നടി നവ്യ നായർക്കും പിതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി മോണോ ആക്ട് അധ്യാപകൻ ആലപ്പി സുദർശൻ. തുടക്കകാലത്ത് നവ്യയെ മോണോ ആക്ട് പഠിപ്പിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടും, പിന്നീട് തന്നോട് കടുത്ത അവഗണനയും അനാദരവും കാണിച്ചെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നവ്യയിലെ കഴിവ് തിരിച്ചറിഞ്ഞ ഡാൻസ് അധ്യാപകനാണ് കുട്ടിയെ തന്റെ അടുക്കൽ എത്തിച്ചതെന്ന് മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആലപ്പി സുദർശൻ പറയുന്നു.
'നവ്യ നായർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ മോണോ ആക്ട് പഠിപ്പിച്ചത്. ധന്യ എന്നായിരുന്നു അന്നവളുടെ പേര്. ധന്യയിൽ കഴിവുണ്ടെന്ന് ഡാൻസ് പഠിപ്പിച്ചയാൾ കണ്ടെത്തി. എന്നെ സാർ വിളിച്ചു. ഇങ്ങനെയൊരു കുട്ടിയുണ്ട്, അവളെ മോണോ ആക്ട് പഠിപ്പിക്കണം, പക്ഷേ ഫീസൊന്നും അവളുടെ കയ്യിൽ ഇല്ല എന്ന് പറഞ്ഞു. എന്തെങ്കിലും തരും, പിന്നെ അവൾ രക്ഷപ്പെടുകയാണെങ്കിൽ ഇയാൾക്കും രക്ഷപ്പെടാം എന്നും പറഞ്ഞു. ഈ കുട്ടിയെ ഞാൻ ആദ്യം പഠിപ്പിച്ച ഐറ്റം കുന്തിയും കർണനുമാണ്. മത്സരത്തിൽ നവ്യക്കായിരുന്നു ഫസ്റ്റ്. പിന്നെ നവ്യ വളർന്നു. ആദ്യ സിനിമ ഇഷ്ടത്തിന്റെ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്റെയടുത്ത് വന്നു. അനുഗ്രഹം വാങ്ങിച്ച് സന്തോഷത്തോടെ പോയി. നന്ദനത്തിന്റെ ലൊക്കേഷനിൽ പോയി ഞാൻ അടുത്ത ഐറ്റം പഠിപ്പിച്ചു. അതിനായിരുന്നു സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയത്.
എനിക്കൊരു വിഷമം ഉണ്ട്. സാറെ, നവ്യക്ക് സ്റ്റേറ്റിലാണ് ഫസ്റ്റ്, എനിക്കൊരു ജോഡി ഡ്രസ് എടുത്ത് തരണം എന്ന് ഞാൻ നവ്യയുടെ അച്ഛനോട് പറഞ്ഞു. വഴിയിൽ നിന്ന് നൂറ് രൂപയ്ക്കും ഡ്രസ് കിട്ടും. പക്ഷേ എന്നോട് പറഞ്ഞ വാക്ക് ഇന്നും എനിക്ക് വേദനയാണ്. എനിക്ക് ഭയങ്കര വിഷമമുണ്ടാക്കുന്നതാണ്. സാറേ, പൈസ ഒന്നും ഇല്ലെന്നാണ് പറഞ്ഞത്. 'നന്ദന'ത്തിന്റെ ലൊക്കേഷനിൽ നിന്നാണ് നവ്യ വരുന്നത്. ലൊക്കേഷനിൽ ചെന്നാണ് ഞാൻ പഠിപ്പിക്കുന്നതും. അങ്ങനെ എനിക്കൊരു വേദന, അല്ലെങ്കിൽ തിക്താനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒരിക്കൽ പറവൂര് ഒരു ലോഡ്ജിന്റെ പേര് പറഞ്ഞു. അവിടെ വന്ന് പഠിപ്പിക്കാൻ. ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. സാറിനൊരു റൂം കൊടുക്കാനോ അല്ലെങ്കിൽ കാത്തിരിക്കാനോ അവർ പറഞ്ഞില്ല. ഏഴരയായപ്പോൾ നവ്യ നായർ വന്നോ എന്ന് ഞാൻ വീണ്ടും ചോദിച്ചു. അവർ നേരത്തെ വന്നല്ലോ എന്ന് മറുപടി. കാണണമെന്ന് പറഞ്ഞപ്പോൾ നവ്യയുടെ അച്ഛൻ കാത്തിരിക്കാൻ പറഞ്ഞു. ഞാൻ ഭക്ഷണം പോലും കഴിച്ചിട്ടില്ല. എട്ടര മണിയായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. അഞ്ച് മിനിറ്റ് കൂടി വെയ്റ്റ് ചെയ്യാൻ പറഞ്ഞു. അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഒരു മണിക്കൂറും കഴിഞ്ഞു. ഒടുവിൽ റൂം കിട്ടി.
അവളിപ്പോൾ ഡാൻസ് പ്രാക്ടീസ് ചെയ്യുകയാണ്, സാറേ, കാത്തിരിക്കെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. പത്തര മണിയായപ്പോൾ എന്നെ വിളിച്ചു. ചെന്നപ്പോൾ കാണുന്നത് അവരുടെ ഭക്ഷണത്തിന്റെ ടിഫിൻ ബോക്സുകളാണ്. അവരെല്ലാം കഴിച്ച് സെറ്റായി. എന്നാൽ സാർ എപ്പോൾ വന്നു, കഴിച്ചോ എന്നൊന്നും ചോദിച്ചില്ല. ഞാൻ ഒന്നും കഴിച്ചില്ല എന്നതാണ് മറ്റൊരു സത്യം. അതെനിക്ക് ഭയങ്കര വിഷമമായി. പഠിപ്പിച്ച ശേഷം റൂമിൽ പോയി. ചായക്കടയോ ഹോട്ടലോയില്ലാത്ത സ്ഥലം. അന്ന് ഞാൻ പട്ടിണി കിടന്നു.
രാവിലെ ഞാൻ ഫ്രഷ് ആയി. ആറ് മണിക്ക് ഇവർക്ക് ലൊക്കേഷനിൽ പോണല്ലോ. അങ്ങനെ നവ്യ പോയി. പിന്നെ നവ്യയുടെ അച്ഛൻ വണ്ടിക്കൂലിക്ക് ഒരു 500 രൂപ തന്നു. മത്സരത്തിൽ നവ്യക്ക് ഫസ്റ്റ്. എനിക്ക് സന്തോഷമായി. നവ്യയുമായി ഒരു ഫോട്ടോ വേണമെന്ന് പത്രക്കാർ പറയുന്നെന്ന് പറഞ്ഞപ്പോൾ അതിന്റെ കാര്യമൊന്നുമില്ല. സാർ മാത്രം പോയി എടുത്താൽ മതിയെന്ന് നവ്യയുടെ അച്ഛൻ പറഞ്ഞു. അതിന് ശേഷം ഈ നിമിഷം വരെ നവ്യയെ ഞാൻ വിളിച്ചിട്ടുമില്ല, കണ്ടിട്ടുമില്ല,' ആലപ്പി സുദർശൻ പറഞ്ഞു.