നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഹാന്‍ മരിച്ചതില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്‍റെ വയറ്റില്‍ പിതാവായ ഷിജില്‍ ഇടിച്ചുവെന്നും ഇതാണ് മരണകാരണമായതെന്നും ഇന്നലെ വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഷിജിലിന്‍റെ കുറ്റസമ്മത മൊഴിയിലുള്ളത്. കാഞ്ഞിരംകുളം സ്വദേശിയായ ഷിജിലിന്‍റെയും കൃഷ്ണപ്രിയയുടെയും ഏകമകനായിരുന്നു ഇഹാന്‍.
ജനുവരി പതിനാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെ ഇഹാന്‍ കരഞ്ഞുകൊണ്ട് എഴുന്നേല്‍ക്കുകയും കട്ടിലില്‍ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. കുഞ്ഞ് കരയുന്നത് കേട്ട് എഴുന്നേറ്റ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇടുകയും കുഞ്ഞിനെ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതോടെ ദേഷ്യം പിടിച്ച ഷിജില്‍ ലൈറ്റ് ഓഫ് ചെയ്യാന്‍ പറഞ്ഞ് ബഹളമുണ്ടാക്കി. കുട്ടിയെ വൃത്തിയാക്കിയ ശേഷം കൃഷ്ണപ്രിയ കട്ടിൽ കൊണ്ട് കിടത്തി.
കുട്ടി കാരണം ഉറക്കം പോയി എന്ന് പറഞ്ഞ് ഷിജില്‍ വീണ്ടും ബഹളം വെച്ചു. ഇതിനുശേഷമാണ് കട്ടിലിൽ കിടന്ന കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം വയറ്റിൽ കൈകൊണ്ട് ഇടിച്ചത്. കുട്ടി വേദന കൊണ്ട് കരഞ്ഞെങ്കിലും തിരിഞ്ഞു നോക്കാതെ ഷിജിൽ കിടന്നുറങ്ങി. പുറമേ മുറിവ് കാണാതിരുന്നതിനാൽ കൃഷ്ണപ്രിയ കുട്ടിയുടെ കരച്ചിൽ മാറ്റിയശേഷം കിടത്തി ഉറക്കുകയായിരുന്നു. അന്ന് വൈകിട്ടോടെയാണ് കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ചെയ്തത്. ഇക്കാര്യം ഷിജിലും ഭാര്യ കൃഷ്ണപ്രിയയും പൊലീസിനോട് സമ്മതിച്ചു.
കുട്ടിയെ ഷിജിലിന് ഇഷ്ടമുണ്ടായിരുന്നില്ല എന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നേരത്തെയും കൊലപാതകശ്രമം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുകയാണ്. കൃഷ്ണപ്രിയയും ഷിജിലും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇടക്കാലത്ത് മാറിത്താമസിച്ചിരുന്നു. പിന്നീട് കുടുംബം ഇടപെട്ടതോടെയാണ് ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയത്.
സംഭവദിവസം രാത്രി എട്ടരയോടെ കുഞ്ഞിന് ഷിജില്‍ ബിസ്കറ്റും മുന്തിരിയും കൊടുത്തുവെന്നും ഇത് കഴിച്ചതിന് പിന്നാലെ കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വരികയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചുവെന്നതില്‍ ആശുപത്രി അധികൃതര്‍ അന്നേ സംശയം പ്രകടിപ്പിച്ചു. വിവരം പൊലീസിലും അറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിന്‍റെ വയറ്റില്‍ ക്ഷതം കണ്ടെത്തിയത്. കഴുത്തില്‍ മുറിവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തതോടെ ഷിജില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.