സൈലന്റ് ഡിപ്രഷന്‍ അത് അനുഭവിക്കുന്നവര്‍ക്കോ ചുറ്റുമുള്ളവര്‍ക്കോ എളുപ്പത്തില്‍ മനസ്സിലാവുന്ന കാര്യം അല്ല. ഡിപ്രഷന്‍ എന്ന് പറയുമ്പോള്‍ തന്നെ മനസില്‍ നിറയുന്ന ഒരു രൂപമുണ്ട്. കരഞ്ഞ് കലങ്ങി, ഭക്ഷണമെല്ലാം ഉപേക്ഷിച്ച്, ഒന്നും ചെയ്യാതെ വെറുതേയിരിക്കുന്ന ഒരാള്‍. ഇതില്‍ നിന്നെല്ലാം വിഭിന്നമാണ് സൈലന്‍റ് ഡിപ്രഷന്‍. ദുഃഖം മറച്ചുവെക്കുകയോ സമ്മതിക്കാതിരിക്കുകയോ ചെയ്യുന്ന, പുറമേ നിന്ന് നോക്കിയാല്‍ യാതൊരു പ്രശ്നവുമില്ലാത്ത മനുഷ്യന്‍. കൃത്യമായി ജോലിക്ക് പോകുകയും മനുഷ്യരോട് ഇടപഴകുകയും ചെയ്യുന്ന വ്യക്തി. കുടുംബത്തിലെ എല്ലാവരോടും നല്ലരീതിയില്‍ സംസാരിക്കുന്ന, തമാശപറയുന്നയാള്‍. ഇങ്ങനെയൊരു വ്യക്തി ഡിപ്രഷനിലൂടെ കടന്നുപോകുകയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ.
ഇവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായി പുറമെ നിന്ന് നോക്കുന്നവര്‍ക്ക് തോന്നും. ജോലിക്ക് പോകാനും വീട്ടിലെ കാര്യങ്ങൾ നോക്കാനും കൂട്ടുകാരുമായി കളിച്ചുല്ലസിച്ച് നടക്കാനും ഇവർക്ക് സാധിക്കും. എന്നാൽ, മനസ്സിനുള്ളിൽ വലിയൊരു ശൂന്യതയും കടുത്ത വിഷാദവും ഇവർ അനുഭവിക്കുന്നുണ്ടായിരിക്കും. അത് അവര്‍തന്നെ മനസ്സിലാക്കാന്‍ ചിലപ്പോള്‍ ഒരുപാട് സമയമെടുക്കും.
പണ്ട് തന്നിരുന്ന ഹാപ്പിനസ് ഇപ്പം ചെയ്യുന്ന കാര്യങ്ങള്‍ക്കെന്നും കിട്ടുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവര്‍ത്തികളെന്നും ചെയ്യാന്‍ പറ്റുന്നില്ല. പണ്ട് നല്ല കണക്ഷന്‍ തോന്നിയ ആള്‍ക്കാരുമായി ഇപ്പം കണക്റ്റ് ചെയ്യാന്‍ പറ്റുന്നില്ല. അവരില്‍ നിന്ന് ഒരു അകല്‍ച്ച വരുന്ന പോലെ. എല്ലാത്തിനോടും മടുപ്പും ആത്മവിശ്വാസക്കുറവും, എപ്പോഴും ഒരു തളർച്ച. ഇതെല്ലാം സൈലന്റ് ഡിപ്രഷന്‍റെ സൂചനയാണ്.
ഇത്തരക്കാര്‍ തന്നോടും മറ്റുള്ളവരോടും എപ്പോഴും ഒരു നെഗറ്റീവ് മനോഭാവം വെച്ചുപുലർത്തും. പുറമെ മിടുക്കരാണെന്ന് തോന്നുമെങ്കിലും ഉള്ളിൽ താൻ ഒന്നിനും കൊള്ളാത്തവനാണ് എന്ന ചിന്ത ഉള്ളിലുണ്ടാകും. നിങ്ങള്‍ക്ക് ഇങ്ങനെയൊരവസ്ഥയുണ്ടെങ്കില്‍ സ്വയം മാറാൻ കാത്തുനിൽക്കുന്നതിനുപകരം ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സഹയം തേടാവുന്നതാണ്. അതുമാത്രമല്ല മനസ്സിനുള്ളിലെ ഭാരം ആരോടെങ്കിലും തുറന്നു പറാന്‍ ശ്രമിക്കണം. എപ്പോഴും ചിരിക്കുന്ന മുഖംമൂടിയണിഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ നില്‍ക്കാതെ തന്‍റെ അപ്പോഴത്തെ ഫീലിങ്ങ്സ് എന്താണോ അതുപോലെ പെരുമാറാന്‍ ശ്രമിക്കുക. കരയാന്‍ തോന്നുമ്പോള്‍ കരയുക. നിങ്ങള്‍ നിങ്ങളായി തന്നെ ഇരിക്കൂ. അതാണ് ഈ അവസ്ഥയില്‍ നിന്ന് പുറത്തു കടക്കാനുള്ള വഴി.