കെ.എം.സി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ആദ്യ വാർഷിക ഗവേഷണ സമ്മേളനം 'കെഎംസിടി കോൺഫ്ലുവൻസ് 2026' കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിൽ നടന്നു. ലോകാരോഗ്യ സംഘടന മുൻ ചീഫ് സയന്റിസ്റ്റും എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സണുമായ ഡോ. സൗമ്യ സ്വാമിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചികിത്സാ-പൊതുജനാരോഗ്യ മേഖലകളിലെ പുതിയ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്താൻ സർക്കാർ-സ്വകാര്യ സഹകരണവും കൂടുതൽ നിക്ഷേപവും വേണമെന്ന് ഡോ. സൗമ്യ പറഞ്ഞു. സമ്മേളനത്തില്‍ മൂന്ന് ഗവേഷണ മികവ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന മികച്ച ദേശീയതല ട്രാൻസ്ലേഷണൽ മെഡ്ടെക് ഗവേഷണ പുരസ്കാരം കൊച്ചി അമൃത വിശ്വവിദ്യാപീഠം സ്കൂൾ ഓഫ് നാനോസയൻസസ് ആൻഡ് മോളിക്യൂലാർ മെഡിസിനിലെ പ്രഫസർ ഡോ. ദീപ്തി മേനോന് സമ്മാനിച്ചു. 30,000 രൂപയുടെ മികച്ച ഫാക്കൽറ്റി പബ്ലിക്കേഷൻ പുരസ്കാരം കെഎംസിടി മെഡിക്കൽ കോളേജ് റിസർച്ച് സയന്റിസ്റ്റ് ഡോ. അഞ്ജിത തെരേസ് ബെന്നിക്കും 20,000 രൂപയുടെ മികച്ച ബിരുദാനന്തര ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്കാരം കെഎംസിടി ഡെന്റൽ കോളേജിലെ ഡോ. പാർവതി നാരായണനും ലഭിച്ചു. കെഎംസിടി സ്ഥാപനങ്ങളിലെ വിദ്യാർഥി ഗവേഷകരെയും ചടങ്ങിൽ ആദരിച്ചു. ഡോ. നവാസ് കെ.എം. ചടങ്ങിന് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റിയും ഡയറക്ടറുമായ ഡോ. ആയിഷ നസ്രീൻ ഗവേഷണ പുരസ്കാരങ്ങളെക്കുറിച്ചുള്ള അവലോകനം അവതരിപ്പിച്ചു.