AI Gnerated Image

AI Gnerated Image

ആഗോളതലത്തിൽ അന്തരീക്ഷത്തിലെ താപനില ഉയരുന്നതും തീവ്രമായ കാലാവസ്ഥാ വ്യതിയാനവും കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ശക്തമാകുന്ന എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ 'ഉയർന്നത് മുതൽ വളരെ ഉയർന്നത് വരെയുള്ള' (high to very high) അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്കൊപ്പം നിർജ്ജലീകരണം, സൂര്യാഘാതം എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങളും വര്‍ധിക്കുന്നത് സാധാരണക്കാര്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ദക്ഷിണേഷ്യയില്‍ അസമയങ്ങളില്‍ ഉണ്ടാകുന്ന കടുത്ത ച‌ൂടും പെട്ടന്നുള്ള മഴയും അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രധാന മുന്നറിയിപ്പ്. ഡെങ്കിപ്പനി, മലേറിയ പോലുള്ള കൊതുക്ജന്യ രോഗങ്ങള്‍ക്കും ചൂട് മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങള്‍ക്കും ഇവ കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം കാരണം നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങളും വർദ്ധിക്കാൻ സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും ഇത് വലിയ ആരോഗ്യ ഭീഷണി ഉയർത്തുന്നുണ്ട്.

ഡൽഹിയിൽ ഓഗസ്റ്റ് മാസത്തിൽ മാത്രം 90 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ഈ വർഷത്തെ ആകെ കണക്ക് 311 ആയി ഉയർന്നു. കൃത്യമായ ചികില്‍സിച്ചില്ലെങ്കില്‍ ജീവന് വരെ അപകടമാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡീസി ‍ജനുസ്സിൽപ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. സാധാരണയായി രാവിലെയും വൈകുന്നേരവുമാണ് ഈ കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. കൊതുകുകടിയേറ്റ് ഏകദേശം നാല് മുതൽ പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കണ്ണിന്റെ ഉൾഭാഗത്ത് അനുഭവപ്പെടുന്ന കഠിനമായ വേദന, കടുത്ത തലവേദന, പേശി- സന്ധി വേദന, കടുത്ത തളർച്ച, ഛർദ്ദി, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഡൽഹിയിൽ മലേറിയ കേസുകളിലും ഓഗസ്റ്റിൽ വർധന രേഖപ്പെടുത്തി. ജൂലൈയിൽ 17 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഓഗസ്റ്റിൽ ഇത് 53 ആയി ഉയർന്നു. ഒരുമാസത്തിനിടെ കേസുകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി. അനോഫിലിസ് ഇനത്തിൽപെട്ട പെൺകൊതുകുകൾ കടിക്കുന്നതിലൂടെയാണ് മലേറിയ മനുഷ്യരിലേക്ക് പകരുന്നത്. വിറയലോടുകൂടിയ കടുത്ത പനി, വിളർച്ച, ശക്തമായ തലവേദനയും ശരീരവേദനയും, തളര്‍ച്ച എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗങ്ങള്‍ തടയാനായി വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൊതുകു നശീകരണ മാർഗ്ഗങ്ങൾ സ്വീകരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ കടുത്ത വെയിലത്ത് പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കാതെ ഉടൻ ആരോഗ്യപ്രവർത്തകരുടെ സഹായം തേടണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ENGLISH SUMMARY:

Climate change health risks are significant, with the WHO reporting a rise in temperature and extreme weather events creating serious health problems. India has been categorized as a high-risk country due to the intensified El Nino phenomenon, leading to an increase in diseases like dengue and malaria, as well as dehydration and heatstroke.