Ai Generated Image

ലോകമെമ്പാടുമുളള ഇസ്​ലാം മതവിശ്വാസികള്‍ വ്രതം അഥവാ നോമ്പെടുക്കുന്ന സമയമാണ് റമസാന്‍ മാസം. സൂര്യനുദിക്കും മുന്‍പ് ആദ്യ ബാങ്കുവിളി ഉയരും മുന്‍പ് ഭക്ഷണം കഴിച്ച് തുടങ്ങുന്ന വ്രതം അവസാനിക്കുന്നത് വൈകുന്നേരത്തെ 6.30യോടെയുളള ബാങ്കുവിളിയോടെയാണ്. അതായത് ഏകദേശം 14 മണിക്കൂറിലേറെ നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം. ഈ സമയത്ത് ആരോഗ്യപരിപാലനവും പ്രധാനമാണ്. ഭക്ഷണരീതികളില്‍ കൂടുതല്‍ ശ്രദ്ധിച്ചാല്‍ തികച്ചും ആരോഗ്യപരമായ രീതിയില്‍ തന്നെ ഈ വ്രതാനുഷ്ഠാനം മുന്നോട്ടുകൊണ്ടുപോകാനാകും. ഇഫ്താര്‍ വിരുന്നുകളിലും വൈകുന്നേരത്തെ നോമ്പുതുറക്കലിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് നാരങ്ങാവെളളം. പലപ്പോഴും അമിത വിശപ്പും ദാഹവും മൂലം നാം ആദ്യം കുടിക്കുന്നതും ഈ നാരങ്ങാവെളളം തന്നെയാകും. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ അവതാളത്തിലാക്കിയേക്കാം.

നല്ല തണുത്ത മധുരമുളള നാരങ്ങാവെളളം കുടിക്കുമ്പോള്‍ മനസിനും ശരീരത്തിനും ലഭിക്കുന്ന സുഖം ഒന്നുവേറെതന്നെയാണ്. പക്ഷേ വെറുംവയറ്റിലേക്കാണ് ഈ നാരങ്ങാവെളളം നേരെ ചെല്ലുന്നത് എന്നു നമ്മള്‍ മറന്നുപോകുന്നു. ഒരുപാട് ആരോഗ്യഗുണങ്ങളുളള ഒന്നാണ് നാരങ്ങ. പക്ഷേ അത് ശ്രദ്ധിച്ചു ഉപയോഗിക്കണം എന്നുമാത്രം. വെറും വയറ്റില്‍ നാരങ്ങാവെളളം കുടിക്കുന്നത് അസിഡിറ്റി, പുളിച്ചുതികട്ടല്‍ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിനെക്കാളുമൊക്കെ ഉപരിയായി നല്ല മധുരം ചേര്‍ത്ത നാരങ്ങാവെളളം കുടിക്കുന്നത് ശരീരത്തില്‍ ഇന്‍സുലിന്‍ സ്പൈക്കിന് കാരണമാകും. പ്രമേഹരോഗികള്‍ നോമ്പുതുറക്കാന്‍ ആദ്യം ഇത്തരത്തില്‍ മധുരം ചേര്‍ത്ത നാരങ്ങാവെളളം കുടിക്കുന്നത് അപകടമാണ്. ഗ്ലൈസമിക് ഇന്‍ഡക്സ് വളരെ കുറഞ്ഞ ഒന്നാണ് നാരങ്ങ. എന്നാല്‍ അതിലേക്ക് പഞ്ചസാര കൂടി ചേരുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസ് നില ഉയരാന്‍ കാരണമാകും. നീണ്ട നേരത്തെ വ്രതാനുഷ്ഠാനത്തിന് പിന്നാലെ വെറും വയറ്റില്‍ ഇപ്രകാരം നാരങ്ങാവെളളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ഉത്തമം.

അതേസമയം നോമ്പുതുറക്കലിന് ഒരു ചിട്ടയുണ്ട്, വളരെ ലളിതമായ ആഹാരശീലമാണ് അത് മുന്നോട്ടുവയ്ക്കുന്നതും. പച്ചവെളളം കുടിച്ച് നോമ്പ് അവസാനിപ്പിച്ച ശേഷം ഈന്തപ്പഴം കഴിച്ചുവേണം നമ്മള്‍ വയറിലെ പ്രക്രിയകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടത്. പിന്നീട് ഫ്രൂട്ടസ്, ജ്യൂസുകള്‍, നാരങ്ങാവെളളം എന്നിവയെല്ലാം കുടിക്കാം. നാരങ്ങാവെളളത്തിലെ നോമ്പുവിഭവങ്ങളില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കേണ്ടതില്ല. പകരം ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. പ്രമേഹമില്ലാത്തവരും വെറും വയറ്റില്‍ നാരങ്ങാവെളളം കുടിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി നാരങ്ങാവെളളത്തിന്‍റെ കുറച്ച് ഗുണങ്ങള്‍ കൂടി അറിയാം.

ആന്‍റഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമായ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ്. വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒന്നുകൂടിയാണ് നാരങ്ങ. ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍, അയേണിന്‍റെ കുറവ് പരിഹരിക്കാന്‍, ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍, കിഡ്നി സ്റ്റോണുകളെ തടയാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം ഉത്തമമാണ് നാരങ്ങ. അതിനാല്‍ നാരങ്ങയുടെ ഗുണങ്ങളറിഞ്ഞ് ശരിയായ രീതിയില്‍ ഉപയോഗിക്കുക. 

ENGLISH SUMMARY:

Ramadan fasting health tips are crucial for maintaining well-being during the holy month, with advice on what to drink during Ramadan and healthy iftar drinks. Malayala Manorama Online News provides comprehensive coverage on Ramadan health guidelines and Ramadan diet advice, including precautions about lemon water on an empty stomach.