Image Credit: X @NDTV

Image Credit: X @NDTV

നൃത്തപരിപാടിക്ക് ശേഷം ആന്ധ്രയില്‍ നിന്ന് മടങ്ങിയ യുവതിയുടെ മൃതദേഹം റയില്‍വേ ട്രാക്കിന് സമീപം കണ്ടെത്തി.  ഗുവാഹത്തിയിലെ ബി. ബറൂവ കോളജ് വിദ്യാർഥിനിയുമായ ഹിമാശ്രീ ബോറോ (20) ആണ് മരിച്ചത്. അസമിലെ കാമരൂപ്  സ്വദേശിയനിയാണ് ഹിമാശ്രീ. മരണത്തിനു മുൻപ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ച സന്ദേശങ്ങളാണ് സംഭവത്തിൽ ദുരൂഹത ഉയർത്തിയത്. നൃത്തപരിപാടി കഴിഞ്ഞ് വിശാഖപട്ടണത്തുനിന്ന് മടങ്ങിയ യുവതിയെ പിന്നീട് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു നൃത്തപരിപാടിയിൽ  പങ്കെടുക്കാനായി നര്‍ത്തകസംഘത്തിനൊപ്പം   സെപ്റ്റംബർ 30-നാണ് യുവതി വിശാഖപട്ടണത്തെത്തിയത്. ഒക്ടോബർ 10-ന് ഗുവാഹത്തിയിൽ പരീക്ഷയുള്ളതിനാൽ യുവതി ട്രെയിനിൽ തനിച്ച് അസമിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

ഒക്ടോബർ അഞ്ചിന് വൈകുന്നേരം സിൽച്ചർ എക്സ്പ്രസിൽ സീറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല. തുടർന്ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി അസമിലേക്കുള്ള വിവേക് എക്സ്പ്രസിന്‍റെ  ജനറൽ കോച്ചിൽ കയറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയുടെ മൊഴിയനുസരിച്ച് രാത്രി 11.50-ഓടെയാണ് യുവതി ട്രെയിനിൽ കയറിയത്. രാത്രി 12.10-ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട വിവേക് എക്സ്പ്രസ് ഒക്ടോബർ ഏഴിന് രാവിലെ 9.05-ന് ഗുവാഹത്തിയിലെത്തേണ്ടതായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ട്രെയിനിൽ കയറിയശേഷവും യുവതി കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും നിരന്തരം ബന്ധപ്പെട്ടിരുന്നു. ട്രെയിനിൽ നല്ല തിരക്കാണെന്നും ചുറ്റും പുരുഷന്മാരാണ് കൂടുതലെന്നും യുവതി വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. ചുറ്റും പുരുഷന്മാരായതിനാൽ ഭയം തോന്നുന്നുവെന്നായിരുന്നു അച്ഛന് അയച്ച അവസാന സന്ദേശമെന്ന് കുടുംബം വ്യക്തമാക്കി. പരാതിയിലെ വിവരങ്ങൾ പ്രകാരം ഒക്ടോബർ ആറിന് പുലർച്ചെ 2.39-നാണ് യുവതി അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് യുവതിയുടെ അമ്മ ഗുവാഹത്തി പൊലീസ് സ്റ്റേഷനിലും റെയിൽവേ സംരക്ഷണ സേനയിലും (ആർപിഎഫ്) പരാതി നൽകുകയും റെയിൽവേ ഹെൽപ്‌ലൈനിൽ ബന്ധപ്പെടുകയും ചെയ്തു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വിവേക് എക്സ്പ്രസിലെ എസ് 2 കോച്ചിൽ യുവതിയുടെ ബാഗും മറ്റു സാധനങ്ങളും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ശ്രീകാകുളം ജില്ലയിൽ റെയിൽവേ ട്രാക്കിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽവച്ച് യുവതിക്കൊപ്പം സിസിടിവി ദൃശ്യങ്ങളിൽ കണ്ട അജ്ഞാതനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Himashree Boro death mystery unfolds as the young Assamese dancer is found dead near a railway track in Andhra Pradesh after returning from a dance program. Her final terrified messages to her family from the Vivek Express have raised serious concerns about passenger safety.