സുരക്ഷിതമാണെന്ന് കരുതി നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പലതും നമ്മുടെ ശരീരത്തിന് ഹാനികരമാണ്. സുഗന്ധമുണ്ടാക്കുന്ന മെഴുകുതിരികളും, ചില നോണ്‍സ്റ്റിക് പനുകളും ആരോഗ്യത്തിന് ദോഷമാണെന്നാണ് വിദഗ്ധാഭിപ്രായം. മിക്കയാളുകളും ഒരേപോലം ഇഷ്ടപ്പെടുന്ന ഒന്നാണ് സുഗന്ധമുള്ള മെഴുകുതിരി. ഈ മെഴുകുതിരി വീട്ടില്‍ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഇതില്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ ബാധിക്കുന്ന ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്.
എയര്‍ഫ്രഷനറുകളിലും ഇത്തരത്തില്‍ ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സുഗന്ധമില്ലാത്ത പ്രകൃതിദത്ത വസ്തുക്കള്‍ ഉരോഗിച്ച് നിര്‍മ്മിക്കുന്ന മെഴുകുതിരികളാണ് നല്ലതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇവ പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കില്ല.
അടുക്കളയിലും ഇത്തരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. പാചകം ചെയ്യുമ്പോൾ ദിവസവും ഉപയോഗിക്കുന്ന ചില വസ്തുക്കൾ ആരോഗ്യപരമായ അപകടസാധ്യ വര്‍ധിപ്പിക്കുന്നുണ്ട്. വൃത്തിയാക്കാനുള്ള എളുപ്പം കാരണം മിക്കയാളുകളും പച്ചക്കറികളും മറ്റും അരിയാനായി പ്ലാസ്റ്റിക് കട്ടിങ്ബോര്‍ഡുകളാണ് ഉപയോഗിക്കുന്നത്.
ഉപയോഗത്തിലൂടെ ഇതില്‍ നിന്നും മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തി ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്ലാസ്റ്റിക്കിന് പകരം മരത്തിന്റെ കട്ടിങ്ബോര്‍ഡ് ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവ ശരീരത്തിന് ദോഷം ചെയ്യുന്നില്ലെങ്കിലും ഈര്‍പ്പം വരാതെ വൃത്തിയായി വയ്ക്കണം.
മിക്ക അടുക്കളകളിലും കേടുപാടുകള്‍ സംഭവിച്ച ഒരു നോണ്‍സ്റ്റിക് പാനെങ്കിലും ഉണ്ടാകും. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഒരിക്കലും കോട്ടിങ് പോയ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. പകരം ഇരുമ്പ്, സെറാമിക്, അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ പോലുള്ള പാത്രങ്ങള്‍ ഉപയോഗിക്കാം. ലളിതമായ ചില മാറ്റങ്ങൾ വരുത്തിയാൽ സന്തോഷകരവും ആരോഗ്യകരവുമായ ഒരു വീട് സ്വന്തമാക്കാന്‍ കഴിയും.