cholestrol-face

TOPICS COVERED

ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും സാധ്യതയുള്ള ഒന്നാണ് ഉയര്‍ന്ന കൊളസ്ട്രോള്‍. സാധാരണയായി പ്രകടമായ ലക്ഷണങ്ങളൊന്നും കാണിക്കാത്തതുകൊണ്ടുതന്നെ കൊളസ്ട്രോള്‍ കൂടുന്നത് പലപ്പോഴും കൃത്യമായി അറിയണമെന്നില്ല. എന്നാല്‍ കൊളസ്ട്രോള്‍ കൂടുതലുള്ളവരുടെ മുഖം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. 

ചിലരിൽ മുഖത്ത് ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഉയർന്ന കൊളസ്ട്രോളിന്റെയും ദീർഘകാല പ്രശ്നങ്ങളുടെയും സൂചനയാകാം. മുഖത്ത് കാണുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് 'സാൻ്റെലാസ്മ' ( Xanthelasma ). കൺപോളകളിലോ അതിന് ചുറ്റുമോ മഞ്ഞ നിറത്തിലുള്ള, മൃദുവായ, വേദനയില്ലാത്ത പാടുകളാണ് ഇത്. ഇത്തരം പാടുകള്‍ കണ്ടാല്‍ കൊളസ്ട്രോളിനുള്ള സൂചനയായി കാണേണ്ടിയിരിക്കുന്നു. ശരീരത്തില്‍ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്. പാരമ്പര്യമായി കൊളസ്ട്രോൾ കൂടുതലുള്ള കുടുംബത്തിലെ ചെറുപ്പക്കാരിലും ഇത് കണ്ടുവരാം. 

 'കോർണിയൽ ആർക്കസ്' (corneal arcus) ആണ് മറ്റൊരു പ്രധാന ലക്ഷണം. കണ്ണിന്റെ കൃഷ്ണമണിക്കു ചുറ്റും ചാരനിറത്തിലോ നീലനിറത്തിലോ ഒരു വളയം കാണുന്നതാണിത്. പ്രായമായവരിൽ ഇത് സാധാരണമാണെങ്കിലും, നാൽപ്പത്തിയഞ്ച് വയസ്സിൽ താഴെയുള്ളവരിൽ ഇത് കണ്ടാൽ ഉയർന്ന കൊളസ്ട്രോളിന്റെ സൂചനയായി ജാഗ്രത പുലര്‍ത്തണം. ചിലരിൽ കവിളുകളിലോ കണ്ണിന് ചുറ്റുമോ കൊഴുപ്പ് അടിഞ്ഞുകൂടി ചെറിയ മഞ്ഞ നിറത്തിലുള്ള കുരുക്കളും ഉണ്ടാകാം. ഇവയെ 'സാൻ്റോമസ്' (xanthomas) എന്ന് പറയുന്നു. വളരെ അപൂർവ്വമായി, രക്തയോട്ടം കുറയുന്നതുകൊണ്ട് മുഖത്ത് ചുവപ്പ് നിറം വരികയോ ചർമ്മം മങ്ങിയതായി തോന്നുകയോ ചെയ്യാം. ഇത് ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കാം.

എന്നാല്‍ ഉയർന്ന കൊളസ്ട്രോൾ ഉള്ള എല്ലാവരിലും ഇത്തരം മുഖത്തെ മാറ്റങ്ങൾ പ്രകടമാകണം എന്നില്ല. കൊളസ്ട്രോൾ വളരെ കൂടുതലാകുമ്പോഴോ നിയന്ത്രണം വിട്ട് പോകുമ്പോഴോ മാത്രമാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുവരുന്നത്. ഇടയ്ക്കിടെയുള്ള രക്തപരിശോധനയാണ് കൊളസ്ട്രോൾ കൃത്യമായി കണ്ടെത്താനുള്ള ഏക മാർഗ്ഗം. കൃത്യമായി കൊളസ്ട്രോള്‍ തിരിച്ചറിയുകയും വ്യായാമം, ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവയുടെ സഹായത്തോടെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളെ ദൂരെ മാറ്റിനിര്‍ത്താവുന്നതേയുള്ളൂ.

ENGLISH SUMMARY:

High cholesterol is a common lifestyle disease that often shows no symptoms. However, health experts suggest that certain facial changes can indicate high cholesterol levels, and regular checkups can help to keep it under control