sleep-champion

TOPICS COVERED

എപ്പോള്‍ നോക്കിയാലും ഉറക്കം. ഒരുപണിയുമെടുക്കില്ല. എന്തിനിങ്ങനെ ജിവിക്കുന്നു. അല്‍പം അലസതയൊക്കെയുള്ളവര്‍ ഈ പഴി സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ അത് ചെറുതായൊന്ന് തിരുത്താന്‍ സമയമായി. നന്നായി ഉറങ്ങിയാല്‍ ചിലപ്പോള്‍ ലക്ഷങ്ങള്‍ സമ്പാദിക്കാനാകും! ഉറക്കത്തെ മികച്ച ഒരു വരുമാന മാര്‍ഗമാക്കി മാറ്റിയിരിക്കുകയാണ് മുംബൈയില്‍ നിന്നുള്ള ഒരു യുവതി. രാജ്യമെമ്പാടുമുള്ള 2 ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജിനിയ ചാറ്റർജിയാണ് രണ്ട് മാസം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഇന്ത്യയുടെ 'സ്ലീപ്പ് ചാംപ്യൻ' ആയി തിരഞ്ഞെടുക്കപ്പെട്ടത്. 'സ്ലീപ്പ് ഇന്റേൺഷിപ്പ്' മത്സരത്തിൽ വിജയിയായ അവർക്ക് 9.6 ലക്ഷം രൂപയും ചെലവുകൾ പൂർണ്ണമായും വഹിക്കുന്ന ഒരു വിനോദയാത്രയുമാണ് സമ്മാനമായി ലഭിച്ചത്!

ഉറക്കത്തിന് മുന്‍ഗണന നല്‍കുകയും കൃത്യമായ ഉറക്കക്രമം പാലിക്കുകയും ഓരോ ആഴ്ചയും ലഭിക്കുന്ന സര്‍ഗാത്മകമായ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ചെയ്തവര്‍ക്കാണ് കൗതുകകരമായ ഈ ഇന്‍റേണ്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. വിവിധ ഘട്ടങ്ങളിലുള്ള പരിശോധനകൾക്കും അഭിമുഖങ്ങൾക്കും ശേഷമാണ് 10 പേരെ തിരഞ്ഞെടുത്തത്. മല്‍സരം ഏകദേശം 60 ദിവസം നീണ്ടു. ഉറക്കത്തിന്‍റെ ഗുണനിലവാരം പരിശോധിച്ചും നിരീക്ഷിച്ചുമാണ്  ഓരോരുത്തരുടെയു സ്കോറുകള്‍ നിര്‍ണയിച്ചത്.  നന്നായി ഉറങ്ങുന്നത് മാത്രമായിരുന്നില്ല മത്സരത്തിന്‍റെ മാനദണ്ഡം. വ്യത്യസ്തങ്ങളായ പല ടാസ്ക്കുകളിലൂടെയും തങ്ങളുടെ സർഗ്ഗാത്മകത തെളിയിക്കാനും പങ്കെടുത്തവർക്ക് സാധിച്ചിരുന്നു.

അത്ര എളുപ്പമല്ല കാര്യങ്ങള്‍

ആഴ്ചതോറുമുള്ള ടാസ്‌ക്കുകളിൽ സ്ലീപ്പ് സിനിമയും ഉൾപ്പെട്ടിരുന്നു. മത്സരാർത്ഥികൾ പ്രശസ്ത സിനിമാ രംഗങ്ങൾ ഉറക്കവുമായി ബന്ധപ്പെട്ട ട്വിസ്റ്റോടെ പുനഃസൃഷ്ടിക്കണമായിരുന്നു. മറ്റൊരു വെല്ലുവിളിയായ സ്ലീപ്പ് ബിംഗോയിൽ പങ്കെടുക്കുന്നവർ ഒരു ആഴ്ചയിൽ അവരുടെ ഉറക്കശീലങ്ങൾ വിലയിരുത്തേണ്ടതുണ്ട്. ഓരോ ആഴ്ചയും മികച്ച പ്രകടനം കാഴ്ചവെച്ചയാൾക്ക് പ്രോ സ്ലീപ്പർ ഓഫ് ദി വീക്ക് എന്ന പദവി ലഭിച്ചു. രണ്ട് മാസത്തിന് ശേഷം, ജിനിയ ചാറ്റർജി, രത്‌നഗിരി മണികണ്ഠൻ, മെഹെക് ഖോട്ട് എന്നിവർ മികച്ച മൂന്ന് മത്സരാർത്ഥികളായി ഉയർന്നുവന്നു. നേരത്തെ പുറത്തായെങ്കിലും ഏറ്റവും കൂടുതൽ പ്രതിവാര ക്രിയേറ്റീവ് ചലഞ്ചുകൾ നേടിയ ഹൈദരാബാദ്  സ്വദേശി കരിം ഖാൻ അവസാന നിമിഷം  വൈൽഡ്കാർഡ് എൻട്രിയായി തിരിച്ചെത്തി. നാല് മത്സരാർത്ഥികളാണ് ഫൈനലിൽ ഉണ്ടായിരുന്നത്.

 റഫറൻസ് ഇമേജുകൾ ഉപയോഗിച്ച് ഒരു കിടപ്പുമുറി സജ്ജീകരണം പുനഃസൃഷ്ടിക്കുമ്പോൾ മത്സരാർത്ഥികളുടെ നിരീക്ഷണം, മെമ്മറി, ടീം വർക്ക് എന്നിവയും പരീക്ഷിക്കപ്പെട്ടു. രണ്ടാമത്തെ വെല്ലുവിളിയായ സ്ലീപ്പ് ഓക്ഷനിൽ, തലയിണകൾ, പുതപ്പുകൾ, എയർ കണ്ടീഷനിങ് നിയന്ത്രണങ്ങൾ, ലൈറ്റിങ്, ശബ്ദ ക്രമീകരണങ്ങൾ എന്നിവയുൾപ്പെടെയുള്ളവയ്ക്കായി ഫൈനലിസ്റ്റുകൾ ലേലം വിളിക്കേണ്ടതുണ്ട്. തുടർന്ന് ഫൈനലിസ്റ്റുകൾ അവരുടെ ഇഷ്ടാനുസൃതമാക്കിയ ഉറക്ക ചുറ്റുപാടുകളില്‍ ഒരു അവസാന രാത്രി ചെലവഴിച്ചു. അവരുടെ ഉറക്ക സ്കോറുകളാണ് ഒടുവിൽ വിജയിയെ നിർണയിച്ചത്.

Woman Earns Lakhs Through Unique Sleep Internship in India:

Sleep Champion India contest winner Ginia Chatterjee earned 9.6 lakhs for sleeping and completing creative weekly challenges. This unique sleep internship program tested participants through sleep quality monitoring and various engaging tasks