ഇന്ത്യയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം പ്രയാസമനുഭവിക്കുന്നുണ്ടെന്ന് NFHS-6 സര്‍വേ. 15 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകളിൽ 19.4 ശതമാനത്തിനും പുരുഷന്മാരിൽ 22.1 ശതമാനത്തിനും ഇടയില്‍ ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നും അല്ലെങ്കിൽ അത് നിയന്ത്രിക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും സർവേ കണക്കുകള്‍ പറയുന്നു. ഇന്ത്യയിലെയും മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യ, ആരോഗ്യം, പോഷകാഹാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ദേശീയ സർവേയാണ് ദേശീയ കുടുംബാരോഗ്യ സർവേ 2023-24 (NFHS-6). 2026 മെയ് 29-ന് പുറത്തുവിട്ട NFHS-6 വിവരങ്ങള്‍ പ്രകാരമാണ് ‘രാജ്യത്തിന്‍റെ രക്തസമ്മര്‍ദം’ ഉയര്‍ന്നിരിക്കുന്നതായി വ്യക്തമാകുന്നത്.
പതിനഞ്ച് വയസ്സിനോ അതിന് മുകവിലോ പ്രായമുള്ള സ്ത്രീകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദമോ അത് നിയന്ത്രിക്കാനുള്ള മരുന്നുകളുടെ ഉപയോഗമോ ഗ്രാമങ്ങളില്‍ 17.8 ശതമാനമാണെങ്കില്‍ നഗരങ്ങളില്‍ 23.5 ശതമാനമാണെന്ന് സര്‍വേ പറയുന്നു. എന്നാല്‍ ഇതേ പ്രായ പരിധിയുള്ള പുരുഷന്‍മാരില്‍ ഇത് നഗരങ്ങളില്‍ 26.2ശതമാനവും ഗ്രാമങ്ങളിലേത് 20.4 ശതമാനവുമാണ്.
ഉയർന്ന രക്തസമ്മർദം മൂലമുള്ള അപകടങ്ങൾ
രക്തസമ്മർദം ധമനികളുടെ ഭിത്തികളിൽ അമിതമായി സമ്മർദം ചെലുത്തുമ്പോൾ അത് ഹൃദയാരോഗ്യത്തെ ബാധിക്കുകയും ജീവന് തന്നെ ഭീഷണിയായേക്കാവുന്ന അടിയന്തിര ഘട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വരെയും വ്യക്തമായ ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ ഇതിനെ 'നിശബ്ദ കൊലയാളി' എന്നും വിളിക്കുന്നു. നിയന്ത്രണാതീതമായ ഉയർന്ന രക്തസമ്മർദം കാലക്രമേണ രക്തക്കുഴലുകൾക്കും പ്രധാന അവയവങ്ങൾക്കും ഘടനാപരമായ നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
ഹൃദയാഘാതവും ഹൃദയസ്തംഭനവും:
നിരന്തരമായ ഉയർന്ന സമ്മർദ്ദം ഹൃദയത്തിലേക്കുള്ള രക്തത്തിന്‍റെയും ഓക്സിജന്‍റെയും ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഇത് ഹൃദയപേശികളെ കൂടുതൽ കഠിനമായി ജോലി ചെയ്യാൻ നിർബന്ധിതമാക്കുകയും, ഹൃദയം ദുർബലമാകുന്നതിനും ഒടുവിൽ ഹൃദയസ്തംഭനത്തിനും വഴിയൊരുക്കുന്നു.
പക്ഷാഘാതവും (Stroke) ഓർമ്മക്കുറവും:
ഇത് തലച്ചോറിലെ നേർത്ത രക്തക്കുഴലുകൾ പൊട്ടുന്നതിനോ തടസ്സപ്പെടുന്നതിനോ കാരണമാകാം. ഓക്സിജൻ ലഭ്യത ഇല്ലാതാക്കുകയും മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
വൃക്ക തകരാറുകൾ:
ഉയർന്ന രക്തസമ്മർദം മാലിന്യങ്ങൾ അരിച്ചെടുക്കുന്ന വൃക്കയിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു.
കാഴ്ച നഷ്ടപ്പെടൽ:
റെറ്റിനയിലേക്ക് രക്തം എത്തിക്കുന്ന ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കാഴ്ച മങ്ങുന്നതിനോ പൂർണ്ണമായ അന്ധതയ്ക്കോ കാരണമാകാം.
പ്രധാന കാരണങ്ങളും പ്രതിരോധവും
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി (അമിതമായി ഉപ്പ് അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ), ശാരീരിക അധ്വാനമില്ലായ്മ, അമിതവണ്ണം, പുകവലി, മദ്യപാനം പോലുള്ള ശീലങ്ങൾ, പാരമ്പര്യം, വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം, തൈറോയ്ഡ് തകരാറുകൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകാം. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവയ്ക്ക് മുൻഗണന നൽകുകയും സംസ്കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്്താല്‍ വലിയൊരളവോളം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനാകും.
പ്രതിദിനം ഉപ്പിന്‍റെ ഉപയോഗം 1,500 മില്ലിഗ്രാമിൽ താഴെയായി കുറയ്ക്കുക. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ നിരക്കിൽ നടക്കുകയോ സൈക്കിൾ ചവിട്ടുകയോ ചെയ്യുക. ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ബോഡി മാസ് ഇൻഡക്സ് (BMI) ആരോഗ്യകരമായി നിലനിർത്തുക. പുകവലി ഉപേക്ഷിക്കുക. മാനസിക സമ്മർദ്ദം കുറയ്ക്കുകയും നന്നായി ഉറങ്ങുകയും ചെയ്യുന്നതും രക്തസമ്മര്‍ദം ഉയരാതെ നോക്കും.യോഗ, ധ്യാനം എന്നിവ ശീലിക്കുന്നത് മാനസികസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. രക്തസമ്മര്‍ദത്തിന് ഡോക്ടര്‍ മരുന്നുകള്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത് കൃത്യമായി കഴിക്കണം. രക്തസമ്മർദത്തിനുള്ള മരുന്നുകൾ പെട്ടെന്ന് നിർത്തുന്നത് അപകടകരമായ സാഹചര്യങ്ങൾക്ക് കാരണമാകും.
അതേസമയം ഇന്ത്യയിൽ ഉയർന്ന രക്തസമ്മർദമുള്ളവരുടെ ശതമാനം ആശങ്കാജനകമാണെങ്കിലും, മുൻ സർവേയെ (NFHS-5) അപേക്ഷിച്ച് NFHS-6-ൽ ഇതിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളിൽ ഇത് 21.3 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായും, പുരുഷന്മാരിൽ 24 ശതമാനത്തിൽ നിന്ന് 22.1 ശതമാനമായും കുറഞ്ഞിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ വാക്സിനേഷൻ നിരക്ക്, പോഷകാഹാരം, മാതൃ ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം, പ്രസവാനന്തര പരിചരണം എന്നിവയിലും സര്‍വേയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്.