ഉത്കണ്ഠ, സമ്മര്‍ദം, വിഷാദം എന്നിങ്ങനെ നിത്യ ജീവിതത്തില്‍ നാം നേരിടുന്ന ഒരുപാട് മാനസിക പ്രശ്നങ്ങളുണ്ട്. ചെറിയ രീതിയില്‍ തുടങ്ങി ചികില്‍സ തേടുന്ന തരത്തില്‍ ഇവ ഗുരുതരവുമായേക്കാം. ചിലര്‍ ധ്യാനവും യോഗയുമൊക്കെ ഉത്കണ്ഠയേയും വിഷാദത്തേയും മറികടക്കാന്‍ ചെയ്യാറുണ്ട്. എന്നാല്‍ പ്രകൃതിയോട് ഇണങ്ങി നമുക്ക് മാനസിക പ്രശ്നങ്ങളെ കുറയ്ക്കാനാവും. ഫോറസ്റ്റ് ബാത്തിങ് അഥവ വനസ്നാനം എന്നാണ് ഈ രീതി അറിയപ്പെടുന്നത്. 1980 കളിലാണ് ജപ്പാനില്‍ ഈ ശൈലി ഉത്ഭവിച്ചത്. ഷിന്‍റിന്‍ യോകു എന്നും വനസ്നാനം അറിയപ്പെടുന്നു. 

പ്രകൃതിയുമായി ഇണങ്ങി നടന്നുകൊണ്ട് മാനസിക സമ്മർദ്ദം കുറയ്ക്കുന്ന രീതിയാണിത്. അല്‍പനേരം ജീവിതത്തില്‍ നിന്നും ഫോണ്‍ മാറ്റിവക്കാം. ഏതെങ്കിലും പാർക്കിലോ മരങ്ങളുള്ള സ്ഥലത്തോ സാവധാനം നടക്കുക. ഇലകളുടെ ശബ്ദം, മണ്ണിന്റെ മണം, കാറ്റ് എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത്തരത്തില്‍ 20 മിനിറ്റ് പ്രകൃതിയോടൊപ്പം ചിലവഴിക്കുന്നത് സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ (Cortisol) അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

വ്യായാമമോ ഹൈക്കിംഗോ അല്ല, മറിച്ച് പ്രകൃതിയുമായുള്ള ഇന്ദ്രിയ ബന്ധമാണ് വനസ്നാനത്തിന്‍റെ ലക്ഷ്യം, ഇത് തലച്ചോറിനെ സമ്മർദ്ദത്തിൽ നിന്ന് ശാന്തതയിലേക്ക് നയിക്കുന്നു. ഫോണ്‍, കംപ്യൂട്ടര്‍ സ്ക്രീനുകളുടെ കൃത്രിമ വെളിച്ചത്തിലും ട്രാഫിക്കിനുുമിടയിലുള്ള ജീവിതത്തിനിടയില്‍ വനസ്നാനം ഫലപ്രദമായ മാര്‍ഗമാണ്. 

ENGLISH SUMMARY:

Mental health is crucial for overall well-being. Forest bathing, or Shinrin-Yoku, offers a natural way to reduce stress and anxiety by connecting with nature, proven effective in lowering cortisol levels and promoting relaxation.