാവൂ. കാർഡിയോമയോപ്പതി, ഹൃദയധമനീരോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം, രക്താതിമർദ്ദം, പുകവലി, തുടങ്ങിയ ഹൃദയാഘാത അപായഘടകങ്ങൾ ഉള്ളവർക്ക് തീര്‍ച്ചയായും വ്യായാമത്തിൽ നിയന്ത്രണം വേണം. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉളളവര്‍ പെട്ടെന്ന് ബുദ്ധിമുട്ടേറിയ വ്യായാമമുറകളില്‍ ഏര്‍പ്പെടരുത്. ലഘുവായ വ്യായാമമുറകളില്‍ തുടങ്ങി പതുക്കെ പതുക്കെ മാത്രമേ കഠിനമായ വെയിറ്റ് ലിഫ്റ്റിങ് പോലുളളവയിലേക്ക് കടക്കാവൂ.
നന്നായി വാം അപ്പ് ചെയ്ത ശേഷമേ കാര്യമായ വ്യായാമത്തിലേക്ക് കടക്കാവൂ. അതേപോലെ വ്യായാമത്തിന് ശേഷം മറ്റ് ജോലികളിലേക്ക് പായും മുന്‍പ് ശരീരത്തിന് അല്‍പം വിശ്രമം നല്‍കാം. നിര്‍ജലീകരണം അപകടമുണ്ടാക്കും അതിനാല്‍ ആവശ്യത്തിന് വെളളം കുടിക്കുക. വ്യായാമത്തിനിടിയില്‍ എന്തുതരം അസ്വസ്ഥതകള്‍ ശരീരം കാണിച്ചാലും അത് അവഗണിച്ച് വര്‍ക്ക് ഔട്ട് തുടരരുത്. അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടന്‍ വൈദ്യസഹായം തേടുക.