tips-when-deals-with-romantic-rejection

TOPICS COVERED

സ്നേഹിക്കുന്ന മനുഷ്യരാല്‍ മുറിവേറ്റവരാണോ നിങ്ങള്‍..?ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള്‍ ഏറെ സ്നേഹിക്കുന്ന മനുഷ്യര്‍ നല്‍കിയ അവഗണനയാല്‍, നിരാസത്താല്‍ വേദനിച്ചവരാകും നമ്മില്‍ പലരും. പ്രത്യേകിച്ചും പ്രണയ ബന്ധങ്ങളില്‍..ആത്മാര്‍ഥമായി പ്രണയിച്ച മനുഷ്യര്‍ നമ്മളെ വേണ്ടെന്ന് വെക്കുമ്പോഴുള്ള വേദനയെ മറികടക്കുക എന്നത് അത്ര എളുപ്പമല്ല കാര്യമല്ല..നിങ്ങള്‍ ഒരു വ്യക്തിയെ എത്രത്തോളം ആഴത്തില്‍ സ്നേഹിക്കുന്നോ അത്രത്തോളം ആഴത്തില്‍ അവര്‍ നല്‍കിയ അവഗണന അല്ലെങ്കില്‍ റിജക്ഷന്‍ നിങ്ങളെ മുറിപ്പെടുത്തിയേക്കാം..അത് നിങ്ങളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.. എന്നാല്‍ ഹൃദയത്തില്‍ ഏറ്റ ആ മുറിവുണക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്..

ആദ്യം തന്നെ ഒരു അപ്രിയ സത്യം പറയട്ടെ, നിങ്ങള്‍ ഒരാളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു എന്നത് ആ ആള്‍ക്ക് നിങ്ങളോട് സ്നേഹം തോന്നാനുള്ള ഒരു കാരണമേ അല്ല.. കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയേക്കാമെങ്കിലും അതാണ് വാസ്തവം.നിങ്ങള്‍ക്ക് എന്തുകൊണ്ടാണോ ആ വ്യക്തിയെ ഇഷ്ടമായത് അല്ലെങ്കില്‍ പ്രണയം തോന്നിയത് എന്നതിന് നിങ്ങള്‍ക്ക് ഒരു കാരണമുണ്ടായിരിക്കും..എന്നാല്‍ അത് പോലെ തന്നെ നിങ്ങളെ വേണ്ടെന്ന് വെക്കാന്‍ ആ വ്യക്തിക്കും തീര്‍ച്ചയായും അവരുടേതായ കാരണം കാണും..

ലോകത്തൊരാളെയും നമുക്ക് നിര്‍ബന്ധിച്ച് സ്നേഹിപ്പിക്കാനാവില്ല..അത് ഓരോ മനുഷ്യനും ഉള്ളില്‍ നിന്നും തോന്നേണ്ട വികാരം തന്നെയാണ്...അത്കൊണ്ടുതന്നെ ഇനി നിങ്ങള്‍ എന്തൊക്കെ തന്നെ ചെയ്താലും മറ്റൊരു മനുഷ്യന് നിങ്ങളോട് സ്നേഹം തോന്നണമെന്നില്ല...അത് നിങ്ങളുടെ കയ്യില്‍ നില്‍ക്കുന്ന കാര്യം അല്ല തന്നെ.. എന്നാല്‍ ഒരാള്‍ നിങ്ങളെ വേണ്ടെന്ന് വെക്കുന്നതിനോടുള്ള നിങ്ങളുടെ മനോഭാവം, പ്രതികരണം അത് പൂര്‍ണമായും നിങ്ങളുടെ കയ്യിലുള്ള കാര്യം തന്നെയാണ്..അത് കൊണ്ട് തന്നെ ഒരു മനുഷ്യന്‍റെ നോ നിങ്ങളുടെ മാനസികാരോഗ്യത്തെ തകര്‍ത്തെറിയാതെ കാക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണ്...അതിന് എന്തെല്ലാം ചെയ്യാമെന്ന് നോക്കാം..

പ്രണയനിരാസം സാധാരണമാണെന്ന് തിരിച്ചറിയുക

ഈ ലോകത്ത് പ്രണയം നിരസിക്കപ്പെടുന്ന ആദ്യത്തെ മനുഷ്യന്‍ അല്ല നിങ്ങളെന്ന് തിരിച്ചറിയുക. നിങ്ങളിപ്പോള്‍ കടന്ന് പോകുന്ന അവസ്ഥയിലൂടെ കടന്ന്പോയിട്ടുള്ള ഇപ്പോഴും കടന്നുപോകുന്ന മനുഷ്യര്‍ നിങ്ങള്‍ക്ക് ചുറ്റും തന്നെയുണ്ടെന്ന് തിരിച്ചറിയുക..ആ തിരിച്ചറിവ് ഒരുപക്ഷേ നിങ്ങളുടെ വേദന ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കാം.

നിങ്ങള്‍ കൊള്ളാത്തവരാണെന്ന ചിന്ത ഉപേക്ഷിക്കാം.

‘ഞാന്‍ കൊള്ളാത്തത് കൊണ്ടാണ് ആ വ്യക്തി എന്നെ വേണ്ടെന്ന് വെച്ചത്’. പ്രണയം നിരസിക്കപ്പെടുമ്പോള്‍ ഭൂരിഭാഗം പേരുടെയും മനസിലൂടെ കടന്ന് പോകുന്ന ചിന്തയാണ് ഇത്.എന്നെ കാണാന്‍ കൊള്ളില്ല. എനിക്ക് സൗന്ദര്യമില്ല,ഞാന്‍ സ്നേഹിക്കാന്‍ കൊള്ളാത്ത ആളാണ്, ഞാന്‍ മോശമാണ്, ഇങ്ങനെയുള്ള നിരവധി നെഗറ്റീവ് ചിന്തകള്‍ നിങ്ങളെ കീഴടക്കിയേക്കാം..

അപകര്‍ഷതാബോധം കൂടുതലുളളവരില്‍ ഇത്തരം ചിന്തകള്‍ രൂക്ഷമായേക്കാം..അത്തരം ചിന്തകള്‍ക്ക് ഒരിക്കലും പിടി കൊടുക്കരുത്..നിങ്ങള്‍ ഒരിക്കലും മോശമായത് കൊണ്ടല്ല മറ്റൊരാള്‍ നിങ്ങളെ വേണ്ടെന്ന് വെച്ചതെന്ന് തിരിച്ചറിയുക..നിങ്ങളെ നിങ്ങളായി മറ്റേ ആ ള്‍ക്ക് അംഗീകരിക്കാനായില്ല എന്നേ ഉള്ളൂ.. ആരും മറ്റാരേക്കാളും മോശമല്ല..നിങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകാം..നിങ്ങളുടെ ഗുണങ്ങള്‍ തിരിച്ചറിയുന്ന ഒരാളെ തീര്‍ച്ചയായും  നിങ്ങള്‍ക്ക് കണ്ടെത്താനാകും

മനസിനേറ്റ മുറിവുണങ്ങാന്‍ സമയം നല്‍കാം

തീര്‍ച്ചയായും സ്നേഹിക്കുന്ന മനുഷ്യരാല്‍ ഉപേക്ഷിക്കപ്പെടുക എന്നത് വേദനിപ്പിക്കുന്ന ഒന്ന് തന്നെയാണ്.ആ വേദനയും നൈരാശ്യവും മാറാന്‍ സമയമെടുക്കും..അത് കൊണ്ട് തന്നെ നിങ്ങള്‍ നിങ്ങള്‍ക്ക് തന്നെ കുറച്ച് സമയം കൊടുക്കുക..കാലം മായ്ക്കാത്ത ഒരു മുറിവുകളുമില്ലെന്ന് തിരിച്ചറിയുക

നിങ്ങള്‍ വേദനിക്കുണ്ടെന്ന് അംഗീകരിക്കുക

ചില മനുഷ്യരുണ്ട്.തങ്ങള്‍ വേദനിക്കുന്നുണ്ടെന്ന് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കുമെന്ന് കരുതി ഇതൊന്നും തന്നെ ബാധിച്ചിട്ടേ ഇല്ല എന്ന മട്ടില്‍ അഭിനയിച്ച് ജീവിക്കുന്നവര്‍..എന്നാല്‍ അതിന്‍റെ ആവശ്യമില്ല..ഉള്ളിലുളള വിഷമം മറ്റാരെയും അറിയിക്കാതെ കൊണ്ടുനടക്കുക എന്നത് കൂടുതല്‍ മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും

സുഹൃത്തുക്കളുമായി സമയം ചിലവിടാം

നിങ്ങളെ മനസിലാക്കുന്ന സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാം.അവരുമായി നിങ്ങളുടെ വേദനകള്‍ പങ്കിടാം..മുന്‍പ് ഇത്തരമൊരവസ്ഥയിലൂടെ കടന്നുപോയ സുഹൃത്തുക്കളോട് സംസാരിച്ച് അവര്‍ എങ്ങനെയാണ് ഇത്തരമസ്ഥയെ മറികടന്നത് എന്ന് ചോദിച്ചറിയാം..എല്ലാം ഒറ്റയ്ക്ക് നേരിടേണ്ടതില്ല... നിങ്ങളെ മുന്‍വിധികളില്ലാതെ കാണുന്ന മനുഷ്യരോട് തുറന്ന് സംസാരിക്കുക

സ്വയം സ്നേഹിക്കാന്‍ പഠിക്കാം

നിങ്ങളെ കൂടുതലായി സ്നേഹിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി സമയം മാറ്റി വെക്കുക..യാത്രകള്‍ ചെയ്യാം..മറ്റെന്തെങ്കിലും വിനോദങ്ങളില്‍ ഏര്‍പ്പെടാം..ഇനി അതുമല്ലെങ്കില്‍ ചര്‍മ സംരക്ഷണത്തിനോ ശരീര സൗന്ദര്യ സംരക്ഷണത്തിനോ  ഊന്നല്‍ നല്‍കാം.മതിയായ ഉറക്കം ഉറപ്പുവരുത്തുക.

ഷോര്‍ട് ടേം ഗോള്‍ സെറ്റ് ചെയ്യുക

ഷോര്‍ട് ടേം ഗോള്‍സ് സെറ്റ് ചെയ്യുക എന്നത് ഈ അവസ്ഥയെ മറികടക്കാന്‍ ഒരു പരിധിവരെ സഹായിക്കും.നിങ്ങള്‍ക്ക് അടുത്ത ഒരു മാസത്തിനിടെ ഇന്ന ഇന്ന കാര്യങ്ങള്‍ ചെയ്യണം, ഇന്ന കാര്യങ്ങള്‍ നിങ്ങള്‍ നേടും, ജോലിയില്‍ ഉയര്‍ച്ച നേടണം എന്നെല്ലാം ലക്ഷ്യങ്ങള്‍ സെറ്റ് ചെയ്യണം..പിന്നീടുള്ള ദിവസങ്ങള്‍ അതിനുവേണ്ടി കഠിന പരിശ്രമം ചെയ്യാം.

നിങ്ങളെ വേണ്ടാത്തവരുടെ പുറകെ പോകാതിരിക്കുക

നിങ്ങളെ ഒരാള്‍ റിജക്ട് ചെയ്താല്‍ അതിന്‍റെ അര്‍ഥം ആ ആള്‍ക്ക് നിങ്ങളെ വേണ്ട എന്ന് തന്നെയാണ്..പിന്നെയും നിങ്ങളുടെ പ്രണയപ്രഖ്യാപനനവുമായി അവര്‍ക്ക് പിറകെ പോകാതിരിക്കുക..അതവരില്‍ കൂടുതല്‍ വെറുപ്പ് മാത്രമേ ഉണ്ടാക്കുകയുള്ളൂ..സ്നേഹം കൊണ്ട് പോലും അവരെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കാം..അവരെ അവരുടെ വഴിക്ക് വിടുക. അവര്‍ പിന്നീട് ആരുമായി പ്രണയത്തിലാകുന്നു എന്തൊക്കെ ചെയ്യുന്നു എന്നതൊന്നും അന്വേഷിക്കേണ്ടതില്ല...സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സ്റ്റോക്ക് ചെയ്യാതിരിക്കാം

മനശാസ്ത്ര വിദഗ്ധന്‍റെ സഹായം തേടാം

എന്തുചെയ്തിട്ടും മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍  ഒരു മാനസികരോഗ വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്.

അറിയുക.ഒരാള്‍ നിരസിച്ചത് കൊണ്ടില്ലാതാകുന്നതല്ല നിങ്ങളുടെ മൂല്യം..നിങ്ങളെ നിങ്ങളായി അംഗീകരിക്കുന്ന മനുഷ്യരെ തീര്‍ച്ചയായും ഒരിക്കല്‍ നിങ്ങള്‍ കണ്ടുമുട്ടും.നിങ്ങളെ സ്നേഹിച്ച് നിങ്ങളുടെ കഴിവുകളില്‍,മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോവുക..