ഉറക്കക്കുറവ് രാജ്യത്തെ പുതിയ പൊതുജനാരോഗ്യ പ്രശ്നമാകുന്നുവോ? മാറുന്ന ജീവിതശൈലിയും ഡിജിറ്റൽ ലോകവും ഇന്ത്യക്കാരുടെ ഉറക്കത്തെ ബാധിക്കുന്നതായി പഠനങ്ങൾ. യുവതലമുറയിൽ ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകൾ. രാത്രി വൈകിയും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നവർ, ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവർ, രാവിലെ എഴുന്നേൽക്കുമ്പോഴും ക്ഷീണം മാറാത്തവർ… ഇന്നത്തെ ജീവിതത്തിൽ അപരിചിതമായ കാഴ്ചകളേയല്ല ഇവ. ജോലി, പഠനം, സോഷ്യൽ മീഡിയ, ഓൺലൈൻ വിനോദങ്ങൾ എന്നിവയ്ക്കിടയിൽ ഉറക്കത്തിന് പ്രാധാന്യം കുറയുകയാണോ? ഇന്ത്യക്കാരുടെ ഉറക്കശീലങ്ങളെക്കുറിച്ച് പുറത്തുവരുന്ന പുതിയ പഠനങ്ങൾ ഉയർത്തുന്ന ചോദ്യം ഇതാണ്.
ആറ് മണിക്കൂറിൽ താഴെ ഉറക്കം; ആശങ്കപ്പെടുത്തുന്ന കണക്കുകൾ
2026-ൽ ലോക്കല്‍ സര്‍ക്കിള്‍സില്‍ പുറത്തുവിട്ട ഇന്ത്യയിലെ ഉറക്കശീലങ്ങളെക്കുറിച്ചുള്ള സർവേ ശ്രദ്ധേയമായ കണ്ടെത്തലുകളാണ് മുന്നോട്ടുവയ്ക്കുന്നത്. 393 ജില്ലകളിൽ നിന്നായി 89,000-ത്തിലധികം ആളുകളില്‍ നിന്ന് വിവരം ശേഖരിച്ചു നടത്തിയ സർവേ പ്രകാരം, 46 ശതമാനം പേർ ദിവസവും ആറ് മണിക്കൂറിൽ താഴെ മാത്രമാണ് തടസ്സമില്ലാത്ത ഉറങ്ങുന്നത്. 2025-ലെ സർവേയിൽ ഈ കണക്ക് 59 ശതമാനമായിരുന്നു.
കണക്കുകളിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽ വലിയൊരു വിഭാഗം ഇപ്പോഴും മതിയായ– തുടർച്ചയായ ഉറക്കം ലഭിക്കാത്തവരാണെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അതേസമയം, ഇത് സ്വയം റിപ്പോർട്ട് ചെയ്ത പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള സർവേയാണ്. ഇന്ത്യയിലെ എല്ലാവരുടെയും ഉറക്കശീലങ്ങളെ പ്രതിനിധീകരിക്കുന്ന ഔദ്യോഗിക ആരോഗ്യ കണക്കായി ഇതിനെ കാണാനാവില്ല.
ഉറക്കം നഷ്ടപ്പെടുന്ന യുവതലമുറ
ഉറക്കപ്രശ്നങ്ങൾ യുവാക്കളെയും വിദ്യാർഥികളെയും കാര്യമായി ബാധിക്കുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. 2026 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച 581 ഇന്ത്യൻ വിദ്യാർഥികളെ ഉൾപ്പെടുത്തിയ പഠനത്തിൽ 75.7 ശതമാനം പേർ ഏഴ് മണിക്കൂറിൽ താഴെ മാത്രമാണ് ഉറങ്ങുന്നതെന്ന് കണ്ടെത്തി. 54.9 ശതമാനം പേർക്ക് ഉറക്കത്തിന്‍റെ ഗുണനിലവാരം മോശമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 27ശതമാനം പേർ പകല്‍ സാധാരണയില്‍ കൂടുതല്‍ ഉറങ്ങുന്നവരാണ്.
സ്ക്രീൻ ഉപയോഗവും ഉറക്കത്തിന്റെ ഗുണനിലവാരവും തമ്മിലുള്ള ബന്ധവും പഠനവിധേയമാക്കി. പ്രത്യേകിച്ച് രാത്രിയിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ഉറക്കശീലങ്ങളെ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
മൊബൈൽ വില്ലനാകുമ്പോൾ
സോഷ്യൽ മീഡിയയുടെ വളർച്ച ഉറക്കസമയത്തെയും മാറ്റിമറിച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഒരു വിഡിയോ കൂടി കാണാമെന്ന ചിന്തയിൽ തുടങ്ങുന്ന മൊബൈൽ ഉപയോഗം പലപ്പോഴും മണിക്കൂറുകളിലേക്ക് നീളുന്നു. ഇന്‍സ്റ്റഗ്രാം റീല്‍. യുട്യൂബ് ഷോട്ടസ്, ഒടിടി പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ ഗെയിമുകൾ എന്നിവ ഉറങ്ങേണ്ട സമയം വൈകിപ്പിക്കുന്നു.
മൊബൈൽ സ്ക്രീനിൽനിന്നുള്ള പ്രകാശവും മണിക്കൂറുകള്‍ പിടിച്ചിരുത്താന്‍ ശേഷിയുള്ള ഉള്ളടക്കങ്ങളും തലച്ചോറിന്റെ സ്വാഭാവിക ഉറക്കക്രമത്തെ ബാധിച്ചേക്കാം. ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള സ്ക്രീൻ ഉപയോഗം കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ ഉറക്കകുറവിന്റെ കാരണം മൊബൈല്‍ മാത്രമല്ല. നീണ്ട ജോലി സമയം, ജോലി സമ്മര്‍ദങ്ങള്‍, മറ്റ് ദൈനംദിന മാനസിക പിരിമുറുക്കങ്ങള്‍ ഇതെല്ലാം ഉറക്കത്തെ ബാധിക്കുന്നുണ്ട്.
ഉറക്കം കുറത്താല്‍ അത് ആരോഗ്യത്തിനും തിരിച്ചടിയാണ്. ശരീരത്തിന് വിശ്രമം നല്‍കുന്നതിലുപരി തലച്ചോറിന്റ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിലും ഉറക്കത്തിന് നിര്‍ണായക പങ്കുണ്ട്. ഉറക്കക്കുറവിനെ ഒരു ജീവിതശൈലി പ്രശ്നമായി മാത്രം കാണരുത്. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതയില്‍ വ്യത്യാസമുണ്ട്. മുതിര്‍ന്നവര്‍ സാധാരണയായി ഏഴു മുതല്‍ ഒന്‍പതുമണിക്കൂര്‍ വരെ ഉറങ്ങണം. കൗമാരക്കാര്‍ക്ക് എട്ടു മുതല്‍ പത്തുമണിക്കൂര്‍ വരെയും വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ഉറക്കം ആവശ്യമാണ്. സമയം ലാഭിക്കാനായി ഉറക്കം കുറയ്ക്കുന്നവരാണ് ഇന്ന് പലരും. എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തി നേടുന്ന സമയം ആരോഗ്യത്തെ ബാധിക്കുകയാണെങ്കിലോ? കൂടുതല്‍ സമയം ഉണര്‍ന്നിരുന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്ന ചിന്ത മാറ്റേണ്ട സമയമായി. ഉറക്കത്തെ അവഗണിക്കുമ്പോള്‍ നഷ്ടമാകുന്നത് വിശ്രമം മാത്രമല്ല ആരോഗ്യം കൂടിയാണെന്ന ഓര്‍മ വേണം.