നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് വന്നതിന് പിന്നാലെ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. കഴിഞ്ഞ ഓഗസ്റ്റില്‍ നെടുമങ്ങാട് ആശുപത്രിയില്‍ അഡ്മിറ്റായ ആമിനയും, ബിന്ദുവിന്റെ കൈപ്പിഴയിൽ മലാശയം മുറിഞ്ഞ ഹസ്നയുമാണ് ഡോക്ടര്‍ക്കെതിരെ തുറന്നടിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നെടുമങ്ങാട് ആശുപത്രിയില്‍ അഡ്മിറ്റായ ആമിന ഡോക്ടര്‍ ബിന്ദുവിനെതിരെ പരാതി നല്‍കിയിരുന്നു. പ്രസവ വേദനയുമായി ഓഗസ്റ്റ് 20 ന് ആശുപത്രിയിലെത്തിയ യുവതി പ്രസവ വേദന കൊണ്ട് നിലവിളിച്ചിട്ടും ഡോക്ടര്‍ ബിന്ദു നോക്കിയില്ലെന്നും ഒടുവില്‍ ആളുകള്‍ ബഹളം വച്ചതോടെ മറ്റൊരു ഡോക്ടര്‍ എത്തിയാണ് കുഞ്ഞിനെ എടുത്തതെന്നുമായിരുന്നു ആമിനയുടെ ഭര്‍ത്താവിന്റെ ആരോപണം.
സാധാരണ പ്രസവത്തിനിടെ ഡോക്ടര്‍ ബിന്ദുവിന്റെ കൈപ്പിഴയിൽ മലാശയം മുറിഞ്ഞ ഹസ്ന എന്ന യുവതി ഇതിനകം 5 ശസ്ത്രക്രിയകൾക്കാണ് വിധേയയായത്. വേദന കൊണ്ട് പിടഞ്ഞപ്പോൾ അഹങ്കാരിയെന്നാണ് ഡോക്ടര്‍ ബിന്ദു വിളിച്ചതെന്നും മുറിവിൽ മരുന്നു വയ്ക്കാൻ ഡോക്ടർ തയാറായത് 2000 രൂപ കൊടുത്തതിന് ശേഷം മാത്രമാണെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു. നെടുമങ്ങാട് ആശുപത്രിയിൽ ഡോ. ബിന്ദു സുന്ദർ ഹസ്നയുടെ പ്രസവമെടുത്തത് 2025 ജൂൺ 19 നാണ്. യോനിഭാഗത്ത് മുറിയുണ്ടാക്കിയപ്പോൾ മലാശയം കൂടി മുറിയുകയായിരുന്നു.
അണുബാധയയേറ്റ് പുളഞ്ഞ ഹസ്നയോട് ഡോ. ബിന്ദുവിന്റെ മറുപടിയായിരുന്നു ഏറ്റവും ക്രൂരം. കരഞ്ഞപ്പോൾ അഹങ്കാരിയെന്ന് വിളിച്ച് ആക്ഷേപിച്ചു. ഒടുവിൽ മികച്ച പരിചരണത്തിന് സർക്കാർ ഡോക്ടർ പണമെണ്ണി വാങ്ങുകയായിരുന്നു. നില വഷളായപ്പോൾ മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്ത് കൈകഴുകുകയാണ് ജോക്ടര്‍ ചെയ്തത്.
ഇപ്പോള്‍ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ശിശുവിന്റെ പിതാവ് ബിനിൽ മനോഹർ രംഗത്തെത്തി. ഭാര്യയെ നോക്കാനായി ഡോ. ബിന്ദുവിന് 2 തവണ 5,000 രൂപാവീതം നൽകിയെന്നാണ് ബിനിൽ പറയുന്നത്. ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ടില് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 3 ഡോക്ടര്‍മാരടങ്ങുന്ന സമിതിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.