ഒന്നിനുപിറകെ ഒന്നായി മൂന്ന് യുവതികളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ച് നില്‍ക്കുകയാണ് ഹൈദരാബാദ്. മൂന്നും കൊലപാതകങ്ങള്‍! എന്നാല്‍ ആശ്ചര്യം തോന്നിപ്പിക്കുന്നത് ഇവയെല്ലാം നടന്ന സാഹചര്യങ്ങളുടെ സാമ്യമാണ്. മൂന്ന് മരണങ്ങളും നടന്നത് രണ്ടാഴ്ചയ്ക്കിടെ, അതും വ്യത്യസ്ത ഹോട്ടലുകളില്‍ ആണ്‍സുഹൃത്തുകള്‍ക്കൊപ്പമെത്തിയ യുവതികള്‍. മിയാപൂരിലും എസ്.ആര്‍.നഗറിലും മഥാപൂരിലുമാണ് സംഭവങ്ങള്‍.
വെള്ളിയാഴ്ച ഇരുപത്തേഴുകാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ശ്രീജനയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് കേസുകളുടെ തുടക്കം. സുഹൃത്ത് രവിക്കൊപ്പം സെപ്റ്റംബര്‍ 30നാണ് ശ്രീജന ഹോട്ടലില്‍ മുറിയെടുക്കുന്നത്. തുടര്‍ന്ന് രവി പിറ്റേന്ന് രാവിലെ മുറിയില്‍ നിന്ന് പോയി. ഇയാള്‍ ഒളിവിലാണ്. ശ്രീജനയെ കാണാനില്ലെന്ന് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോണ്‍ ലൊക്കേഷന്‍ തിരഞ്ഞെത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് പറയുന്നതനുസരിച്ച് ശ്രീജന രവിക്ക് തന്‍റെ സ്വര്‍ണമാല നല്‍കിയിരുന്നു. ഇത് തിരിച്ചുവാങ്ങാന്‍ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് മരണം. കൊലപാതകമെന്ന് നിഗമനത്തിലെത്തുമ്പോഴും ശരീരത്തില്‍ പാടുകളില്ലാത്തത് പൊലീസിന് സംശയം ജനിപ്പിക്കുന്നുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകു.
മുപ്പത്തിനാലുകാരിയായ സിരിഷയെ എസ്.ആര്‍ നഗറിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മുറിയില്‍ സിരിഷ സുഹൃത്തായ ശ്രീനിവാസിനൊപ്പം ഒരാഴ്ചയോളം തങ്ങിയിരുന്നു. ഇരുവരും വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് മുറിയെടുത്തത്. ചൊവ്വാഴ്ച അതിരാവിലെ മൂന്നരയ്ക്ക് ശ്രീനിവാസ് മുറി വിട്ടു. സിരിഷ പ്രഭാതഭക്ഷണത്തിന് ശേഷം മടങ്ങുമെന്നാണ് ശ്രീനിവാസ് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. എന്നാല്‍ ഏറെ വൈകിയിട്ടും സിരിഷ ചെക്കൗട്ട് ചെയ്യാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറിയുടെ കോളിങ് ബെല്ലടിച്ചു. വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ സിരിഷ മരിച്ചുകിടക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീനിവാസ് ഒളിവിലാണ്.
ഷാരോണ്‍ നിഖിത തൊപ്നോ എന്ന ഇരുപത്തൊന്‍പതുകാരിയാണ് പരമ്പരയിലെ അവസാന ഇര. മഥപൂരിലെ ഹോട്ടല്‍ മുറിയിലാണ് ഷാരോണിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഷാരോണ്‍ ബോധരഹിതയായെന്ന് പറഞ്ഞ് ആണ്‍സുഹൃത്ത് ശ്രീനിവാസ രവി തേജ പുലര്‍ച്ചെ രണ്ടുമണിയോടെ ഹോട്ടല്‍ ജീവനക്കാരെ സമീപിച്ചു. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ രവിതേജ മുങ്ങി. ആശുപത്രിയിലെത്തിയപ്പോള്‍ ഷാരോണ്‍ മരിച്ചെന്ന് ബോധ്യമായി. രവി തേജയ്ക്കുവേണ്ടിയും അന്വേഷണം തുടരുകയാണ്.
മൂന്ന് കേസുകളിലെയും സമാനതയാണ് പൊലീസിനെ കുഴയ്ക്കുന്നത്. പ്രതിയാകുമെന്ന് ഉറപ്പായിരുന്നിട്ടും ആണ്‍സുഹൃത്തുക്കള്‍ എന്തിന് കൊലപാതകം നടത്തി. മരിച്ച സ്ത്രീകള്‍ക്ക് ബാഹ്യമായ പരുക്കുകള്‍ കുറവായതിന്‍റെ കാരണമെന്ത്. മൂന്ന് സ്ത്രീകളുടെയും സമാനമായ പ്രായം ഇതെല്ലാം പൊലീസിനെ ചിന്തിപ്പിക്കുന്നതാണ്. ഉത്തരം അറിയാന്‍ മൂന്ന് പ്രതികളെയും പിടികൂടുന്നതുവരെ കാത്തിരിക്കേണ്ടിവരും.