ആരോഗ്യസംരക്ഷണത്തിന് വ്യായാമവും പോഷകാഹാരവും പോലെതന്നെ പ്രാധാന്യമാണ് മതിയായ ഉറക്കം. പലപ്പോഴും നാം ഉറക്കത്തിന് അർഹമായ പ്രാധാന്യം നൽകാറില്ല. രാത്രി ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നത് പേശികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നും, ഇത് പേശികള്‍ക്ക് 60 ശതമാനം വരെ ബലക്കുറവുണ്ടാക്കാന്‍ ഇടയാക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
Annals of internal medicine എന്ന വൈദ്യശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ചിക്കാഗോ സര്‍വകലാശായിലെ ഗവേഷകരുടെ ഈ പഠനം പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചര്‍ച്ചയാകുന്നത് ഗാഡ്ജറ്റുകളുടെ അതിപ്രസരം ജീവിതശൈലിയിലുണ്ടക്കുന്ന മാറ്റം കൊണ്ടുകൂടിയാണ്.
പേശീ വളർച്ചയും ഉറക്കവും
പേശികളുടെ കേടുപാടുകൾ തീർക്കുന്നതും പുതിയ പേശികൾ വളരുന്നതും ഗാഢനിദ്രയിലാണ്. ഈ സമയത്താണ് ശരീരം ഗ്രോത്ത് ഹോർമോൺ (Growth Hormone) ഉല്‍പാദിപ്പിക്കുന്നതും. ഈ ഹോർമോൺ പ്രോട്ടീൻ സംശ്ലേഷണത്തെ (protein synthesis) ഉത്തേജിപ്പിക്കുകയും പേശികളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഉറക്കം സ്ഥിരമായി കുറയുമ്പോൾ, ഈ പ്രധാനപ്പെട്ട ഹോർമോണുകൾ ഉത്പാദിപ്പിക്കാനുള്ള ശരീരത്തിന്‍റെ കഴിവ് കുറയുന്നു. മതിയായ ഉറക്കമില്ലെങ്കിൽ, പേശികളുടെ വീണ്ടെടുക്കൽ മന്ദഗതിയിലാകുകയും കാലക്രമേണ പേശീവളർച്ച കുറയുകയും ചെയ്യുന്നു.
ഹോർമോൺ അസന്തുലിതാവസ്ഥ
ഉറക്കമില്ലായ്മ കോർട്ടിസോൾ (cortisol) പോലുള്ള മറ്റ് ഹോർമോണുകളുടെ സന്തുലിതാവസ്ഥയെ തകരാറിലാക്കുന്നു. ഉറക്കം കുറയുമ്പോൾ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. ഉയർന്ന കോർട്ടിസോൾ അളവ് പേശീവിഭജനത്തെ (muscle catabolism) പ്രോത്സാഹിപ്പിക്കുന്നു, അതായത് പേശീ കോശങ്ങൾ ഊർജ്ജത്തിനായി വിഘടിക്കുന്നത് കൂടുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിൽ കൂടുതൽ പേശികൾ നഷ്ടപ്പെടാനും പുതിയ പേശികൾ രൂപപ്പെടുന്നത് കുറയാനും ഇടവരുത്തുന്നു.
ഉറക്കമില്ലായ്മ ഊർജോല്‍പാദനം, പ്രചോദനം, ശാരീരികക്ഷമത എന്നിവയെയും പ്രതികൂലമായി ബാധിക്കുന്നു. ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം വ്യായാമത്തിന്‍റെ തീവ്രതയും കുറയ്ക്കുന്നു. സ്ഥിരമായി മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം ഉറങ്ങിയ ശേഷമുള്ള വ്യായാമം ആരോഗ്യത്തെ ദോഷമായി ബാധിക്കും എന്നര്‍ഥം. ഇത് പേശികളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും കൂടുതൽ തടസമാകുന്നു. ഇതിനൊപ്പം മെറ്റബോളിസത്തെ തകരാറിലാക്കുകയും ചെയ്യുന്നു.
പേശീബലം നിലനിർത്താനും, വീണ്ടെടുക്കൽ മെച്ചപ്പെടുത്താനും,ആരോഗ്യസംരക്ഷണ ഉറപ്പാക്കാനും ആഗ്രഹിക്കുന്ന ഏതൊരാളും മതിയായ ഉറക്കത്തിന് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്.