cancer-vaccine-russia

ആഗോള കാൻസർ ചികിത്സാ രംഗത്തിന് വൻ പ്രതീക്ഷ നൽകിക്കൊണ്ട് മോഡേണ, മെർക്ക് എന്നീ പ്രമുഖ മരുന്നു നിർമ്മാണ കമ്പനികൾ വികസിപ്പിച്ചെടുത്ത വ്യക്തിഗത എം.ആർ.എൻ.എ (personalized mRNA) കാൻസർ വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം വിജയം. ചർമ്മത്തെ ബാധിക്കുന്ന ഏറ്റവും മാരകമായ 'മെലനോമ'യുടെ ചികില്‍സയ്ക്ക് ശേഷം ഇത് വീണ്ടും വരാനുള്ള സാധ്യതയും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയും കുറയ്ക്കാൻ ഈ വാക്സിന് സാധിക്കുമെന്ന് മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ വ്യക്തമാക്കുന്നു. 'ഇന്റിസ്മെറാൻ' എന്നാണ് ഈ വാക്സിന് പേരിട്ടിരിക്കുന്നത്.

എന്താണ് വ്യക്തിഗത എം.ആർ.എൻ.എ വാക്സിൻ?

സാധാരണയായി രോഗങ്ങൾ വരാതിരിക്കാൻ നൽകുന്ന പ്രതിരോധ കുത്തിവെപ്പുകളിൽ നിന്നും വ്യത്യസ്തമാണ് വ്യക്തിഗത എം.ആർ.എൻ.എ വാക്സിനുകൾ. ഇത് ഓരോ രോഗിയുടെയും ട്യൂമറിലെ പ്രത്യേക ജനിതക വ്യതിയാനങ്ങൾ വിശകലനം ചെയ്താണ് വികസിപ്പിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും ശരീരത്തിൽ ശേഷിക്കാൻ സാധ്യതയുള്ള ക്യാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ഇത് രോഗിയുടെ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുന്നു. മെർക്കിന്‍റെ ഇമ്മ്യൂണോതെറാപ്പി മരുന്നായ കീട്രൂഡ (Keytruda) യോടൊപ്പം ചേർത്ത് നൽകിയാണ് വാക്സിൻ പരീക്ഷിച്ചത്.

ഗുരുതരമായ മെലനോമ രോഗബാധയുണ്ടായിരുന്ന 1,137 രോഗികളിലാണ് പരീക്ഷണം നടത്തിയത് (High-risk stage IIB to IV). കീട്രൂഡ മാത്രം സ്വീകരിച്ച രോഗികളേക്കാൾ, കീട്രൂഡയും എം.ആർ.എൻ.എ വാക്സിനും ചേർത്ത് സ്വീകരിച്ച രോഗികളിൽ കാൻസർ വീണ്ടും വരാനുള്ള സാധ്യത 49% വരെ കുറഞ്ഞതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ, കാൻസർ മറ്റ് അവയവങ്ങളിലേക്ക് പടരാനുള്ള സാധ്യതയും ഗണ്യമായി കുറയ്ക്കാൻ ഇതിന് കഴിഞ്ഞു. പരീക്ഷണത്തിനിടെ രോഗികളിൽ മറ്റ് പാർശ്വഫലങ്ങളോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയിട്ടുമില്ല.

അടുത്ത വർഷത്തോടെ ലഭ്യമായേക്കും

ചരിത്രത്തിൽ ആദ്യമായാണ് എം.ആർ.എൻ.എ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഒരു വ്യക്തിഗത കാൻസർ വാക്സിൻ വിജയകരമായി അവസാന ഘട്ട പരീക്ഷണം പൂർത്തിയാക്കുന്നത്. വാക്സിന്റെ ക്ലിനിക്കൽ ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവന്നതോടെ മോഡേണ, മെർക്ക് കമ്പനികൾ വിവിധ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഏജൻസികളുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ അടുത്ത വർഷത്തോടെ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങുമെന്ന് മോഡേണ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് വ്യക്തമാക്കി.

പുത്തന്‍ പ്രതീക്ഷ

കാൻസറിന് മരുന്ന് എന്ന ലക്ഷ്യത്തിന്‍റെ ആദ്യ പടികളില്‍ ഒന്നാണ് രോഗമുക്തി നേടിയവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത കുറയ്ക്കുക എന്നത്. മെലനോമയ്ക്ക് പുറമേ ശ്വാസകോശം, സ്തനാർബുദം, പാൻക്രിയാറ്റിക് കാന്‍സർ എന്നിവയ്ക്കെതിരെയും സമാനമായ എം.ആർ.എൻ.എ വാക്സിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്സിനുകൾക്ക് ശേഷം എം.ആർ.എൻ.എ സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ തുറന്നുകാട്ടുന്നതാണ് ഈ കണ്ടെത്തൽ. എന്നിരുന്നാലും, കമ്പനികൾ ഇതുവരെ പൂർണ്ണമായ പരീക്ഷണ ഡേറ്റ പുറത്തുവിട്ടിട്ടില്ല,

മെലനോമ

ചർമാർബുദങ്ങളിൽ ഏറ്റവും അപകടകാരിയായ ഒന്നാണ് മെലനോമ. ചർമത്തിന് നിറം നൽകുന്ന 'മെലനോസൈറ്റുകൾ' എന്ന കോശങ്ങളെയാണ് ഇത് ബാധിക്കുന്നത്. അതിവേഗം ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള കഴിവാണ് ഇതിനെ മാരകമാക്കുന്നത്. യുഎസിൽ മാത്രം പ്രതിവർഷം 8,500ലധികം ആളുകളാണ് മെലനോമ കാരണം മരണപ്പെടുന്നത്. പൊതുവെ പ്രായമായവരെ ബാധിക്കുന്ന ഒന്നാണെങ്കിലും 30 വയസ്സിന് താഴെയുള്ള ചെറുപ്പക്കാരിൽ ഇന്ന് ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് മെലനോമ. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) രശ്മികൾ, ആർട്ടിഫിഷ്യൽ ടാക്കിങ്, അൾട്രാവയലറ്റ് ലൈറ്റുകൾ എന്നിവ ഇതിന്‍റെ സാധ്യത കൂട്ടുന്നു.

ENGLISH SUMMARY:

Pharmaceutical giants Moderna and Merck have announced successful third-phase clinical trial results for their personalized mRNA cancer vaccine, named Intismeran. Designed specifically to combat melanoma, the vaccine trains the patient's immune system to target and destroy residual cancer cells following surgery. Clinical studies involving over 1,100 high-risk patients demonstrated that combining the vaccine with Keytruda significantly reduced the risk of cancer recurrence and spreading. Regulatory reviews are currently underway, with expectations that the breakthrough treatment could become publicly available by next year.