നിങ്ങള്‍ സാമാന്യം തടിയുള്ള ഒരാളാണോ... തടിയെ പ്രശ്നമായി കാണുന്ന ഒരാളാണോ.. തടി കുറയ്ക്കണം എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളയാളാണോ.. അങ്ങനെയെങ്കില്‍ ഒരു ദിവസം അപ്രതീക്ഷിതമായി തടി കുറയ്ക്കണം എന്ന് ചിന്തിക്കുന്നു വ്യായാമം ചെയ്യുന്നു തളരുന്നു വിയര്‍പ്പ് കണ്ട് പ്രൗഡ് ആകുന്നു. ഇനി കുറേക്കാലത്തേക്ക് ചിക്കനില്ല, മട്ടനില്ല, ബീഫില്ല, പോര്‍ക്കില്ല, എണ്ണക്കടിയില്ല, ചപ്പാത്തിയും സാലഡും മാത്രം എന്ന് കരുതുന്നു. ആവേശത്തോടെ തുടങ്ങി പിന്നീട് വ്യായാമം ഒരു ദിവസം ചെയ്യാന്‍ മടിക്കുന്നു. നാളെ ചെയ്യാമെന്ന് പറഞ്ഞ് പിന്നീടതങ്ങോട്ട് മറക്കുന്നു. ഡയറ്റും അല്‍പായുസ് മാത്രം ഉള്ളതായിരിക്കും. ഒരു ദിവസം ഏതെങ്കിലും ഹോട്ടലിന് മുന്നിലൂടെ നടക്കുമ്പോള്‍ പറന്നുവന്ന് മൂക്കിനെ തഴുകുന്ന അല്‍ഫാമിന്‍റെയോ ഷവായയുടെയോ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ഭക്ഷണത്തിന്‍റെയോ ഗന്ധത്തിന് മുന്നില്‍ നിങ്ങള്‍ നിങ്ങളുടെ ഡയറ്റ് അടിയറവ് വയ്ക്കുന്നു. ഇതൊരു സ്ഥിരം സംഭവമാണ്.
അശാസ്ത്രീയമായ ഡയറ്റിനെക്കുറിച്ചും അതുണ്ടാക്കിയ ഗുരുതര ഭവിഷ്യത്തിനെക്കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ നിങ്ങള്‍ കേട്ടതായിരിക്കും. ഡയറ്റിങ്ങിനോട് ഭയവും തോന്നിയിരിക്കും. എന്നാല്‍ തടി കുറയ്ക്കാനായി ഏറ്റവും മികച്ച രീതി ശാസ്ത്രീയമായ ഡയറ്റിങ് തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കേള്‍ക്കേണ്ടത് ഒരു വര്‍ഷത്തിന് മുകളില്‍ ഡയറ്റിരുന്ന ആന്‍ഗസ് ബാര്‍ബിയറിയുടെ കഥയാണ്.
1900ങ്ങളുടെ തുടക്കത്തില്‍ സ്കോട്ട്ലന്‍റിലേക്ക് കുടിയേറിയ ഇറ്റാലിയന്‍ ദമ്പതികള്‍ക്ക് ജനിച്ച മകനാണ് ആന്‍ഗസ് ബാര്‍ബിയറി. ആന്‍ഗസിന്‍റെ മാതാപിതാക്കള്‍ക്ക് ഒരു ഫിഷ് ആന്‍ഡ് ചിപ്സ് കടയുണ്ടായിരുന്നു. ബ്രിട്ടണില്‍ ഫിഷ് ആന്‍ഡ് ചിപ്സ് ഹിറ്റാകുന്ന സമയമായിരുന്നു അത്. ഇത് കൂടാതെ ഫാസ്റ്റ് ഫുഡ് എന്ന വിപ്ലവാത്മകമായ ഭക്ഷണരീതിയും ഇക്കാലത്താണ് ഉരുത്തിരിയുന്നത്. കടയില്‍ വന്‍തോതില്‍ ഫിഷ്‍ ആന്‍ഡ് ചിപ്സ് ഉണ്ടാക്കി. ആവശ്യത്തിലേറെ... ബാക്കി വന്ന ഫിഷ് ആന്‍ഡ് ചിപ്സ് ആന്‍ഗസ് ആര്‍ത്തിയോടെ കഴിച്ചു. 22 വയസിനുള്ളില്‍ ആന്‍ഗസിന്‍റെ ഭാരം 202 കിലോ ആയിരുന്നു. തുടര്‍ന്ന് അത് 207 കിലോ ആയി കൂടി.
നിത്യജീവിതം ആന്‍ഗസിനും ആന്‍ഗസിന്‍റെ ചുറ്റുമുള്ളവര്‍ക്കും ഒരു കടമ്പയാവാന്‍ തുടങ്ങി. ബസിനകത്ത് കയറാന‍് ശ്രമിച്ച ആന്‍ഗസ് പല തവണ ഡോറില്‍ കുടുങ്ങി. വാതിലുകള്‍ക്കിടയില്‍ അയാള്‍ കുടുങ്ങി. എങ്ങും പോകാനാവില്ല എന്ന അവസ്ഥയായി.
ഒടുവില്‍ തന്‍റെ 27–ആം വയസില്‍ ആന്‍ഗസ് തന്‍റെ തടി കുറയ്ക്കാന്‍ തീരുമാനിച്ചു. നടക്കാനും നേരാംവണ്ണം എണീറ്റുനില്‍ക്കാനും സാധിക്കാതിരുന്ന ആന്‍ഗസിന് ഒരു ഡയറ്റ് പ്ലാന്‍ മാത്രമായിരുന്നു തടി കുറയ്ക്കാന്‍ സാധ്യമായിരുന്നത്. ആന്‍ഗസിന്‍റെ ഡോക്ടര്‍മാര്‍ ചെറിയ ഡയറ്റുകളാണ് പദ്ധതിയിട്ടത് എന്നാല്‍ ആന്‍ഗസ് തന്‍റെ തടി കുറച്ചേ തീരു എന്ന ദൃഢനിശ്ചയത്തിലായിരുന്നു. ആന്‍ഗസ് എല്ലാം കഴിക്കുന്നത് നിര്‍ത്തി. തനിക്ക് കഴിക്കാനുള്ള ത്വര വരാതിരിക്കാന്‍ അച്ഛന്‍റെ ഫിഷ് ആന്‍ ചിപ്സ് കടയിലെ ജോലി നിര്‍ത്തി. ആകെ കഴിച്ചിരുന്നത് വിറ്റാമിന്‍ ടാബ്ലെറ്റുകളും, ഇലക്ട്രോലൈറ്റ്സുള്ള വെള്ളവും, യീസ്റ്റ് അടങ്ങിയ ലായനിയും ചായയും കാപ്പിയുമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ഗസിന് ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതായി. ഡയറ്റ് ദിവസങ്ങള്‍ നീണ്ടു, ദിവസങ്ങള്‍ മാസങ്ങളായി.
തന്‍റെ ആരോഗ്യത്തിക്കുറിച്ച് അറിയാനായി നിരന്തരം ആശുപത്രിയുമായി ബന്ധപ്പെട്ടു. രക്തവും മൂത്രവും മലവും പരിശോധിച്ചു. ഭക്ഷണം കഴിക്കാതിരുന്ന ആന്‍ഗസിന് പക്ഷെ മലവിസര്‍ജനമില്ലായിരുന്നു. ഒരു വിസര്‍ജനത്തിന് ശേഷം 48 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആന്‍ഗസ് വിസര്‍ജിച്ചിരുന്നത്. മാസങ്ങള്‍ വര്‍ഷമായി.. ആന്‍ഗസിന്‍റെ ഭാരം ദിനംപ്രതി കുറഞ്ഞുവന്നു. ഒടുവില്‍ 1966 ജൂലൈ ഒന്നിന് ആന്‍ഗസ് തന്‍റെ ലക്ഷ്യ ഭാരമായിരുന്ന 82ലെത്തി. 392 ദിവസങ്ങളാണ് ആന്‍ഗസ് ഭക്ഷണമില്ലാതെ ജീവിച്ചത്.
ഏറെ നാള്‍ ഭക്ഷണം കഴിക്കാതിരുന്ന ആന്‍ഗസിനെ പഞ്ചസാര ലായനിയും ഉപ്പുലായനിയും കൊടുത്താണ് ഡോകടര്‍മാര്‍ ഭക്ഷണം കഴിക്കാവുന്ന നിലയിലെത്തിച്ചത്. മുട്ടയും ബ്രെഡും കഴിച്ചാണ് ആന്‍ഗസ് തന്‍റെ ഡയറ്റ് അവസാനിപ്പിച്ചത്. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ആന്‍ഗസിന്‍റെ ഡയറ്റിനെക്കുറിച്ചും ഭാരം കുറയ്ക്കലിനെക്കുറിച്ചും കേട്ടറിഞ്ഞു. ആന്‍ഗസിന് അവര്‍ ഏറ്റവും കാലം ഭക്ഷണം കഴിക്കാത്തയാള്‍ എന്ന റെക്കോഡ് നല്‍കി.
ആന്‍ഗസിന്‍റെ കഥ എന്നാല്‍ ഒരിക്കലും ഒരാള്‍ ഇന്‍പിറേഷന്‍ ആക്കരുതെന്ന് ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഓരോരുത്തരുടെ ശരീരപ്രകൃതിയും ആവശ്യവുമനുസരിച്ചായിരിക്കണം ഡയറ്റ്. ഒന്നും കഴിക്കാതിരിക്കുന്നതല്ല ഡയറ്റ്. എത്രത്തോളം എങ്ങനെ കഴിക്കാം എന്ന രീതിയാണത്.
തടി നിങ്ങളെ അലട്ടുന്നെങ്കില്‍ അതിന് ഇന്‍റര്‍നെറ്റ് നോക്കുന്നതിന് പകരം ഡോക്ടര്‍മാരെ കാണു. വ്യക്തമായ ഡയറ്റും വ്യായാമവും ചെയ്യു. നേരിട്ട് ഇറങ്ങുന്നത് വലിയ തെറ്റായിരിക്കും.