കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയും എക്സ്ട്രീം ട്രോമയിലൂടെയും കടന്നുപോകുമ്പോൾ ഒട്ടൊരാശ്വാസം കിട്ടാൻ പാരസെറ്റാമോൾ കഴിച്ച് ഉറങ്ങുന്നത് ഒരു പരിഹാരമാണോ? ഒരിക്കലുമല്ല. വൈദ്യശാസ്ത്രം എന്തായാലും അത് സമ്മതിക്കുമെന്ന് കരുതുക വയ്യ. പാരസെറ്റാമോള്‍ ഒരു ഉറക്ക ഗുളികയാണോ? അല്ലേയല്ലെന്നാണ് ഡോക്ടര്‍മാരുടെ ഉത്തരം. ഉറങ്ങാനായി പാരസെറ്റാമോള്‍ ശീലമാക്കിയാല്‍ ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പനിയും ശരീര വേദന കുറയ്ക്കുന്നതിനുമായാണ് പാരസെറ്റമോള്‍ സാധാരണയായി ഡോക്ടര്‍മാര്‍ നല്‍കുന്നത്. ഇതിന് പുറമെ തലവേദന, പേശികള്‍ക്കുണ്ടാകുന്ന വേദന, പുറം വേദന, പല്ലുവേദന എന്നിവയ്ക്കും പാരസെറ്റാമോള്‍ അടങ്ങിയ മരുന്നുകള്‍ നല്‍കിവരാറുണ്ട്.
എന്നിരുന്നാലും പ്രധാനമായും ശരീരത്തിന്‍റെ താപനില ക്രമപ്പെടുത്തുകയാണ് പാരസെറ്റാമോളിന്‍റെ പ്രാധന ദൗത്യം. കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മരുന്ന് പ്രവര്‍ത്തിച്ച് തുടങ്ങും. ഗുളിക രൂപത്തിലും ക്യാപ്സൂളുകളായുമാണ് പാരസെറ്റമോള്‍ പ്രധാനമായും വില്‍ക്കുന്നതെങ്കിലും സിറപ്പ് രൂപത്തിലും വെള്ളത്തില്‍ അലിയിച്ച് കഴിക്കാന്‍ സാധിക്കുന്ന രൂപത്തിലും ലഭിക്കാറുണ്ട്.
ചുമ്മാ കഴിക്കല്ലേ, പണി പാളും....
വേദനാസംഹാരിയായ പാരസെറ്റാമോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാം. പതിവായി പാരസെറ്റാമോള്‍ (നാല് ഗ്രാമിലേറെയുള്ളത്) കഴിക്കുന്നത് കരളിന്‍റെ പ്രവര്‍ത്തനം താറുമാറാക്കും. അസുഖങ്ങളൊന്നുമില്ലാതെയാണ് പാരസെറ്റാമോള്‍ കഴിക്കുന്നതെങ്കില്‍ അര മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ സമയത്തിനുള്ളില്‍ ഛര്‍ദ്ദി, ശരീരം വെട്ടിവിയര്‍ക്കല്‍, ക്ഷീണം,വയറുവേദന, വിശപ്പില്ലായ്മ, വയറിളക്കമോ മലബന്ധമോ, ശരീരവേദനയോ അനുഭവപ്പെടാം.
ഇതിന് പുറമെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കും. ഡോസ് കൂടുന്നതിനനുസരിച്ച് മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും തകരാറിലാകും. ഇനി അലര്‍ജിക്ക് പൊതുവായി നല്‍കി വരുന്ന സിട്രിസിന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ കഴിച്ചാലും കേന്ദ്രനാഡീവ്യൂഹത്തിന്‍റെ പ്രവര്‍ത്തനം തകരാറിലാകും. തലച്ചോറിന്‍റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതോടെ ഉന്‍മേഷക്കുറവും ക്ഷീണവും അനുഭവപ്പടാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.