വിവാഹത്തിന് നമ്മുടെ ആരോഗ്യവുമായി ബന്ധമുണ്ടോ? എന്നാല്‍ വിവാഹിതരായവരെ അപേക്ഷിച്ച് ഒരിക്കല്‍പോലും വിവാഹം കഴിക്കാത്ത ആളുകൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. കാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. വിവാഹിതരായ പുരുഷന്മാരേക്കാൾ വിവാഹം കഴിക്കാത്ത പുരുഷന്മാരില്‍ കാന്‍സറിന് 68% കൂടുതല്‍ സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. അതേസമയം വിവാഹം കഴിക്കാത്ത സ്ത്രീകളിൽ വിവാഹം കഴിച്ച സ്ത്രീകളേക്കാള്‍ കാന്‍സര്‍ വരാനുള്ള സാധ്യത 83% കൂടുതലാണെന്നും പഠനം പറയുന്നു.
ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളിൽ ഒന്ന്, വിവാഹം കഴിക്കാത്ത സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ കാൻസർ സാധ്യതയുണ്ടെന്നതാണ്. ഇതിന് ഒരുപരിധിവരെ ജൈവശാസ്ത്രപരമായ കാരണങ്ങളും പഠനം നിരത്തുന്നു. ഉദാഹരണത്തിന്, ഒരിക്കലും പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകളില്‍ അണ്ഡാശയ, എൻഡോമെട്രിയൽ കാൻസർ പോലുള്ളവയ്ക്കുള്ള സാധ്യത കൂടുതലാണത്രേ.
വിവാഹം കാന്‍സറിനെ സ്വാധീനിക്കുമെന്നത് അതിശയകരമായി തോന്നുമെങ്കിലും വിവാഹവും ആരോഗ്യവും തമ്മിലുള്ള ബന്ധം അത്ര ലളിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതായത് വിവാഹം നേരിട്ട് കാന്‍സറിനെ സ്വാധീനിക്കുന്നില്ല, മറിച്ച് വിവാഹത്തിലൂടെ ലഭിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് കാരണം. ഉദാഹരണത്തിന് വിവാഹിതരായ വ്യക്തികൾക്ക് പലപ്പോഴും മെച്ചപ്പെട്ട വൈകാരികവും സാമൂഹികവുമായ പിന്തുണ ലഭിക്കും മാത്രമല്ല നേരത്തെ വൈദ്യസഹായം തേടാന്‍ പങ്കാളിയില്‍ നിന്നും പ്രോത്സാഹനമുണ്ടാവും സ്വന്തം ക്ഷേമത്തിനും കുടുംബത്തിന്‍റെ ക്ഷേമത്തിനും വേണ്ടി ആരോഗ്യകരമായ ജീവിതശൈലിയായിരിക്കും ഇവര്‍ പിന്തുടരുന്നത്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍ തുടങ്ങിയവയും വിവാഹിതരില്‍ കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ശ്വാസകോശ, ഗർഭാശയ കാൻസറുകളുമായി ബന്ധപ്പെട്ടവയാണ് ഇവയില്‍ പല ഘടകങ്ങളും.
ചുരുക്കിപ്പറഞ്ഞാല്‍ വിവാഹത്തിന് മൊത്തത്തിലുള്ള ക്ഷേമത്തെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമത്രേ. എന്നാല്‍ വിവാഹം തന്നെയാണ് പ്രധാന ഘടകം എന്നതിനോട് എല്ലാ വിദഗ്ധരും യോജിക്കുന്നില്ല. വിവാഹിതർക്ക് ആരോഗ്യ ഇൻഷുറൻസ് കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും, കൂടുതൽ മികച്ച പരിചരണം ലഭിക്കും, ഏതുഘട്ടത്തിലും കുടുംബത്തില്‍ നിന്നും ശക്തമായ പിന്തുണ ലഭിക്കും തുടങ്ങിയവയെല്ലാം ഇതിനെ സ്വാധീനിച്ചേക്കാം എന്നാണ് കരുതുന്നത്.
അതേസമയം, കുടുംബം, സുഹൃത്തുക്കൾ എന്നിങ്ങനെ മികച്ചതും ദൃഡമായതുമായ സാമൂഹിക ബന്ധങ്ങളുണ്ടായാല്‍ വിവാഹം കഴിക്കാത്തവരിലും മെച്ചപ്പെട്ട ആരോഗ്യവും രോഗമുക്തി നിരക്കും ഉണ്ടാകുമെന്ന് ഗവേഷണങ്ങൾ പറയുന്നു. വളർത്തുമൃഗങ്ങളോ അടുത്ത സൗഹൃദങ്ങളോ ഉള്ളവര്‍ക്ക് മികച്ച മാനസികവും ശാരീരികവുമായി ആരോഗ്യമുണ്ടാകുമെന്ന് സർവേകൾ പോലും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ പരിശോധനകളിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും അവിവാഹിതരായ വ്യക്തികൾക്ക് അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറയുന്നു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 10 കോടിയിലധികം ആളുകളുടെ ആരോഗ്യവിവരങ്ങളെ പഠനം നടത്തിയത്. 2015 മുതൽ 2022 വരെ രേഖപ്പെടുത്തിയ 40 ലക്ഷം കാന്‍സര്‍ കേസുകൾ ഇതിനായി വിശകലനം ചെയ്തു. പ്രധാനമായും 30 വയസിനു മുകളിലുള്ളവരിലാണ് പഠനം കേന്ദ്രീകരിച്ചത്. മിയാമി ഹെൽത്ത് സിസ്റ്റത്തിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. പൗലോ എസ്. പിൻഹീറോയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.