‘പ്രണയത്തിന് സ്വാഭാവിക മരണമില്ല. ഒന്നുകില്‍ പ്രണയത്തെ കൊല്ലണം, അവഗണന കൊണ്ടോ അല്ലെങ്കിൽ സ്വാർഥതാൽപര്യത്താലോ.’ - അമേരിക്കൻ എഴുത്തുകാരനായ ഫ്രാങ്ക് സാൽവാറ്റോയുടെ പ്രശസ്തമായ ഒരു ഉദ്ധരണിയാണിത്. വിഷലിപ്തമായ ബന്ധങ്ങളെക്കുറിച്ച് ഒരു പുസ്തകത്തില്‍ സംഗ്രഹിക്കാന്‍ കഴിയുന്നതിനേക്കാള്‍ ആഴത്തില്‍ ഈ ഒറ്റവരി വാചകം പറയുന്നുണ്ട്. ബഹുമാനം, സ്നേഹം, പരിചരണം, മനസ്സിലാക്കൽ എന്നിവ ഏതൊരു ബന്ധത്തിനും  ആവശ്യമാണ്. എന്നാല്‍ ഒരാൾ സ്വന്തം പ്രാധാന്യത്തെക്കുറിച്ച് അമിതമായി ചന്തിക്കുമ്പോള്‍, ‌ അമിതമായ ശ്രദ്ധ വേണമെന്ന് അയാള്‍ക്ക്  തോന്നലുണ്ടാകുമ്പോള്‍, എല്ലാവരും  അഭിനന്ദിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ, അയാള്‍  തിരിച്ചറിയാതെ തന്നെ സ്വന്തം പങ്കാളിയെ തന്നില്‍ നിന്ന് അകറ്റും. ഇത്തരക്കാരെയാണ് നാര്‍സിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. 

മയോ ക്ലിനിക്കിന്‍റെ  റിപ്പോർട്ട് അനുസരിച്ച്, നാർസിസിസ്റ്റിക് വ്യക്തിത്വ വൈകല്യം പലരീതിയില്‍ ജീവിതത്തെ സ്വാധീനിക്കും. അതിൽ സാമ്പത്തികം, ജോലി, വ്യക്തിബന്ധങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. നാര്‍സിസ്റ്റ് വ്യക്തിത്വമുള്ള ആളുകൾ പലപ്പോഴും തങ്ങൾ ആഗ്രഹിക്കുന്ന ശ്രദ്ധ ലഭിക്കാതെ വരുമ്പോൾ നിരാശപ്പെടുകയും അസന്തുഷ്ടരായി കാണപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ബന്ധങ്ങൾ തൃപ്തികരമല്ലെന്നാണ് ഇത്തരക്കാരുടെ വിശ്വാസം.  അവർ മറ്റുള്ളവരോട് അസൂയപ്പെടുന്നു. ആധുനിക ഡേറ്റിങ് സംഭാഷണങ്ങളിലും ആധിപത്യം പുലർത്തുന്ന ട്രെൻഡിങ് പദങ്ങളിൽ ഒന്നാണ് നാര്‍സിസം. എന്നാല്‍ ബന്ധങ്ങളിലെ ‘റെഡ് ഫ്ലാഗു’കളെ തിരിച്ചറിയാന്‍ ചിലപ്പോള്‍ അത്ര പെട്ടെന്നൊന്നും സാധിച്ചെന്നും വരില്ല.

എന്താണ് നാർസിസിസം? 

പങ്കാളിക്ക് തുല്യ ഇടവും പരിഗണനയും നല്‍കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഏതൊരു ബന്ധവും. ബന്ധങ്ങളില്‍ രണ്ടുപേരും കാണുകയും കേള്‍ക്കപ്പെടുകയും ചെയ്യണമെന്ന് ആഗ്രഹിക്കും. എന്നാല്‍ ഒരാള്‍ മാത്രം ആ ബന്ധത്തിനിടയില്‍ കൂടുതല്‍ ഇടം കൈക്കലാക്കുകയും അയാളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും മറ്റേ വ്യക്തിക്ക് മുകളില്‍ സ്ഥിരമായി സ്ഥാപിക്കുകയും പങ്കാളിയെ എല്ലായ്പ്പോഴും അരികിലേക്ക് മാറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആ ബന്ധത്തില്‍ നാര്‍സിസത്തിന്‍റെ സാന്നിധ്യമായി കണക്കാക്കാം. ഒരു നാർസിസിസ്റ്റിക് വ്യക്തിക്ക് അവരുടെ ആഗ്രഹങ്ങളും ചിന്തകളും വളരെ പ്രധാനമാണെന്ന് തോന്നിപ്പിക്കാൻ കഴിയുമെന്നും പങ്കാളി അവർ ആഗ്രഹിക്കുന്ന ശ്രദ്ധ നൽകുന്നില്ലെങ്കിൽ അത് ബന്ധത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയാകുമെന്നും ന്യൂഡൽഹിയിലെ മാനസികാരോഗ്യ സംരംഭമായ 'ഖെയർ ബൈ സർത്തക്' സ്ഥാപകൻ സാർത്തക് പാലിവാൾ പറയുന്നു. നാർസിസിസ്റ്റുകള്‍ എപ്പോഴും സംഭാഷണങ്ങളിൽ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയോ പങ്കാളിയുടെ വികാരങ്ങളെ തള്ളിക്കളയുകയോ അല്ലെങ്കില്‍ അവരനുഭവിക്കുന്ന എല്ലാ സംഘര്‍ഷങ്ങളെയും സ്വന്തം രീതിയില്‍ വളച്ചൊടിക്കുകയും ചെയ്തേക്കാമെന്നും മാനസികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കാലക്രമേണ ആ ബന്ധം മറുവശത്തുള്ള പങ്കാളിയെ വൈകാരികമായി തളര്‍ത്താന്‍ ഇടയാക്കുന്നു. 

കരുതിയിരിക്കേണ്ട ‘റെഡ് ഫ്ലാഗു’കള്‍

നാർസിസിസം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എടുത്തുകാണിക്കാൻ കഴിയുന്ന ചില വ്യക്തമായ ‘റെഡ് ഫ്ലാഗു’കള്‍ ഉണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നാര്‍സിസ്റ്റുകള്‍ അവരുടെ ആവശ്യങ്ങൾക്ക് എപ്പോഴും മുൻഗണന നൽകുന്നു. അവർ ആരുടെയും കാഴ്ചപ്പാടുകള്‍ നിലനിൽക്കാൻ അനുവദിക്കുന്നില്ല. ബന്ധം എങ്ങനെ പോകണമെന്ന് നിയന്ത്രിക്കുന്നതും അവരായിരിക്കും. ഇത്തരക്കാര്‍ നിരന്തരം പ്രശംസിക്കപ്പെടാനോ ന്യായീകരിക്കപ്പെടാനോ ആഗ്രഹിക്കുന്നു. നാര്‍സിസ്റ്റുകള്‍ ഒരു ബന്ധത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ പങ്കാളിയ്ക്ക് മുന്‍പില്‍ ആകര്‍ഷകമായ വ്യക്തിത്വം കാഴ്ച വയ്ക്കുകയും പിന്നീട് വൈകാരികമായി പിൻവാങ്ങുകയും ചെയ്യുന്നു. പലപ്പോഴും തുടക്കത്തിൽ വ്യക്തിപ്രഭാവം, ആത്മവിശ്വാസം, കരുതല്‍ എന്നിവ കൊണ്ട് തങ്ങളുടെ നാർസിസിസ്റ്റിക് സ്വഭാവവിശേഷങ്ങൾ മറച്ചുവയ്ക്കാനും ഇത്തരക്കാര്‍ക്ക് സാധിക്കും. ക്രമേണ പങ്കാളിക്ക് വൈകാരിക ആശ്രിതത്വം വന്നുകഴിഞ്ഞാൽ പിന്നെ ഇവരുടെ യഥാര്‍ഥ സ്വഭാവം പുറത്തെടുക്കും.

അതേസമയം പുതിയ കാലത്തില്‍ കൂടുതല്‍ പേര്‍ക്ക് നാര്‍സിസ്റ്റിക് വ്യക്തിത്വ വൈകല്യത്തെക്കുറിച്ച് അറിയാം എന്നുള്ളതും മാനസികരോഗ വിദഗ്ധര്‍ക്ക് രോഗനിര്‍ണയത്തിന് വെല്ലുവിളിയാകാറുണ്ട്. കാരണം ബന്ധത്തിലെ എല്ലാ പ്രശ്നങ്ങളെയും നാര്‍സിസമെന്ന് കരുതി വിധിയെഴുതുന്നതാണ് ഇതിനൊരു പ്രധാന കാരണം. വൈകാരികമായി ഒതുങ്ങി നിൽക്കുന്ന, അതിമോഹമുള്ള അല്ലെങ്കിൽ ഉറച്ച നിലപാട് സ്വീകരിക്കുന്ന സ്വാഭാവം നാര്‍സിസം ആയിക്കൊള്ളമെന്നില്ല. ചില വ്യക്തികളിലെ അന്തര്‍മുഖത്വം, മുന്‍കാല ജീവിതത്തിലെ ആഘാതങ്ങള്‍, മോശം ആസയവിനിമയ കഴിവുകള്‍ എന്നിവ ഒരുപക്ഷേ നാര്‍സിസ്റ്റിക് വ്യക്തിത്വമെന്ന സംശയം ഉണ്ടാക്കാം. ബന്ധങ്ങളിലെ വേര്‍പിരിയലുകളിലും ഈ പദം പലരും അനാവശ്യമായി ആയുധമാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ ക്ലിനിക്കൽ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) രോഗനിർണയം നടത്താവുന്ന ഒരു മാനസികാരോഗ്യ അവസ്ഥയാണെന്നും അത് സോഷ്യൽ മീഡിയ ചെക്ക്‌ലിസ്റ്റുകളല്ലെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഡേറ്റിങ് സംഭാഷണങ്ങളില്‍ നാര്‍സിസം കടന്നുവന്നതെങ്ങനെ?

ആധുനിക കാലത്ത് ബന്ധങ്ങളെ ചുവപ്പ്, പച്ച, മഞ്ഞ, ബീജ് നിറങ്ങളിലുള്ള പതാകകളായി കണക്കാക്കുന്നു. ഹോട്ട്-ടേക്ക് ഡേറ്റിങ്, കോറിമാൻസിംഗ്, സൺസെറ്റ് ക്ലോസ് തുടങ്ങിയ ട്രെൻഡുകളാണ് ഡേറ്റിങ്ങിന്‍റെ ലോകത്തെ നിർവചിക്കുന്നത്. ആരോഗ്യകരമായ ബന്ധങ്ങൾക്ക് സഹാനുഭൂതി, ഉത്തരവാദിത്തം, വൈകാരിക സുരക്ഷ എന്നിവ അത്യാവശ്യം തന്നെയാണ്. എന്നാൽ അവയ്ക്ക് മനുഷ്യന്‍റെ അപൂർണതകളെ ഉള്‍ക്കൊള്ളാനുള്ള ക്ഷമയും ആവശ്യമാണ്. നാർസിസിസം എന്തെന്ന് മനസ്സിലാക്കുന്നത് ബന്ധങ്ങളില്‍ ആരോഗ്യകരമായ അതിരുകൾ നിശ്ചയിക്കാൻ സഹായിക്കുമെങ്കിലും അത്തരമൊരു ലേബൽ ദുരുപയോഗം ചെയ്യുന്നത് വിശ്വാസത്തെയും വൈകാരിക ഉൾക്കാഴ്ചയെയും തകർക്കുമെന്നും മനഃശാസ്ത്ര വിദദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് പങ്കാളിക്ക് സ്വയം രോഗനിർണയം നടത്തി നാര്‍സിസ്റ്റ് മുദ്രകുത്തുന്നതിന് പകരം ആദ്യമൊന്ന് ആത്മപരിശോധന നടത്തുകയും പിന്നെ വിദഗ്ധരിൽ നിന്ന് പ്രൊഫഷണൽ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്.

ENGLISH SUMMARY:

Narcissism in relationships is a complex issue characterized by a lack of empathy and a constant need for admiration. Understanding the red flags associated with narcissistic personality disorder is crucial for maintaining healthy connections and seeking professional help when necessary