മഴക്കാർ കാണുമ്പോൾ സങ്കടം വരാറുണ്ടോ? മഞ്ഞുകാലത്ത് എന്തെന്നറിയാത്ത ഒരു 'SAD' മൂഡ് ? വെറുതെ ഇരിക്കുമ്പോൾ മനസ്സിൽ പെട്ടെന്നൊരു വിഷമം, വല്ലാത്ത ഒരു ഭാരം അങ്ങനെ തോന്നാറുണ്ടോ? പ്രത്യേകിച്ചൊരു കാരണവുമില്ലാതെ എന്തിനോടൊക്കെയോ ഒരു മടുപ്പ് ആരോടും സംസാരിക്കേണ്ട ആരെയും കാണേണ്ട ഒറ്റയ്ക്കിരിക്കാൻ തോന്നുന്ന പോലെ... എന്ത് ചെയ്തിട്ടും ഒരു സന്തോഷമില്ലാത്ത അവസ്ഥ. ഇതൊക്കെ നിങ്ങൾക്ക് മാത്രം തോന്നുന്ന ഒന്നാണ്, അല്ലെങ്കിൽ എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ കരുതുന്നുണ്ടെങ്കിൽ തീർച്ചയായും അല്ല.
ചില സമയം ആരോടും പറയാൻ പോലും കഴിയാത്ത മനസിന്റെ മരവിപ്പിനും ചിന്തകൾക്കും ചില ശാസ്ത്രീയ വശങ്ങളുണ്ട്. മഴക്കാലത്ത് നിന്നും പതിയെ ഒരു മൂടല്‍മഞ്ഞിന്റെ തണുപ്പിലേക്ക് പോകുന്ന ഈ നവംബർ ഡിസംബർ മാസങ്ങളിൽ പ്രത്യേകിച്ച്. ഒരുപക്ഷെ, നമ്മൾ നിസാരമായി തള്ളിക്കളയുന്ന അല്ലെങ്കിൽ മടിയാണെന്ന് തെറ്റിദ്ധരിക്കുന്ന ഇത്തരം അവസ്ഥകളെയാണ് ശാസ്ത്രലോകം സീസണൽ അഫക്റ്റിവ് ഡിസോർഡർ അഥവാ SAD എന്ന് പറയുന്നത്.
സൂര്യ പ്രകാശത്തിന്റെ അളവിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾക്ക് പോലും നമ്മുടെ ശരീരത്തിലുള്ള ഹോർമോണുകളെ, പ്രത്യേകിച്ച് സെറോടോണിനെയും ഉറക്കം തരുന്ന മെലാടോണിനെയും തകിടം മറിക്കാനുള്ള പ്രാപ്തിയുണ്ട്. അതിനാൽ, വെളിച്ചം കുറയുംതോറും നമ്മുടെ തലച്ചോർ ഒരു മയക്കത്തിലേക്ക് പോവുകയും കൂടെ മനസിന് ഭാരം ഉണ്ടാകും വിധത്തിലുള്ള ഒരുതരം ഉത്കണ്ഠ ജനിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അതിശൈത്യകാലം ഉണ്ടാകുന്ന ദ്രുവ പ്രദേശങ്ങളിൽ ആളുകൾക്ക് വിഷാദ രോഗങ്ങൾ അധികമായി പിടിപെടുന്നത്.
എന്നാൽ, കേരളത്തിന്റെ മിതമായ കാലാവസ്ഥയിൽ പോലും ആളുകളിൽ ഈ സീസണൽ അഫക്റ്റിവ് ഡിസോർഡർ കണ്ടുവരാറുണ്ട്. ഉദാഹരണത്തിന് ആകാശമൊക്കെ കറുത്തിരുണ്ട് കാർമേഘങ്ങൾ അനാവൃതമായി കിടക്കുമ്പോൾ പലരുടെയും ഉള്ളിൽ പെട്ടെന്നൊരു ഏകാന്തത അല്ലെങ്കിൽ കാരണമില്ലാതെ സങ്കടം വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷം മുഴുവൻ സൂര്യന്റെ വെയിലും ചൂടും ശക്തമായി അനുഭവപ്പെടുന്ന ഇടങ്ങളാണെങ്കിൽ പോലും മഴക്കാലം നമ്മുടെ മൂടിനെയും എനർജിയെയും ബാധിക്കുന്നതും ഈ സീസണൽ അഫക്റ്റിവ് ഡിസോർഡറിന്റെ വശങ്ങളാണ്.
അതിനാൽ, ഇത് വലിയൊരു രോഗാവസ്ഥയെ നമുക്ക് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടോ അല്ല, മറിച്ച് കാലാവസ്ഥയോട് നമ്മുടെ ശരീരം നടത്തുന്ന ചില പ്രതികരണങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.
ഇതിനെ മറികടക്കാൻ, ചില ചെറിയ കാര്യങ്ങൾ നമ്മെ സഹായിച്ചുവെന്ന് വരാം, ഇനി വരുന്ന ഡിസംബർ മാസത്തെ തണുപ്പ് മനസിനെ ബാധിക്കുകയാണെങ്കിൽ ചെറിയ ചൂടുള്ള ഇളം വെയിൽ കൊള്ളാനിറങ്ങുക, ഇഷ്ട്ടപ്പെട്ട പാട്ടുകൾ കേൾക്കുക, സൂര്യ വെളിച്ചത്തിനോട് സമാനമായ പ്രകാശം നൽകുന്ന ചില ലാമ്പുകൾ ഉപയോഗിക്കുക, പ്രിയപ്പെട്ടവർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുക തുടങ്ങിയ വഴികളിലൂടെ സീസണൽ അഫക്റ്റിവ് ഡിസോർഡറിനെ നമുക്ക് മറികടക്കാം.