ഗുജറാത്തിലെ ഭാവ്നഗറില്‍ ലിവ് ഇന്‍ പങ്കാളിയെ അടിച്ചുകൊന്ന കേസിലെ പ്രതിക്കെതിരെ പൊലീസിന്‍റെ മുന്നാംമുറ. കൊലപാതകം നടന്ന ബസ്റ്റാന്‍ഡില്‍ തെളിവെടുപ്പിനെത്തിച്ച സമയത്താണ് പൊലീസ് യുവാവിനെ ക്രൂരമായി തല്ലിയത്. കഴിഞ്ഞ ദിവസം ലിവ് പങ്കാളിയായ കാജൽബെൻ ബരായയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഫൈസല്‍ എന്ന 20 കാരനാണ് ക്രൂര മര്‍ദനമേറ്റത്. വ്യാഴാഴ്ച ഭാവ്നഗർ സിറ്റി എസ്ടി ബസ് സ്റ്റാൻഡില്‍ വച്ച് ഫൈസലിന്‍റെ മര്‍ദനമേറ്റ യുവതി തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
പൊലീസ് മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തെളിവെടുപ്പിനായി ബസ്റ്റാന്‍ഡിലെത്തിച്ച യുവാവിനെ പൊലീസ് ജീപ്പിനോട് ചേര്‍ത്തു നിര്‍ത്തി ലാത്തികൊണ്ട് അടിക്കുകയായിരുന്നു. കൈകള്‍ കയറിട്ട് ബന്ധിച്ച് ജീപ്പിനോട് ചേര്‍ത്ത് നിര്‍ത്തിയായിരുന്നു മര്‍ദനം. അടികൊണ്ട് നിലത്തു വീണ ഫൈസലിനെ എഴുന്നേല്‍പ്പിച്ച് വീണ്ടും മര്‍ദിച്ചു. ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് കൊണ്ടുപോയും ഫൈസലിനെ പൊലീസ് തല്ലി. ആള്‍ക്കൂട്ടം നോക്കിനില്‍കെയായിരുന്നു ക്രൂരമര്‍ദനം. മര്‍ദനത്തിന്‍റെ അഞ്ചു മിനിറ്റ് വിഡിയോ ആണ് പ്രചരിക്കുന്നത്. യൂണിഫോമിട്ട ഒരു പൊലീസുദ്യോഗസ്ഥനും സിവില്‍ വസ്ത്രം ധരിച്ച അഞ്ചോളം പേരുമാണ് പ്രതിക്കൊപ്പമുള്ളത്.
വര്‍ഷങ്ങളായി ഒന്നിച്ച് താമസിക്കുന്നവരാണ് ഫൈസലും കൊല്ലപ്പെട്ട കാജലും. സെപ്റ്റംബർ 3 ന് ബസ് സ്റ്റാൻഡിൽ ഉണ്ടായ തർക്കത്തിനിടെ ആക്രമണത്തിൽ കാജൽബെന് ഗുരുതരമായി പരുക്കേറ്റിരുന്നു. സെപ്റ്റംബർ 4 ന് ആശുപത്രിയിൽ ചികില്‍സയിലിരിക്കെയായിരുന്നു മരണം. കാജൽബെന്നിന്‍റെ ബന്ധങ്ങളിലുണ്ടായ സംശയമാണ് മര്‍ദനത്തിലേക്കും കൊലപാതകത്തിലേക്കും എത്തിച്ചത്.
സംഭവദിവസം ഉച്ചയോടെ ഫൈസലും കാജൽബെനും സുഹൃത്ത് രവി ഗോഹിലും തമ്മില്‍ ബസ്റ്റാന്‍ഡില്‍ വച്ച് തർക്കമുണ്ടായി. കാജൽബെന്നിന് രവിയുമായി ബന്ധമുണ്ടെന്ന് ഫൈസൽ സംശയിച്ചിരുന്നു. നീലംബാഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടർ ഡി.പി ഉനദ്കാഡാണ് പ്രതിയെ മര്‍ദിച്ചതെന്നാണ് വിവരം.