TOPICS COVERED

എന്തിനും ഏതിനും ഇടയ്ക്കിടെ സോറി പറയുന്നവരാണോ നിങ്ങള്‍??ഒരു തെറ്റും ചെയ്തിട്ടില്ല എന്നുറപ്പുണ്ടായിട്ടും, സ്വന്തം നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ലാതിരുന്നിട്ടും എന്തിന്, മറ്റുള്ളവര്‍ ചെയ്ത തെറ്റുകള്‍ക്ക് പോലും ക്ഷമ പറഞ്ഞ് ശീലിച്ചവരാണോ ?എങ്കില്‍ ഇതിനെ വെറുമൊരു ശീലമായി കാണണ്ടതില്ല. ഇത് ഓവര്‍ അപ്പോളജൈസിങ് എന്നൊരു മാനസികാവസ്ഥയാണ്

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

ഈ അവസ്ഥയെ 'ഫൗൺ റെസ്‌പോൺസ്' (Fawn Response) എന്നാണ് മനശാസ്ത്രം വിശേഷിപ്പിക്കുന്നത്. സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിവാകാനും , മറ്റുള്ളവരെ പ്രീണിപ്പിക്കാനും ,വിധേയത്വം പ്രകടിപ്പിക്കാനുമെല്ലാം ചിലര്‍ ഈ രീതി അവലംബിക്കുന്നു.

സംഘർഷ ഭീതി (Conflict Avoidance):

മറ്റുള്ളവരുമായൊരു തർക്കം ഇവര്‍ക്ക് ചിന്തിക്കാൻ പോലുമാകില്ല. അത് ഒഴിവാക്കാന്‍ സോറി അവര്‍ക്കൊരു സുരക്ഷാകവചമാണ്. തന്‍റേതായ ഇടത്തിനുവേണ്ടിയും ഇവര്‍ ക്ഷമാപണം ശീലമാക്കുന്നു, "ഞാനിവിടെ ഇരിക്കുന്നതിൽ സോറി", "ഞാനൊരു കാര്യം ചോദിച്ചോട്ടെ, സോറി" എന്നിങ്ങനെയുള്ള സംസാരം ഇതിനുദാഹരണമാണ്.

ക്ഷമായാചനയുടെ കാരണങ്ങള്‍ (Deep-rooted Causes)

ഭയവും സുരക്ഷിതത്വമില്ലായ്മയും (Fear and Insecurity):

മറ്റുള്ളവർക്ക് നമ്മളോട് ദേഷ്യം തോന്നുമോ, അവർ നമ്മളെ വെറുക്കുമോ എന്ന ഭയത്തിൽ നിന്നാണ് പലപ്പോഴും ഇത്തരം സോറികൾ ഉണ്ടാകുന്നത്. കുട്ടിക്കാലത്തെ സാഹചര്യങ്ങൾ: രക്ഷിതാക്കളില്‍ നിന്നുള്ള കര്‍ശന സമീപനം, എപ്പോഴും വിമര്‍ശിക്കപ്പെടുന്ന സാഹചര്യം, ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, എന്നിവയാണ് കുട്ടിക്കാലത്തെ സോറിക്ക് അടിസ്ഥാനം. ഇത് ചിലരുടെ ശീലമായി വളരുന്നു.

അതിരുകളുടെ അഭാവം (Weak Boundaries):

അതങ്ങിനെയല്ല എന്ന് പറയാനുള്ള ആര്‍ജവമില്ലായ്മയാണ് അനാവശ്യക്ഷമാപണത്തിന് പ്രേരണയാകുന്നത് . അവകാശത്തെ കുറിച്ച് ബോധ്യമല്ലാത്ത അവസ്ഥ അതോടെ ഇവര്‍ മറ്റുള്ളവരുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കുന്നു.

ആത്മവിശ്വാസക്കുറവ് (Self-Doubt):

സ്വന്തം തീരുമാനങ്ങളിലും ചെയ്തികളിലും ഉറപ്പില്ലാത്തവരാണ് മുന്‍കൂട്ടി ക്ഷമചോദിക്കുന്നവര്‍. ആത്മിശ്വാസക്കുറവാണ് ഇവരുടെ മുഖമുദ്ര

എന്തൊക്കയാണ് ലക്ഷണങ്ങള്‍?

 നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾക്ക് (ഉദാഹരണത്തിന്: മഴ പെയ്യുന്നതിനും, ട്രാഫിക് ബ്ലോക്കിനും പോലും ചിലര്‍ ക്ഷമ ചോദിക്കും. മറ്റൊരാൾ അബദ്ധത്തില്‍ നങ്ങളെ ഇടിച്ചാൽ പോലും നിങ്ങൾ സോറി പറയും. ചോദ്യം ചോക്കുന്നതിനും അഭിപ്രായം പറയുന്നതിനും മുമ്പ് പുട്ടിന് പീരപോലെ സോറി വരും ഇത് വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നു? സോറി ശീലമാക്കുന്നവര്‍ വാക്കിന് വിലയില്ലാത്തവരെന്ന് വ്യാഖ്യാനിക്കപ്പെടും. ഇത്തരക്കാര്‍ ശരിക്കും ആവശ്യമുള്ളിടത്ത് ക്ഷമപറഞ്ഞാലും അത് ആത്മാര്‍ഥതയള്ളതായി കേള്‍ക്കുന്നവര്‍ക്ക് തോന്നല്ല. അധികാരശ്രേണിയിലെ മാറ്റം: നിങ്ങൾ എപ്പോഴും ക്ഷമ ചോദിക്കുമ്പോൾ, മറ്റുള്ളവർക്ക് നിങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നും. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ കൂടുതൽ തകർക്കും. ഇത് പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങളുടെ പ്രഭാവം കുറയ്ക്കും.

എങ്ങനെ മാറ്റിയെടുക്കാം??

നിശബ്ദത പാലിക്കുക (The Power of Pause):

ഒരു സോറി പറയുന്നതിന് മുൻപ് 5 സെക്കൻഡ് ആലോചിക്കുക. "ഞാൻ ഇപ്പോൾ ചെയ്തത് ഒരു തെറ്റാണോ?" എന്ന് സ്വയം ചോദിക്കുക. പദപ്രയോഗങ്ങൾ മാറ്റുക: സോറി പറയാതെ കാര്യം നേരിട്ട് പറയുക. ഉദാഹരണത്തിന് സോറി എന്നെ ഒന്നു സഹായിക്കുമോ എന്നതില്‍ നിന്ന് സോറി അങ്ങ് ഒഴിവാക്കുക.

നന്ദി പ്രകടിപ്പിക്കുക (Practice Gratitude):

ക്ഷമ ചോദിക്കുന്നതിനെക്കാൾ മാന്യമായ രീതി നന്ദി പറയുന്നതാണ്. നിങ്ങൾ സംസാരിക്കുമ്പോൾ ആരെങ്കിലും ഇടയ്ക്ക് തടസ്സപ്പെട്ടാൽ "സോറി" എന്ന് പറയുന്നതിന് പകരം,"ക്ഷമയോടെ കേട്ടിരുന്നതിന് നന്ദി" എന്ന് പറയുക. ക്ഷമ നല്ലതാണ് . ആവശ്യമുള്ളിടത്ത് . അര്‍ഹിക്കാത്തിടത്ത് ക്ഷമയുടെ അകമ്പടി വേണ്ടെന്ന് ചുരുക്കം.