bat-in-bed

TOPICS COVERED

വവ്വാൽ മുഖത്ത് വന്നിരുന്നതിനെത്തുടർന്ന് 11 വയസ്സുകാരനായ കുട്ടി റാബീസ് ബാധിച്ച് മരണപ്പെട്ട സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റതിന്റെയോ വവ്വാല്‍ മാന്തിയതിന്‍റേയോ പാടുകൾ ഇല്ലാതിരുന്നു. എന്നിട്ടും കുട്ടിക്ക് രോഗം ബാധിച്ചു. ഇതാണ് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നത്. കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് കേസിനെ കുറിച്ച് പ്രതിപാദിക്കുന്നത്. കാനഡയിൽ റാബീസ് ബാധ വളരെ അപൂർവ്വമാണെങ്കിലും, വവ്വാലുകൾ പോലുള്ള ജീവികളുമായുള്ള സമ്പർക്കം അങ്ങേയറ്റം ഗൗരവത്തോടെ കാണണമെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

2024ല്‍ ആയിരുന്നു സംഭവം. കാനഡയിലെ നോർത്തേൺ ഒന്റാറിയോയിൽ കുടുംബത്തോടൊപ്പമായിരുന്നു കുട്ടിയുടെ താമസം. ഒരു ദിവസം ഉറക്കമുണർന്നപ്പോൾ തന്‍റെ മുഖത്ത് വവ്വാൽ ഇരിക്കുന്നതായി കുട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടു. കുട്ടി ഉടനെ വവ്വാലിനെ തട്ടിമാറ്റി എഴുന്നേറ്റു. അവന്‍റെ പിതാവ് വവ്വാലിനെ പിടിച്ച് പുറത്തേക്ക് വിടുകയും ചെയ്തു. എന്നാൽ, കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ കടിയേറ്റ പാടുകളോ ഉണ്ടായിരുന്നില്ല. മാത്രമല്ല, കുട്ടി പൂർണ്ണ ആരോഗ്യവാനായി തന്നെ കാണപ്പെടുകയും ചെയ്തിരുന്നു. അതിനാല്‍ കുടുംബം വൈദ്യസഹായവും തേടിയില്ല.

എന്നാൽ 19 ദിവസങ്ങൾക്ക് ശേഷം കുട്ടിക്ക് കടുത്ത ഛർദ്ദി, മുഖത്ത് മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോളേക്കും വൈറസ് കുട്ടിയുടെ ശരീരത്തെ മാരകമായി ബാധിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയോളം ചികില്‍സയിലായിരുന്നു കുട്ടി. എന്നാല്‍ ആരോഗ്യനില വഷളായി കുട്ടി മരണപ്പെടുകയായിരുന്നു. 50 വർഷത്തിനിടെ ഒന്റാറിയോയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ റാബീസ് മരണമായിരുന്നു ഇത്.

വവ്വാലുകൾ എങ്ങിനെ അപകടകരമാകുന്നു?

വവ്വാലുകളുടെ പല്ലുകൾ വളരെ ചെറുതായതുകൊണ്ട് തന്നെ അവ കടിച്ചാലും ശരീരത്തിൽ അടയാളങ്ങൾ അവശേഷിക്കില്ല എന്നതാണ് പ്രധാന വെല്ലുവിളി. അതുകൊണ്ട് തന്നെ കടിയേറ്റതായി ആരും അറിയുകയോ സംശയിക്കുകയോ ചെയ്യാറില്ല. ഈ അറിവില്ലായ്മയാണ് പലപ്പോളും മരണത്തിലേക്ക് നയിക്കുന്നത്. മാത്രമല്ല റാബീസ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ പിന്നീട് ചികില്‍സ ഫലപ്രദമാകില്ലെന്നും മരണം ഉറപ്പാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം രോഗലക്ഷണങ്ങൾ വരുന്നതിന് മുൻപ് പ്രതിരോധ ചികിത്സ എടുത്താൽ പൂർണ്ണമായും സുഖപ്പെടുത്താനും സാധിക്കും.

അതുകൊണ്ടു തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുൻപ് തന്നെ ചികിത്സ തേടുക എന്നതാണ് റാബീസിനെ തടയാനുള്ള ഏകമാർഗം. പോസ്റ്റ്-എക്സ്പോഷർ പ്രൊഫിലാക്സിസ് എന്ന ചികിത്സാ രീതിയിലൂടെ വാക്സിനുകളും റാബീസ് ഇമ്മ്യൂൺ ഗ്ലോബുലിനും കൃത്യസമയത്ത് നൽകിയാൽ രോഗം പൂർണ്ണമായും തടയാൻ സാധിക്കും. വവ്വാലുമായി നേരിട്ട് സമ്പർക്കം ഉണ്ടായാല്‍ ഉടൻ തന്നെ വൈദ്യസഹായം തേടുക. മുറിവുകളോ പാടുകളോ ഇല്ലെങ്കിലും വവ്വാലുമായി സമ്പര്‍ക്കം ഉണ്ടായെന്ന് ഉറപ്പായാൽ ചികിത്സ എടുക്കാൻ മടിക്കരുത്. 

ENGLISH SUMMARY:

The tragic death of an 11-year-old child from rabies after a bat landed on their face serves as a critical public health warning. Despite having no visible bite marks or scratches, the child contracted the virus, leading to death 19 days later. Medical experts emphasize that bat teeth are often so small that bites go unnoticed, making timely medical intervention essential. If there is any known contact with a bat, regardless of whether a wound is visible, individuals must immediately seek post-exposure prophylaxis (PEP), which includes rabies vaccines and immunoglobulin. Once rabies symptoms appear, the virus is nearly always fatal, making prevention the only effective strategy.