ചിത്രം: എഎന്‍ഐ
സെപ്റ്റംബര്‍ ആദ്യമാണ് റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്‌സിനായ എന്‍ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്നും ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസി അറിയിച്ചിരുന്നു. അങ്ങിനെയെങ്കില്‍ ആഗോള ചികില്‍സാരംഗത്തു തന്നെ വലിയ ചുവടുവയ്പ്പായിരിക്കും എന്‍ററോമിക്സ്. ഇപ്പോളിതാ കാന്‍സര്‍ രോഗിയായ തന്‍റെ മകനെ രക്ഷിക്കാനുള്ള അവസാന വഴി തേടി വാക്സിന്‍ തന്‍റെ മകനില്‍ പരീക്ഷിക്കണം എന്ന് റഷ്യയോട് അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് സ്വദേശി.
ലഖ്‌നൗവില്‍ നിന്നുള്ള മനു ശ്രീവാസ്തവയാണ് കാൻസർ ബാധിച്ച തന്‍റെ 21 വയസ്സുള്ള മകൻ അൻഷ് ശ്രീവാസ്തവയുടെ ജീവൻ രക്ഷിക്കാന്‍ റഷ്യൻ സർക്കാറിനോട് അപേക്ഷിച്ചിരിക്കുന്നത്. റഷ്യയിലുള്ള കാൻസർ വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ലെന്നും അതിനാൽ തന്‍റെ മകനിൽ വാക്സിൻ പരീക്ഷണം നടത്താൻ റഷ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചുവെന്നും മനു ശ്രീവാസ്തവ എഎന്‍ഐയോട് പറഞ്ഞു. മനുവിന്‍റെ മകന്‍ അൻഷ് ശ്രീവാസ്തവയുടെ കാന്‍സര്‍ നാലാം സ്റ്റേജിലാണ്. മകന്‍റെ ചികില്‍സ തുടരുകയാണെന്നും രക്ഷിക്കാനാകുമോ എന്നതില്‍ ഡോക്ടർമാര്‍ പോലും കൃത്യമായി പ്രതികരിച്ചിട്ടില്ലെന്നും മനു പറഞ്ഞു.
‘റഷ്യയിൽ ഒരു വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അത് കാൻസർ ചികില്‍സയ്ക്ക് വളരെ ഫലപ്രദമാണെന്നും ഞാന്‍ അറിഞ്ഞു. വാക്സിന്‍റെ എന്‍റെ മകനില്‍ പരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിനും റഷ്യന്‍ ഗവണ്‍മെന്‍റിനും ഞാന്‍ കത്തുകള്‍ അയച്ചു. എന്‍റെ അഭ്യർത്ഥന പരിഗണനയിലാണെന്നും റഷ്യൻ ഗവൺമെന്‍റ് അത് അവരുടെ ആരോഗ്യ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടുണ്ട്’ അദ്ദേഹം എഎന്‍ഐയോട് പറഞ്ഞു. നിലവിൽ റഷ്യയിൽ നിർമ്മിക്കുന്ന വാക്സിൻ അവിടെയുള്ള തദ്ദേശീയരില്‍ മാത്രമേ പരീക്ഷിക്കുന്നുള്ളൂ എന്നും മറ്റൊരു രാജ്യത്തിനും ഇതുവരെ പരീക്ഷണങ്ങൾ നടത്താൻ അനുമതി ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആരോഗ്യമന്ത്രി, റഷ്യയിലെയും ദക്ഷിണ കൊറിയയിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കാണ് മനു കത്തയച്ചത്.
എന്താണ് എന്‍ററോമിക്സ്?
റഷ്യൻ അക്കാദമി ഓഫ് സയൻസസിന്‍റെ (ആര്‍എഎസ്) ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജി (ഇഐഎംബി) യുമായി സഹകരിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജി സെന്‍റർ ആണ് എന്‍ററോമിക്സ് വികസിപ്പിച്ചെടുത്തത്. കോവിഡ്-19 വാക്സിനുകളിൽ ഉപയോഗിക്കുന്നതുപോലുള്ള അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്.
കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലെ ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിന് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മെഡ്പാത്തിലെ റിപ്പോർട്ട് അനുസരിച്ച്, എന്ററോമിക്സ് കാൻസർ മുഴകളെ ആക്രമിച്ച് നശിപ്പിക്കാൻ നാല് നിരുപദ്രവകരമായ വൈറസുകളെയാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം കാന്‍സറിനെതിരെ പോരാടുന്നതിനായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാന്‍സര്‍ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും ചില സന്ദർഭങ്ങളിൽ പൂർണ്ണമായും നശിപ്പിക്കാനും ഇത് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്.
ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ ആർഎൻഎയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി പറഞ്ഞിരുന്നു.