supreme-court-judges
  • 21 വര്‍ഷം മുന്‍പ് മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട പതിനേഴുകാരന് ഒടുവില്‍ നീതി! പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടും ശിക്ഷ ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി.

രണ്ടുപതിറ്റാണ്ട് മുമ്പുള്ള ദുരൂഹ മരണക്കേസിലെ ശിക്ഷാവിധി റദ്ദാക്കി സുപ്രീംകോടതി. സഹോദരന്‍റെ ഭാര്യയുടെ ദുരൂഹരമരണവുമായി ബന്ധപ്പെട്ട കേസില്‍ കൂട്ടുപ്രതിയാക്കപ്പെട്ട യുവാവിന്‍റെ ശിക്ഷയാണ് 21 വര്‍ഷത്തിനുശേഷം സുപ്രീംകോടതി റദ്ദാക്കിയത്. 17 വയസുള്ളപ്പോഴാണ് മധ്യപ്രദേശിലെ മൊറേനയില്‍ നിന്നുള്ള മഹാവീറിനെ കേസില്‍ പ്രതിയാക്കിയത്. കൊലക്കേസ് തള്ളിപ്പോയെങ്കിലും തെളിവുനശിപ്പിച്ചെന്ന കുറ്റത്തിന് മറ്റ് പ്രതികള്‍ക്കൊപ്പം മഹാവീറിനെയും മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഇത് പിന്നീട് ഹൈക്കോടതി ശരിവച്ചു. പ്രായപൂര്‍ത്തി ആയില്ലെന്ന് തെളിയിക്കാന്‍ മഹാവീറിന് കഴിഞ്ഞില്ല എന്നായിരുന്നു വിചാരണക്കോടതിയുടെ നിലപാട്.

എന്നാല്‍ കുറ്റകൃത്യം നടന്ന സമയത്ത് മഹാവീറിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ലഭ്യമായ രേഖകളില്‍ത്തന്നെ വ്യക്തമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. 21 വർഷം പഴക്കമുള്ള ശിക്ഷാവിധി റദ്ദാക്കുകയും ചെയ്തു. കോടതിയുടെ ഭാഗത്തുണ്ടായ പിഴവ് കാരണം ഒരാള്‍ക്ക് ഗുരുതരമായ നീതിനിഷേധം നേരിടേണ്ടിവന്നു എന്ന് ബോധ്യമായാല്‍ സുപ്രീം കോടതി അപ്പീൽ തള്ളിയാല്‍പ്പോലും ഹൈക്കോടതിക്ക് പ്രത്യേക അധികാരമുപയോഗിച്ച് സ്വന്തം വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.  ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 

ദുരൂഹമരണക്കേസ്: 2004-ൽ മോറേനയിലെ റെയിൽവേ ട്രാക്കിൽ ഭൂറി എന്ന സ്ത്രീയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയതില്‍ നിന്നാണ് കേസിന്റെ തുടക്കം. ഭൂറിയുടെ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനം, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവിന്റെ സഹോദരനായ മഹാവീറും കേസിൽ പ്രതിയായി.

madhya-pradesh-high-court

വിചാരണസമയത്ത് ഭൂറിയുടെ അമ്മയും സഹോദരന്മാരുമടക്കം ഭൂരിഭാഗം പ്രോസിക്യൂഷൻ സാക്ഷികളും കൂറുമാറി. തുടർന്ന്, കൊലപാതകം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളിൽനിന്ന് വിചാരണക്കോടതി പ്രതികളെ വെറുതെ വിട്ടു. എന്നാൽ, തെളിവ് നശിപ്പിച്ചതിന് പ്രതികൾക്ക് മൂന്നുവർഷത്തെ കഠിനതടവ് വിധിച്ചു. അപ്പീൽ തള്ളി  2017-ൽ ഹൈക്കോടതിയും 2018-ൽ സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു.

കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിധി പുനഃപരിശോധിക്കാൻ മഹാവീർ ഹൈക്കോടതിയെ സമീപിച്ചു. അന്ന് 17 വയസ്സും രണ്ടു മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നായിരുന്നു വാദം. ആദ്യമായാണ് പ്രതി ഈ വാദം ഉന്നയിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ജുവനൈൽ ജസ്റ്റിസ് ബോർഡ് നടത്തിയ അന്വേഷണത്തിൽ, മഹാവീറിന്‍റെ ജനനത്തീയതി 01.07.1987 ആണെന്നും കുറ്റം നടന്ന 13.09.2004–ന് പ്രായപൂർത്തിയായിരുന്നില്ലെന്നും സ്ഥിരീകരിച്ചു. എന്നാൽ, ഈ കണ്ടെത്തൽ ഉണ്ടായിട്ടും ഹൈക്കോടതി അപ്പീല്‍ തള്ളി. സുപ്രീം കോടതി അന്തിമവിധി പ്രഖ്യാപിച്ച കേസിൽ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. തുടർന്നാണ് മഹാവീര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീംകോടതി നിരീക്ഷണങ്ങൾ

മഹാവീറിന്‍റെ അപ്പീൽ സുപ്രീംകോടതി തള്ളിയതല്ല, മറിച്ച് പ്രതി ഹർജി പിൻവലിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം ഹൈക്കോടതിയിൽ ഉന്നയിക്കുന്നതിന് വേണ്ടിയാണ് ഹർജി പിൻവലിച്ചത്, എന്നാൽ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല.

വിചാരണയുടെ ഏതുഘട്ടത്തിലും, അന്തിമവിധി വന്നശേഷവും പ്രായപൂർത്തിയായിരുന്നില്ലെന്ന വാദം ഉന്നയിക്കാമെന്ന് മുൻകാല വിധികളിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം, സ്ത്രീധന പീഡനം എന്നീ പ്രധാന കുറ്റങ്ങൾ തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, തെളിവ് നശിപ്പിച്ചു എന്ന കുറ്റം നിലനിൽക്കില്ല. ഒരു കുറ്റം നടന്നു എന്ന് തെളിയിക്കപ്പെട്ടാൽ മാത്രമേ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിന് ശിക്ഷിക്കാൻ കഴിയൂ എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.  

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവും പ്രതിക്കെതിരായ ശിക്ഷാവിധിയും സുപ്രീം കോടതി റദ്ദാക്കി. കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളെ കുറ്റവാളികളായല്ല, മറിച്ച് സാഹചര്യങ്ങളുടെ ഇരകളായാണ് കാണേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു. സാമൂഹിക, സാമ്പത്തിക, മാനസിക കാരണങ്ങളാൽ കുറ്റകൃത്യങ്ങളിലേക്ക് നയിക്കപ്പെടുന്ന കുട്ടികളെ ശാശ്വതമായി കുറ്റവാളികളായി മുദ്രകുത്താതെ, സമൂഹത്തിന്റെ മുഖ്യധാരയില്‍ തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.  ശിക്ഷാവിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ച മധ്യപ്രദേശ് ഹൈക്കോടതിയുടെ (ഗ്വാളിയർ ബെഞ്ച്) 2018-ലെ ഉത്തരവ് സുപ്രീം കോടതി പൂർണമായി റദ്ദാക്കി

Supreme Court Quashes Man's Conviction After 21 Years Over Juvenility Plea:

The Supreme Court overturned the 21-year-old conviction of a Madhya Pradesh man named Mahaveer, ruling that he was a minor at the time of the alleged offense in 2004. Initially accused in the mysterious death of his sister-in-law, Mahaveer was acquitted of murder and dowry harassment but had been sentenced to three years of rigorous imprisonment for destroying evidence. A bench comprising Justices Prashant Kumar Mishra and Shree Chandrashekhar held that a plea of juvenility can be raised at any stage, even after a final verdict. The apex court also clarified that when the primary charges fail, a conviction for destroying evidence cannot stand alone, emphasizing that juvenile offenders should be treated as victims of circumstances rather than hardened criminals.