മസ്തിഷ്കജ്വരത്തിന് കാരണമാകുന്ന ചന്ദിപുര വൈറസ് (CHPV) വ്യാപനഭീതിയിൽ ഗുജറാത്തും രാജസ്ഥാനും. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇരുസംസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ദേശീയ സംയുക്ത പകര്‍ച്ചവ്യാധി പ്രതിരോധ സംഘത്തെ (NJORT) വിന്യസിച്ചു.
മറ്റ് ഗവേഷണ സ്ഥാപനങ്ങൾ നടത്തുന്ന ശാസ്ത്രീയ അന്വേഷണങ്ങളുമായി സഹകരിച്ചായിരിക്കും വിദഗ്ധസംഘത്തിന്റെ പ്രവർത്തനം. സംസ്ഥാന നിരീക്ഷണ യൂണിറ്റുകളുമായി ചേർന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) അന്വേഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും.
വൈറസിന്‍റെ വ്യാപനരീതി, രോഗലക്ഷണങ്ങൾ, രോഗത്തിന്‍റെ പകർച്ചവ്യാധി ശാസ്ത്രം, ചികിത്സാ സാധ്യതകൾ എന്നിവയെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ രൂപപ്പെടുത്തുന്നതിനും തെളിവുകളുടെ അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമാണ് സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടത്. എൻജെഒആർടിക്ക് പിന്തുണ നൽകുന്നതിനായി എൻസിഡിസിയുടെ പബ്ലിക് ഹെൽത്ത് എമർജൻസി ഓപ്പറേഷൻസ് സെന്ററും (PHEOC) സജീവമാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രാദേശിക തലത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വിദഗ്ധസംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വിശദമായ റിപ്പോർട്ടും ശുപാർശകളും സമർപ്പിക്കും. സമീപ വർഷങ്ങളിൽ ചന്ദിപുര വൈറസിനെക്കുറിച്ച് നടക്കുന്ന ഏറ്റവും സമഗ്രമായ ശാസ്ത്രീയ അന്വേഷണങ്ങളിലൊന്നാണ് നിലവിലെ പഠനം.
എപ്പിഡെമിയോളജി, വൈറോളജി, എൻറമോളജി (Entomology), വെറ്ററിനറി സയൻസ്, ലബോറട്ടറി ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരെയാണ് അന്വേഷണത്തിനായി ഒരുമിപ്പിച്ചിരിക്കുന്നത്. രോഗത്തിന്റെ പൂർണ സ്വഭാവം മനസ്സിലാക്കുന്നതിനൊപ്പം, നേരിയ പനി മുതൽ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (AES) വരെയുള്ള രോഗലക്ഷണങ്ങൾ വിലയിരുത്തുകയും പൊതുജനാരോഗ്യ ഇടപെടലുകൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
രോഗബാധ റിപ്പോർട്ട് ചെയ്ത ജില്ലകളിൽ കടുത്ത പനിയും മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്ന രോഗികളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്ത അണുബാധ കണ്ടെത്താനും വൈറസിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കാനും സമൂഹതലത്തിൽ സീറോ സർവേകളും (Sero Survey) നടത്തിവരുന്നു.
ചന്ദിപുര വൈറസിന്റെ പ്രധാന രോഗവാഹകർ മണലീച്ചകളാണെന്നാണ് നിലവിലെ വിലയിരുത്തൽ. എന്നാൽ കൊതുകുകൾ, ചെള്ളുകൾ തുടങ്ങിയ മറ്റ് ജീവികൾക്കും രോഗവ്യാപനത്തിൽ പങ്കുണ്ടോയെന്ന് ശാസ്ത്രജ്ഞർ പരിശോധിച്ചുവരികയാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച നിരവധി രോഗവാഹകരുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതുവരെ നിലവിലെ രോഗവ്യാപനത്തിന് കാരണമായ രോഗവാഹകരെക്കുറിച്ച് സ്ഥിരീകരിക്കാനാകില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
വളർത്തുമൃഗങ്ങൾക്കിടയിൽ വൈറസ് പടരുന്നുണ്ടോയെന്നും അവ രോഗാണുവാഹകരായി പ്രവർത്തിക്കുന്നുണ്ടോയെന്നും കണ്ടെത്താൻ മൃഗങ്ങളിലേക്കും നിരീക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പശു, എരുമ, ആട് എന്നിവയിൽ നിന്ന് രക്തത്തിന്റെയും പാലിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ ഏകദേശം 70 മൃഗങ്ങളുടെ രക്തസാമ്പിളുകൾ ചന്ദിപുര വൈറസിനും മറ്റ് രോഗാണുക്കൾക്കുമായി പരിശോധിച്ചുവരികയാണ്.
2024-ൽ ഗുജറാത്തിലുണ്ടായ ചന്ദിപുര വൈറസ് വ്യാപനത്തിൽ നിന്നുള്ള അനുഭവങ്ങളും നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് മണലീച്ചകൾ ഉൾപ്പെടെ വിവിധ രോഗവാഹകരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവ് ആയിരുന്നു. അതിനാൽ ഒരു പ്രത്യേക രോഗവാഹകനെ അന്ന് സ്ഥിരീകരിക്കാനായിരുന്നില്ല.
എന്താണ് ചന്ദിപുര വൈറസ്?
റാബ്ഡോവിരിഡേ (Rhabdoviridae) കുടുംബത്തിൽപ്പെട്ട ചന്ദിപുര വൈറസ് പ്രധാനമായും മണലീച്ചകളിലൂടെയാണ് പകരുന്നതെന്നാണ് നിലവിലെ വിലയിരുത്തൽ. 15 വയസ്സിൽ താഴെയുള്ള കുട്ടികളിലാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. കുട്ടികളിൽ ഗുരുതരമായ മസ്തിഷ്കജ്വരത്തിന് ഇത് കാരണമാകാം.
പെട്ടെന്ന് ഉയരുന്ന പനി, കടുത്ത തലവേദന, ഛർദി, അപസ്മാരം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നിലവിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി സ്ഥിരീകരിച്ചിട്ടില്ല.
ഈ വൈറസിനെതിരായ പ്രത്യേക ആന്റിവൈറൽ മരുന്നോ വാക്സിനോ നിലവിലില്ല. രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്ന സപ്പോർട്ടീവ് ചികിത്സ മാത്രമാണ് നൽകുന്നത്. രോഗവാഹക നിയന്ത്രണം, പരിസര ശുചിത്വം, പൊതുജന ബോധവൽക്കരണം എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.
കുട്ടികളിൽ രോഗപ്രതിരോധശേഷി താരതമ്യേന കുറവായതിനാൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ എല്ലാവരിലും രോഗം ഗുരുതരമാകണമെന്നില്ല. ഉയർന്ന പനിയോടൊപ്പം അപസ്മാരം, ബോധക്ഷയം, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.