എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
ക്രിസ്മസ്– പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ലോകം ഒരുങ്ങിക്കഴിഞ്ഞു. പ്രിയപ്പെട്ടവരോടൊപ്പം അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളും എല്ലാവരും തുടങ്ങിയിട്ടുണ്ടാകും. എന്നാല്‍ ഇത്തരം അവധിക്കാലങ്ങളിലാണ് ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നതെന്ന മുന്നറിയിപ്പുമായി യുഎസ് ആസ്ഥാനമായുള്ള കാർഡിയോളജിസ്റ്റ് ഡോ. ജെറമി ലണ്ടൻ. എന്തുകൊണ്ടാണ് ഈ സമയങ്ങളില്‍ ഹൃദായാഘാത സാധ്യത വര്‍ധിക്കുന്നതെന്നും അതില്‍ നിന്നും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനായുള്ള വഴികളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
വില്ലനാകുന്ന അവധിക്കാലം
അവധിക്കാലങ്ങളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിക്കുന്നതിനുള്ള പ്രധാനമായും നാലു കാരണങ്ങളാണ് ഡോ. ജെറമി ലണ്ടൻ പങ്കുവച്ചത്. ഒന്നാമത്തേത് ഭക്ഷണത്തോടും മദ്യത്തോടുമുള്ള അമിതമായ ആസക്തിയാണ്. നമ്മുടെ മനസ് മുഴുവനും ആഘോഷങ്ങളിലേക്ക് മാറിക്കഴിഞ്ഞാല്‍ ചിലര്‍ അമിതമായി ഭക്ഷണം കഴിക്കുകയും കണക്കില്ലാതെ മദ്യപിക്കുകയുമെല്ലാം ചെയ്യാറുണ്ട്. അത് മാത്രമല്ല അവധിയുടെ ആലസ്യം ഫിസിക്കല്‍ ആക്ടീവിറ്റീസിനെയും ബാധിക്കുന്നു. ശാരീരിക ചലനങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
അതേസമയം, അവധിക്കാലമെന്നത് മിക്കവര്‍ക്കും സന്തോഷകരമായ ദിവസങ്ങളാണെങ്കിലും ചിലരില്‍ ഈ ദിവസങ്ങള്‍ വൈകാരികമായും സാമ്പത്തികവുമായ സമ്മർദ്ദങ്ങള്‍ ചുമത്തുന്നുണ്ട്. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും നിശബ്ദമായി ഹൃദയത്തെ ബാധിക്കുകയും ചെയ്യാം. മറ്റൊന്ന് ഡിസംബര്‍– ജനുവരി മാസത്തചെ തണുത്ത കാലാവസ്ഥയാണ് ഇത് രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകുന്നു. ഇത് പ്ലാക്ക് റപ്ച്ചറിനുള്ള സാധ്യതയും ഹൃദയാഘാത സാധ്യതയും വർദ്ധിപ്പിക്കുന്നു. അവധിക്കാലമായതുകൊണ്ടു തന്നെ എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടാലോ അസുഖങ്ങള്‍ വന്നാലോ അവധിക്കാലം കഴിഞ്ഞ് ഒരു ഡോക്ടറെ കാണാമെന്ന് ചിന്തിക്കുന്നവരാണ് പലരും. ഈ അലസമായ മനോഭാവവും ചികിത്സ വൈകിപ്പിക്കലും ആരോഗ്യത്തെ പ്രതിരോധമായി ബാധിക്കുന്നുണ്ട്.
ഹൃദയത്തെ സംരക്ഷിക്കാം
അവധിക്കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നാലു വഴികളും ഡോ. ജെറമി ലണ്ടൻ പങ്കുവച്ചിട്ടുണ്ട്. ഒന്നു വ്യായാമം അഥവാ ഫിസിക്കല്‍ ആക്ടീവിറ്റിയാണ്. ശാരീരിക ചലനങ്ങള്‍ നിലനിര്‍ത്തുകയും കൃത്യമായ വ്യായാമം ചെയ്യുകയും വേണം. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം അമിതഭാരം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഭക്ഷണവും വ്യായാമവും സന്തുലിതമായി നിലനിര്‍ത്തുക. ‘ചലനം ഔഷധമാണ്’ എന്നാണ് അദ്ദേഹം പറയുന്നത്.
ദിവസവും മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അത് മുടങ്ങാതെ കഴിക്കാനും അദ്ദേഹം നിര്‍ദേശിക്കുന്നുണ്ട്. മറന്നുപോകാതിരിക്കാന്‍ ഫോണില്‍ അലാം വക്കാം. മാത്രമല്ല ഉറക്കം നഷ്ടപ്പെടുത്തരുതെന്നും മെഡിറ്റേഷന്‍ ചെയ്യാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ആഘോഷമാണെങ്കിലും സ്വയം ശ്രദ്ധിക്കുക ശരീരം തരുന്ന ലക്ഷണങ്ങളെ അവഗണിക്കരുകെന്നും ഡോ. ജെറമി ലണ്ടൻ ഉപദേശിച്ചു. 25 വർഷത്തിലേറെ പരിചയസമ്പത്തുള്ള ബോർഡ് സർട്ടിഫൈഡ് കാർഡിയോതൊറാസിക് സർജനാണ് ഡോ. ജെറമി ലണ്ടൻ.
ഹൃദയാഘാതം
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിൽ തടസ്സം ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന മുന്നറിയിപ്പ് ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. നെഞ്ചുവേദന, നെഞ്ചിന് കനം, ഹാർട്ട് പാൽപ്പിറ്റേഷൻസ്, ശ്വാസമെടുക്കാൻ പ്രയാസം, നെഞ്ചിന് എരിച്ചിൽ, കടുത്ത ക്ഷീണവും തളർച്ചയും എന്നിവയാണ് ലക്ഷണങ്ങള്‍. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ രോഗമുക്തിക്ക് സഹായിക്കും.