e-cigarette

പുതുതലമുറയെ വലയിലാക്കി ഇ-സിഗരറ്റ്, നിക്കോട്ടിൻ അടിമത്തത്തിന്‍റെ പുതിയ തരംഗമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തി.  ആഗോളതലത്തില്‍ ഒന്നരക്കോടി കുട്ടികളടക്കം പത്ത് കോടിയിലധികം പേര്‍ ഇ സിഗരറ്റ് ഉപയോഗിക്കുന്നതായാണ് ലോകാരോഗ്യ സംഘനടനയുടെ കണ്ടെത്തല്‍. ഇ-സിഗരറ്റ് അഥവാ വേപ്പിങിനടിമകളാകാന്‍ മുതിർന്നവരേക്കാൾ ഒൻപതിരട്ടി സാധ്യത കുട്ടികൾക്കാണെന്നും WHO വ്യക്തമാക്കുന്നു. ഇ സിഗരറ്റ് അഥവാ വേപ്പിങ് ഉപയോഗത്തിലൂടെ പതിയെ പതിയെ നിക്കോട്ടിന് അടിമപ്പെടുന്നു. ഹാനികരമായ പുകയില ഉല്‍പന്നങ്ങളെപ്പോലെയല്ലെന്നും, ആരോഗ്യത്തിന് അത്ര ദോഷകരമല്ലയെന്ന പേരിലാണ് ഇവ വിപണിയിലെത്തുന്നത്. എന്നാല്‍ വേപ്പിങ് കുട്ടികളില്‍ സ്ലോ പോയിസനിങ് ഇഫക്ടാണ് ഉണ്ടാക്കുന്നത്. ഇവ കുട്ടികളെ വളരെ നേരത്തേ തന്നെ നിക്കോട്ടിന് അടിമകളാക്കുന്നു. ലോകമെമ്പാടുമുള്ള പുകയില വ്യവസായം യുവജനങ്ങളെ ആക്രമണോത്സുകമായി ലക്ഷ്യമിടുകയാണെന്ന്' ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ആരോപിക്കുന്നു. 

ആഗോളതലത്തില്‍ തുടരുന്ന പുകയില നിയന്ത്രണ ശ്രമങ്ങളുടെ ഫലമായി ലക്ഷക്കണക്കിനാളുകൾ പുകവലി ഉപേക്ഷിക്കുകയോ പുതുതായി തുടങ്ങാതിരിക്കുകയോ ചെയ്യുന്നുണ്ട്. ഇതിനോടുള്ള പ്രതികരണമെന്നോണം, പുകയില വ്യവസായം പുതിയ നിക്കോട്ടിൻ ഉൽപന്നങ്ങളുമായി തിരിച്ചടിക്കുകയാണെന്നാണ് ലോകാരോഗ്യസംഘടനയുടെ ആരോപണം. യുവജനങ്ങളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. തെളിയിക്കപ്പെട്ട പുകയില നിയന്ത്രണ നയങ്ങൾ നടപ്പാക്കുന്നതിൽ സർക്കാരുകൾ കൂടുതൽ വേഗത്തിലും ശക്തമായും പ്രവർത്തിക്കണമെന്നും WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ആവശ്യപ്പെടുന്നു.

ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 109 രാജ്യങ്ങൾ ഇ സിഗരറ്റ് ഉപയോഗം സംബന്ധിച്ച കണക്കുകൾ ശേഖരിക്കാത്തതിനാൽ വേപ്പിങ്ങിന്‍റെ  ഏകദേശ കണക്കുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.  2025 വർഷം ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച്, ഇ-സിഗരറ്റ് ഉപയോക്താക്കളിൽ 8.6 കോടി പേർ മുതിർന്നവരാണ്. ഇവരിൽ ഭൂരിഭാഗവും ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലാണ്. 123 രാജ്യങ്ങളിലെ സർവേ പ്രകാരം, 13-നും 15-നും ഇടയിൽ പ്രായമുള്ള 1.5 കോടി കൗമാരക്കാർ ഇ-സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലെ വേപ്പിങ് തടയാനായി സമീപ വർഷങ്ങളിൽ പല രാജ്യങ്ങളും ഇ-സിഗരറ്റ് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.  എന്നാല്‍ 62 രാജ്യങ്ങളിൽ പുകവലിയുമായി ബന്ധപ്പെട്ട് ഒരു നയവും ഇല്ല. 74 രാജ്യങ്ങളിൽ ഇ-സിഗരറ്റ് വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായപരിധി പോലും നിശ്ചയിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

അതേസമയം, പുകയില ഉപയോഗം കുറയുന്നതായാണ് കണക്കുകൾ. 2000-ൽ 138 കോടി ഉപയോക്താക്കളുണ്ടായിരുന്നത് 2024-ൽ 120 കോടിയായി കുറഞ്ഞു. സ്ത്രീകളിലെ പുകയില ഉപയോഗമാണ് ഏറ്റവും കൂടുതൽ കുറഞ്ഞത് – 2010-ൽ 11% ആയിരുന്നത് 2024-ൽ 6.6% ആയി. പുരുഷന്മാരിൽ ഇത് 2010-ലെ 41.4 ശതമാനത്തിൽ നിന്ന് 2024-ൽ 32.5 ശതമാനമായി കുറഞ്ഞു. എന്നാൽ ആഗോളതലത്തിൽ ഇപ്പോഴും അഞ്ചിൽ ഒര‍ു മുതിർന്നയാൾ പുകയില ഉപയോഗിക്കുന്നു. അർബുദം ഉൾപ്പെടെ പല രോഗങ്ങൾക്കും പുകവലി കാരണമാകുന്നു. സിഗരറ്റുകളേക്കാൾ വളരെ കുറഞ്ഞ ദോഷമേ വേപ്പിങ്ങിനുള്ളൂവെന്നും പുകവലി ഉപേക്ഷിക്കാൻ ഇത് സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. പുകവലിക്കാത്തവർക്ക് ഇത് പക്ഷേ ശുപാര്‍ശ   ചെയ്യുന്നില്ല. ഇ-സിഗരറ്റുകൾ പുകയില കത്തിക്കുന്നില്ല. അതിനാൽ പുകയിലപ്പുകയിലെ ഏറ്റവും ദോഷകരമായ ഘടകങ്ങളായ ടാർ, കാർബൺ മോണോക്സൈഡ് എന്നിവ ഇവ ഉൽപാദിപ്പിക്കുന്നില്ല. എന്നാൽ, ലഹരിക്ക് അടിമയാക്കാൻ സാധ്യതയുള്ള നിക്കോട്ടിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ലോകാരോഗ്യസംഘടന കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ENGLISH SUMMARY:

E-cigarette concerns are on the rise, especially regarding their impact on youth. The World Health Organization warns about the new trend of nicotine addiction fueled by e-cigarettes and vaping among younger generations.