പലവിധ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ കുറേ കാലങ്ങളായി ഉറക്കമില്ലായ്മ ഒരു പൊതുപ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. തിരക്കേറിയ ജീവിതശൈലി മുതല്‍ ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ വരെ സ്വാഭാവിക ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. ഇതിന് ലളിതമായ പരിഹാരമെന്നവണ്ണം ചിലരെങ്കിലും ആശ്രയിക്കുന്നത് ഉറക്കഗുളികകളെയാണ്. ഉറക്കമില്ലായ്മ, സമാധാനപരമായ ഉറക്കത്തെ ബാധിക്കുന്ന ജോലിസമ്മര്‍ദ്ദങ്ങള്‍ എന്നിവയ്ക്ക് സാധാരണ ഉപയോഗിക്കുന്നവയാണ് മെലറ്റോണിന്‍ സപ്ലിമെന്‍റുകള്‍. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പെട്ടെന്നുള്ള പരിഹാരം എന്ന നിലയ്ക്ക് അടുത്തകാലത്തായി ഈ സപ്ലിമെന്‍റുകളെ കൂടുതലായും പലരും ആശ്രയിക്കാറുമുണ്ട്. എന്നാല്‍ ഇവ ഉറക്കത്തിന് സഹായിക്കുമെങ്കിലും പതിവാക്കുന്ന ഉപയോഗം അത്ര നല്ലതല്ലാത്ത പാര്‍ശ്വഫലങ്ങളുമുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
മെലറ്റോണിന്‍റെ പാർശ്വഫലങ്ങൾ
ദൈർഘ്യമേറിയ ജോലി സമയം, വൈകിയുള്ള ഇന്‍റര്‍നെറ്റ്–മൊബൈല്‍ ഉപയോഗം, അസാധാരണമായ ദിനചര്യകൾ ഇവയെല്ലാം ചേര്‍ന്ന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമ്പോഴാണ് എളുപ്പത്തില്‍ ലഭിക്കുന്നതും നിരുപദ്രവമെന്ന് തോന്നിക്കുന്നതുമായ മെലറ്റോണിനെ പലരും ആശ്രയിക്കുന്നത്. എന്നാല്‍ വിചിത്രമായി തോന്നുന്ന പല ശാരീരികാനുഭവങ്ങളും ഇതുണ്ടാക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പതിവായി സപ്ലിമെന്‍റ് ഉപയോഗിക്കുന്നര്‍ക്ക് ഉറക്കം ഭാരമായി അനുഭവപ്പെടാനോ തലവേദനയോ വയറ്റിലെ അസ്വസ്ഥതയ്ക്കോ ഇടയാക്കിയേക്കാം. യഥാര്‍ഥമെന്ന് നോന്നിപ്പിക്കുന്ന സ്വപ്നങ്ങള്‍ക്കും മെലറ്റോണിന്‍റെ പതിവ് ഉപയോഗം കാരണമായേക്കും. ഹോർമോൺ പ്രശ്‌നങ്ങളുള്ളവർക്ക് ചിലപ്പോൾ ഈ മരുന്നിന്‍റെ ഉപയോഗം കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കും. ആവശ്യത്തില്‍ കൂടുതലുള്ള ഉപയോഗം ഓരോ വ്യക്തിയുടെയും ശരീരത്തില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതികരണത്തിന് കാരണമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം
അവശ്യമെങ്കില്‍ മാത്രം പരിമിതമായി ഉറക്കഗുളികകളെ ആശ്രയിക്കുക, ശരീരം അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിരീക്ഷിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ഉറങ്ങാനുള്ള സമയമാകുമ്പോള്‍ മാത്രം ആവശ്യമെങ്കില്‍ സപ്ലിമെന്‍റുകള്‍ ഉപയോഗിക്കുക. വളരെ നേരത്തെയുള്ള ഉപയോഗം ശരീരത്തെ താളം തെറ്റിച്ചേക്കാം. ലൈറ്റുകള്‍ കുറച്ച്, സ്ക്രീനുകള്‍ ഓഫ് ചെയ്ത് ഉറക്കം സ്ഥിരമായി നിലനിര്‍ത്താന്‍ ശ്രമിക്കുക. ഒരിക്കല്‍ സപ്ലിമെന്‍റുകള്‍ ഉപയോഗിച്ച് തലകറക്കമോ അസ്വാഭാവികതയോ തോന്നുകയാണെങ്കില്‍ ഏതാനും ദിവസം നിര്‍ത്തിവച്ചശേഷം വീണ്ടും കഴിക്കുമ്പോഴും നിരീക്ഷിക്കുക. ഗര്‍ഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ഡോക്ടറുടെ സമ്മതമില്ലാതെ മെലറ്റോണിന്‍ ഉപയോഗിക്കാന്‍ പാടില്ല.
ഉയർന്ന ഡോസുകൾ എല്ലായ്‌പ്പോഴും പാർശ്വഫലങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും. പതിവായി ഉറക്കഗുളികകള്‍ക്ക് വിധേയരാകുന്നതിന് പകരം എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിച്ച് ഉറക്കപ്രശ്നങ്ങള്‍ക്ക് ജീവിതശൈലീ മാറ്റത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നത് തന്നെയാണ് നല്ലത്.