ലോകത്തെ നിയന്ത്രിക്കുന്നത് നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ചില ശക്തികളാണോ? ലോകനേതാക്കൾ വെറും മുഖംമൂടികൾ മാത്രമാണോ? യഥാർഥ വ്യക്തികൾക്ക് പകരം ക്ലോണുകളെയോ രൂപസാദൃശ്യമുള്ള മറ്റുള്ളവരെയോ നിയോഗിച്ചിട്ടുണ്ടോ? കോൺസ്പിരസി തിയറി അഥവാ ഗൂഢാലോചനാ സിദ്ധാന്തങ്ങളിൽ കൗതുകമുണർത്തുന്ന ഒന്നാണ് ഈ ‘ഷാഡോ ഗവൺമെന്റ്’, ‘ഹ്യൂമൻ റീപ്ലേസ്മെന്റ്’ വാദങ്ങൾ. പക്ഷേ, ഇവയ്ക്ക് വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളില്ല. അതവിടെ നിൽക്കട്ടെ.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിൽ ഡെൽ ടെക്നോളജീസിന്റെ സ്ഥാപകൻ മൈക്കിൾ ഡെല്ലും ഭാര്യ സൂസൻ ഡെല്ലും ശ്രദ്ധേയമായ ഒരു പ്രഖ്യാപനത്തിന്റെ ഭാഗമായി. അമേരിക്കയിലെ നവജാത ശിശുക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ‘ട്രംപ് അക്കൗണ്ട്സ്’ പദ്ധതിയിലേക്ക് 6.25 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 25 ദശലക്ഷം കുട്ടികളുടെ അക്കൗണ്ടുകളിൽ 250 ഡോളർ വീതം നിക്ഷേപിക്കാനാണ് ഈ തുക. എന്നാൽ, ഈ വമ്പൻ സാമ്പത്തിക പ്രഖ്യാപനത്തിനൊപ്പം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത് സൂസൻ ഡെല്ലിന്റെ മാറിയ രൂപമായിരുന്നു.
മുഖത്തെ മാറ്റങ്ങൾ, കണ്ണുകളുടെ നോട്ടം, ശരീരഭാഷ, സംസാരരീതി... ഇതെല്ലാം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പലതരം വാദങ്ങൾ ഉയർന്നു. സൂസൻ ഡെൽ ക്ലോൺ ചെയ്യപ്പെട്ടതാണെന്നും അവർ പഴയതിൽനിന്ന് വ്യത്യസ്തയായ മറ്റൊരാളാണെന്നുമുള്ള അവകാശവാദങ്ങൾ ഇൻസ്റ്റഗ്രാമിലും എക്സിലും പ്രചരിച്ചു. പഴയ ചിത്രങ്ങളും പുതിയ ദൃശ്യങ്ങളും താരതമ്യം ചെയ്തായിരുന്നു പലരുടെയും വാദങ്ങൾ. എന്നാൽ, രൂപത്തിലോ പെരുമാറ്റത്തിലോ ഉള്ള മാറ്റങ്ങൾ മാത്രം ഒരാൾ ക്ലോൺ ചെയ്യപ്പെട്ടുവെന്നതിന് തെളിവാകില്ല.
അമേരിക്കയിൽ ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പുതുമയുള്ളതല്ല. പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ശതകോടീശ്വരന്മാരെയും ഹോളിവുഡ് താരങ്ങളെയും ചുറ്റിപ്പറ്റി വർഷങ്ങളായി സമാനമായ കഥകൾ പ്രചരിക്കുന്നുണ്ട്. ജോ ബൈഡൻ, കമല ഹാരിസ്, ഇലോൺ മസ്ക്, മാർക്ക് സക്കർബർഗ് തുടങ്ങിയവരെക്കുറിച്ചും പകരക്കാരെയോ ക്ലോണുകളെയോ സംബന്ധിച്ച അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇവയ്ക്കൊന്നും വിശ്വസനീയമായ തെളിവുകളില്ല.
എന്താണ് ഈ ക്ലോണിങ്?
ഒരു ജീവിയുടെ ഡിഎന്‍എ ഉപയോഗിച്ച് അതിനോട് ജനിതകപരമായി ഏറെ സാമ്യമുള്ള മറ്റൊരു ജീവിയെ സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണിത്. എന്നാൽ, ഒരാളുടെ രൂപം അതേപടി പകർത്തി അയാളുടെ ഓർമകളും വ്യക്തിത്വവും സ്വഭാവവും ഉള്ള മറ്റൊരാളെ സൃഷ്ടിക്കാന്‍ ശാസ്ത്രത്തിന് ഇനിയുമായിട്ടില്ല.
കോണ്‍സ്പിരസി തിയറി പറയുന്നത് ഇതിലും വിചിത്രമായ കാര്യങ്ങളാണ്. ഒരു നേതാവ് മരിക്കുകയോ തങ്ങൾക്ക് അനുകൂലമല്ലാത്ത നിലപാടുകൾ സ്വീകരിക്കുകയോ ചെയ്താൽ, രഹസ്യശക്തികൾ അയാൾക്ക് പകരം അതേ രൂപമുള്ള ഒരു ക്ലോണിനെ കൊണ്ടുവരുമെന്നാണ് ചിലരുടെ വാദം. എന്നാൽ, ഇതൊരു സങ്കൽപം മാത്രമാണ്; വസ്തുതയല്ല.
മറ്റൊരു ആശയമാണ് ‘ബോഡി ഡബിൾ’. പ്രമുഖ വ്യക്തികളുടെ രൂപസാദൃശ്യമുള്ള ആളുകളെ പകരക്കാരായി ഉപയോഗിക്കുന്ന രീതിയാണിത്. സിനിമകളിലും സ്റ്റേജ് പരിപാടികളിലും ചില സുരക്ഷാ സാഹചര്യങ്ങളിലും ബോഡി ഡബിളുകളെ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഒരു വ്യക്തിക്ക് രൂപസാദൃശ്യമുള്ള മറ്റൊരാൾ ഉണ്ടെന്നതുകൊണ്ട് യഥാർഥ വ്യക്തിയെ മാറ്റിസ്ഥാപിച്ചുവെന്ന് അർഥമില്ല. 2012ൽ പുറത്തിറങ്ങിയ ‘ദ ഡിക്റ്റേറ്റർ’ പോലുള്ള സിനിമകളിൽ ഇത്തരം ആശയങ്ങൾ തമാശയായും ആക്ഷേപഹാസ്യമായും അവതരിപ്പിച്ചിട്ടുണ്ട്.
ജോ ബൈഡന്റെ ചെവിയുടെ ആകൃതി മാറി, ഉയരം വ്യത്യാസപ്പെട്ടു, സംസാരിക്കുന്ന ശൈലി മാറി, നടക്കുന്ന രീതി മാറി എന്നൊക്കെ പറഞ്ഞ് യഥാർത്ഥ ബൈഡൻ പണ്ടേ മരിച്ചുപോയെന്നും ഇപ്പോൾ കാണുന്നത് ഒരു 'റീപ്ലേസ്ഡ് ക്ലോൺ' ആണെന്നും, അതുപോലെ ഇലോൺ മസ്‌ക്കും സുക്കർ ബർഗും മനുഷ്യരല്ല അന്യഗ്രഹ ജീവികളാണെന്നുമൊക്കെയുള്ള വിചിത്ര വാദങ്ങൾ മുൻപും നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ, ഇതിനൊന്നും ശാസ്ത്രീയ തെളിവുകളില്ല.
ചുരുക്കത്തിൽ, മനുഷ്യന്റെ മനസ്സിലെ അജ്ഞാതമായതിനോടുള്ള ഭയവും ആകാംക്ഷയുമാണ് ഇത്തരം 'ക്ലോൺ' കഥകൾക്ക് ജീവൻ നൽകുന്നത്. ഒരു പ്രമുഖ വ്യക്തിയുടെ കണ്ണിന്റെ ചലനത്തിലോ, മുഖത്തിന്റെ സ്ട്രക്ചറിലോ, അല്ലെങ്കിൽ സംസാരത്തിലോ ഉണ്ടാകുന്ന ഒരു ചെറിയ പൊരുത്തക്കേട് മതി, ഇന്റർനെറ്റ് അതിനെ ഒരു 'ഹ്യൂമൻ റീപ്ലേസ്മെന്റ്' സസ്പെൻസ് ത്രില്ലറാക്കി മാറ്റാൻ!