dog-bite

Image Credit : Twitter / Ai Generated Image

പേടി മൂലം കുത്തിവെയ്പ്പ് എടുക്കാതിരുന്ന 9 വയസുകാരിക്ക് പേവിഷബാധയേറ്റ് ദാരുണാന്ത്യം. മുംബൈയിലാണ് കുടുംബത്തിന്‍റെ അനാസ്ഥ മൂലം 4ാം ക്സാസുകാരിയായ കാഷിഷ് സഹാനിക്ക് ജീവന്‍ നഷ്ടമായത്. നായ മാന്തിയിട്ടും പേവിഷബാധയ്ക്കുളള പ്രതിരോധക്കുത്തിവയ്പ്പെടുക്കാന്‍   കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് ആറുമാസങ്ങള്‍ക്കിപ്പുറമാണ് കുട്ടിക്ക് മരണം സംഭവിച്ചത്. 

മുത്തശ്ശനോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് കാഷിഷ് സഹാനിയെ തെരുവ് നായ മാന്തിയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പേവിഷബാധയ്ക്കുളള കുത്തിവെയ്പ്പ് എടുക്കാന്‍ കുട്ടി സമ്മതിച്ചില്ല. കുത്തിവെയ്പ്പിനോടുളള കുട്ടിയുടെ അമിത ഭയം മൂലം കുടുംബം കുട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വാക്സിന്‍ എടുക്കാതെ തിരികെ പോരുകയായിരുന്നു. നായയില്‍ നിന്നേറ്റ പോറല്‍ അധികം വൈകാതെ തന്നെ സുഖപ്പെട്ടതിനാല്‍ തുടര്‍ചികില്‍സയ്ക്ക് വീട്ടുകാരും കുട്ടിയെ നിര്‍ബന്ധിച്ചില്ല.

ആറുമാസങ്ങള്‍ക്ക് ശേഷം കുട്ടിയില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. കുട്ടി ആഹാരം കഴിക്കാതെയും വെളളം കുടിക്കാതെയുമായി. കണ്ണുകള്‍ ചുവപ്പ് നിറമായി. കുട്ടിയുടെ ആരോഗ്യം വളരെ മോശമായതോടെ കുടുംബം ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞത്. വിദഗ്ധ ചികില്‍സയ്ക്കായി കുട്ടിയെ മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. പേവിഷബാധയേറ്റുളള മരണമായതിനാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടപെട്ട് കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന വീട്ടുകാരെയും അയല്‍വാസികളെയും പരിശോധനയ്ക്ക് വിധേയരാക്കി. നായയോ പൂച്ചയോ ചെറുതായൊന്ന് മാന്തിയാല്‍ പോലും അവഗണിക്കാതെ ഉടന്‍ പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്ന് ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY:

Child rabies death in Mumbai due to vaccination fear highlights a tragic outcome. This incident underscores the critical importance of timely rabies prevention after animal bites, even with a child's apprehension.