e-seva-van

TOPICS COVERED

ഇന്ത്യയുടെ ഗ്രാമാന്തരങ്ങളിലും ഉള്‍നാടുകളിലുമായി നീതി തേടുന്ന നിരാലംബര്‍ നിരവധിയാണ്. നഗരങ്ങളിലെത്തി കോടതിയെ സമീപിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍,  നിയമ സഹായം ലഭിക്കാത്തവര്‍, കേസിനുപിന്നാലെ നടക്കാനും നിയമ പോരാട്ടത്തിനും സാമ്പത്തിക ശേഷിയില്ലാത്തവര്‍,  ഇങ്ങനെ അനീതി നേരിടുന്നവരെ സഹായിക്കാന്‍ ഇന്ത്യയുടെ ഗ്രാമവഴികളിലൂടെ ഇനി സഞ്ചരിക്കുന്ന കോടതികളായി മൊബൈൽ ഇ-സേവാ വാനുകളെത്തും. 

സുപ്രീം കോടതിയും നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും നീതിന്യായ മന്ത്രാലയം ചേര്‍ന്നാണ് മൊബൈൽ ഇ-സേവാ വാനുകൾ നിരത്തിലിറിക്കുന്നത്. വിദൂര-ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളിലേക്ക് ഇ-കോടതി സേവനങ്ങളും സൗജന്യ നിയമസഹായവും തർക്കപരിഹാര സംവിധാനങ്ങളും നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സുപ്രീം കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജഡ്ജിമാരും കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും ചേര്‍ന്ന് വാനുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.

ആദ്യ ഘട്ടമായി 26 ഇ-സേവാ വാനുകളാണ് നിരത്തിലിറക്കിയത്.  രാജ്യത്തെ വിവിധ ഹൈക്കോടതികളുടെയും ജില്ലാ കോടതികളുടെയും പരിധിയിൽ ഘട്ടംഘട്ടമായി വാനുകള്‍ വിന്യസിക്കും. വൈകാതെ കൂടുതല്‍ വാനുകളെത്തും. ആകെ 73 വാനുകളാണ് നിരത്തിലിറക്കാന്‍ ലക്ഷ്യമിടുന്നത്.  പദ്ധതി ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും ഉൾനാടുകളിലും ജീവിക്കുന്ന, കോടതി സമുച്ചയങ്ങളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് നീതിന്യായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.  

ഇ-കമ്മിറ്റി രക്ഷാധികാരി കൂടിയായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ഫ്ലാഗ് ഓഫ് ചടങ്ങിന് മുന്നോടിയായി വാനുകളിലെ സാങ്കേതിക സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി. വാനിനുള്ളിൽനിന്ന് ഒരു ഹൈക്കോടതിയുമായും ജില്ലാ കോടതിയുമായും തത്സമയം വിഡിയോ കോൺഫറൻസിങ് നടത്തി അദ്ദേഹം കണക്റ്റിവിറ്റി ശേഷി പരിശോധിച്ചു. കോടതി സമുച്ചയങ്ങൾക്ക് പുറത്തുനിന്നും ഹിയറിങ്ങുകളും മറ്റ് കോടതി നടപടികളും തടസ്സമില്ലാതെ നടത്താനാകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു തത്സമയ സംവാദം. ഇ-കോർട്ട് സംവിധാനത്തിന്റെ സഞ്ചരിക്കുന്ന ഡിജിറ്റൽ രൂപമായാണ് മൊബൈൽ ഇ-സേവാ വാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേസ് വിവരങ്ങൾ, അടുത്ത ഹിയറിങ് തീയതി, ഉത്തരവുകൾ, വിധികൾ എന്നിവ അറിയുന്നതിനൊപ്പം ഇ-ഫയലിംഗ്, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയ്ക്കും സൗകര്യമുണ്ടാകും.

കോടതികളിൽ നേരിട്ടെത്താതെതന്നെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി 'മൊബൈൽ ലോക് അദാലത്തുകൾ', പ്രത്യേക ഡ്രൈവുകൾ എന്നിവ സംഘടിപ്പിക്കാനും വാനുകൾ ഉപയോഗിക്കും. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ, വ്യവഹാരങ്ങൾക്ക് മുന്നോടിയായുള്ള തർക്കങ്ങൾ, വൈദ്യുതി-അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ എന്നിവയും ഇതിലൂടെ പരിഹരിക്കാം. കൂടാതെ, പ്രാദേശിക ഭാഷകളിലുള്ള നിയമ അവബോധ പരിപാടികൾ സംഘടിപ്പിച്ച് സാധാരണക്കാരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകാനും പദ്ധതി ലക്ഷ്യമിടുന്നു.

ENGLISH SUMMARY:

The Supreme Court, National Legal Services Authority, and the Ministry of Law and Justice have jointly launched mobile e-Seva vans to provide free legal aid and judicial services to rural and remote areas across India. Chief Justice Surya Kant and Union Law Minister Arjun Ram Meghwal flagged off 26 e-Seva vans in the initial phase, aiming to deploy a total of 73 vans nationwide. Designed as traveling digital e-courts, these vans allow citizens to access case information, file documents online, make digital payments, and participate in video conference hearings with High Courts and District Courts. Furthermore, the initiative will facilitate mobile Lok Adalats to settle pre-litigation disputes and organize legal awareness programs in local languages.