navya-kannur-sreelatha
  • കണ്ണൂർ കോർപ്പറേഷന്റെ ദസറ ആഘോഷങ്ങളിൽ പ്രാദേശിക കലാകാരന്മാരെ തഴയുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടി കണ്ണൂർ ശ്രീലത രംഗത്ത്

കണ്ണൂർ കോർപ്പറേഷന്റെ ദസറ ആഘോഷങ്ങളിൽ പ്രാദേശിക കലാകാരന്മാരെ  തഴയുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നടി കണ്ണൂർ ശ്രീലത രംഗത്ത്. പ്രാദേശിക കലാകാരന്മാരെ തഴഞ്ഞ് പുറത്തുനിന്നുള്ള താരങ്ങൾക്കാണ് കണ്ണൂർ കോർപ്പറേഷൻ പ്രാധാന്യം നൽകുന്നതെന്ന് ശ്രീലത പറഞ്ഞു. സിനിമയിൽ തന്നേക്കാൾ എത്രയോ ജൂനിയറായ നടി നവ്യ നായർക്ക് വലിയ പരിഗണന നൽകുമ്പോൾ, നാട്ടിലെ മുതിർന്ന കലാകാരന്മാരെ മേയറും കോർപ്പറേഷനും പൂർണമായും അവഗണിക്കുകയാണെന്ന് അവർ ആരോപിച്ചു.

ഭരണപദവിയിലിരിക്കുന്നവർക്ക് വിദ്യാഭ്യാസം മാത്രം പോരാ, വിവരവും അറിവും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനുള്ള മനസും വേണമെന്ന് കണ്ണൂർ മൗണ്ടിന് നൽകിയ  അഭിമുഖത്തിൽ കണ്ണൂർ ശ്രീലത പറഞ്ഞു. 'ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരി ആണോ, പ്രാദേശിക താരമാണോ? എന്നെപ്പോലെ ഒരു നടി അല്ലേ. നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതാണ്. ഇത്ര വിവരം ഇല്ലാതായിപ്പോയല്ലോ മേയർക്ക്. വിവരമില്ലാത്ത ഒരാളായിപ്പോയി. ഇങ്ങനത്തെ ഒരാളെ പിടിച്ചാണോ നിങ്ങൾ മേയർ പദവിയിൽ ഇരുത്തുന്നത്? വിദ്യാഭ്യാസം മാത്രം പോരാ വിവരം വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തി എന്ന് അറിയണം. അല്ലാതെ വെറുതെ അവിടിരുന്നുകൊണ്ട് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വിളിച്ചു പറയലല്ല,'-  ശ്രീലത പറഞ്ഞു.

കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഭാഗമായി പ്രകാശധാര ഭക്തിരസാമൃതം എന്ന കലാപരിപാടി അവതരിപ്പിക്കാനാണ് കണ്ണൂർ ശ്രീലതയും സംഘവും അപേക്ഷ നൽകിയിരുന്നത്. പക്കമേളക്കാർ ഉൾപ്പെടെ പത്ത് പേർ അടങ്ങുന്ന സംഘത്തിന് പ്രതിഫലമായി 15,000 രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പരിപാടിക്ക് പണം നൽകാനാകില്ലെന്നും വേണമെങ്കിൽ 10 മിനിറ്റ് സമയം 'സൗജന്യമായി' അനുവദിക്കാമെന്നുമായിരുന്നു സംഘാടകരുടെ മറുപടി. സ്റ്റേജിൽ പക്കമേളങ്ങൾ സജ്ജീകരിക്കാൻ തന്നെ പത്ത് മിനിറ്റിലധികം സമയം വേണമെന്നിരിക്കെ കുറഞ്ഞത് അരമണിക്കൂറെങ്കിലും സമയം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിഷേധിക്കുകയായിരുന്നു.

പുറത്തുനിന്നുള്ള സെലിബ്രിറ്റികളെയും താരങ്ങളെയും ലക്ഷങ്ങൾ നൽകി കൊണ്ടുവരുമ്പോൾ പ്രാദേശികമായിട്ടുള്ള കഴിവറ്റ കലാകാരന്മാരെ ബോധപൂർവം ഒഴിവാക്കുകയാണെന്ന് ശ്രീലത ആരോപിച്ചു. ഒരു പ്രത്യേക കോക്കസ് ചേർന്ന് മേളയെ ഹൈജാക്ക് ചെയ്യുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒക്ടോബർ 12 മുതൽ 21 വരെ കണ്ണൂർ ടൗൺ സ്ക്വയറിലാണ് ദസറ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. കെ.എസ്. ഹരിശങ്കർ, ഫിജോ, നവ്യ നായർ തുടങ്ങിയ പ്രമുഖ കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് കോർപ്പറേഷൻ ഇത്തവണത്തെ ദസറ ആഘോഷങ്ങൾ പദ്ധതിയിട്ടിരിക്കുന്നത്. 

ENGLISH SUMMARY:

Senior actress Kannur Sreelatha strongly criticized the Kannur Corporation and the Mayor for sidelining local artists in favor of big celebrities for the upcoming Kannur Dasara celebrations. Expressing her outrage, Sreelatha pointed out that actress Navya Nair entered the film industry long after her, yet the authorities chose to accord high priority to outside stars. She revealed that her troupe asked for a modest fee of ₹15,000 for a 10-member performance, but organizers offered only a 10-minute slot for free while spending lakhs on celebrities. Asserting that people in governance require wisdom and empathy alongside formal education, she alleged that a specific caucus has hijacked the cultural festival.