johnny-marriage-fraud

പേരും മതവും മറച്ചുവച്ച് ഇന്‍സ്റ്റഗ്രാമില്‍ തിളങ്ങിയ യുവാവിന്‍റെ വലയില്‍ വീണ് വെട്ടിലായി ഹരിയാന സ്വദേശിനി. ഇന്‍സ്റ്റഗ്രാമിലെ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറി ആറുമാസത്തിനുശേഷമാണ് യുവതി സത്യമറിഞ്ഞത്. ‘ജോണി’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സമീപിച്ച് പ്രണയത്തില്‍ വീഴ്ത്തിയ ആള്‍ ജോണിയല്ല, ജാവേദ് ഖാന്‍ ആയിരുന്നുവെന്ന്. കഴിഞ്ഞയാഴ്ച ജാവേദും കുടുംബവും മുങ്ങി. ഇതേത്തുടര്‍ന്ന് യുവതി സോനിപത്ത് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. 

ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു മെസേജാണ് സോനിപത്ത് സ്വദേശിനി മമതയുടെ (യഥാര്‍ഥ പേരല്ല) ജീവിതം വഴിമാറ്റിയത്. ജോണി എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നുവന്ന മെസേജിന് മറുപടി അയച്ചു. പരിചയപ്പെട്ടു. ഹിന്ദുവാണെന്നാണ് ജോണി പറഞ്ഞത്. പരിചയം വളര്‍ന്നു. പ്രണയമായി. വിവാഹം കഴിക്കണമെന്ന് ജോണി ആവശ്യപ്പെട്ടു. യുവതിയും വീട്ടുകാരും സമ്മതിച്ചു. ഹൈന്ദവാചാര പ്രകാരം വിവാഹവും നടത്തി. 

വിവാഹശേഷം ആറുമാസം ഒരു പ്രശ്നവുമില്ലാതെ മുന്നോട്ടുപോയി. എന്നാല്‍ ഒരുദിവസം ജോണിയുടെ ബാഗില്‍ കണ്ട ആധാര്‍ കാര്‍ഡ് യുവതിയെ ഞെട്ടിച്ചു. ഭര്‍ത്താവിന്‍റെ ചിത്രമുള്ള ആധാര്‍ കാര്‍ഡിലെ പേര് ജാവേദ് ഖാന്‍. ചോദ്യം ചെയ്തപ്പോള്‍ കക്ഷി ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് സമ്മതിച്ചു. അയാള്‍ വിവാഹിതനും മൂന്ന് കുട്ടികളുടെ അച്ഛനുമായിരുന്നു. ഭര്‍ത്താവിനെത്തേടി ആദ്യഭാര്യ വീട്ടിലെത്തുക കൂടി ചെയ്തതോടെ യുവതി തകര്‍ന്നു. വാക്കുതര്‍ക്കത്തിനുശേഷം ആദ്യഭാര്യ ജാവേദിനെ ഒപ്പം കൊണ്ടുപോയി. 
'നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതല്ലേ... മേയർക്ക് വിവരമില്ലാതായിപ്പോയി'; പൊട്ടിത്തെറിച്ച് കണ്ണൂർ...

ഏതാനും ദിവസങ്ങള്‍ക്കുശേഷം ജാവേദ് തിരിച്ചെത്തിയെന്ന് യുവതി പരാതിയില്‍ പറയുന്നു. തന്‍റെ കുടുംബം മമതയ്ക്കൊപ്പം (യഥാര്‍ഥ പേരല്ല) ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ സമ്മര്‍ദത്തിന് വഴങ്ങാന്‍ താന്‍ തയാറായില്ലെന്നും ജാവേദിനൊപ്പം യുപിയിലെ ബുഥനയിലേക്ക് പോയെന്നും യുവതി പറഞ്ഞു. ഇവിടെ വച്ച് ദമ്പതികള്‍ക്ക് ഒരു കുഞ്ഞുപിറന്നു. പിന്നീട് സോനിപ്പത്തില്‍ തിരിച്ചെത്തി താമസമായി. പിന്നീട് ജാവേദും കുടുംബവും മതംമാറാന്‍ നിര്‍ബന്ധിച്ചെന്നും മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും യുവതി പറയുന്നു. 

ഒരാഴ്ച മുന്‍പ് ജാവേദ് ഖാനും കുടുംബവും മുങ്ങിയെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. ആള്‍മാറാട്ടം, മാനസിക പീഡനം, ശാരീരികപീഡനം, നിര്‍ബന്ധിച്ച് മതംമാറ്റാനുള്ള ശ്രമം, ലൈംഗികാതിക്രമം തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ ഹിന്ദുരക്ഷാസേനയും ‘പിന്തുണ’യുമായി രംഗത്തെത്തി. ആരോപണങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ENGLISH SUMMARY:

This news highlights a woman in Haryana who was a victim of a marriage fraud, where the man, who introduced himself as 'Johnny' and married her under Hindu rituals, was actually Javed Khan, already married with three children. Despite discovering his true identity and prior marriage, she lived with him for a year, had a child, and after he disappeared again, she became a victim of fraud for the second time.