സ്തനാർബുദം എന്ന രോഗത്തെ അക്യുപങ്ച്ചറുകാർ 'ട്രീറ്റ് ചെയ്ത്' കുളമാക്കാൻ നോക്കി ഒരു രോഗി മരിച്ചിരിക്കുകയാണെന്നും, വ്യാജവൈദ്യത്തിന്റെ അടുത്ത ഇരയാണിതെന്നും ഡോ. ഷിംന അസീസ്. നേരത്തും കാലത്തും രോഗം കണ്ടെത്തി വേണ്ട ചികിത്സ എടുത്താൽ, രോഗി രക്ഷപ്പെടാനുള്ള സാധ്യത ഏറെയുള്ള രോഗമാണ് സ്തനാർബുദമെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വ്യാജവൈദ്യത്തിന്റെ അടുത്ത ഇരയാണിത്. നാട്ടിൽ ആകെയുള്ള ചികിത്സാരീതി പൊതുവേ 'അലോപ്പതി' എന്ന് വിളിക്കപ്പെടുന്ന മോഡേൺ മെഡിസിൻ അല്ല എന്ന ഉത്തമബോധ്യം ഉണ്ട്. മോഡേൺ മെഡിസിൻ പോലെ തന്നെ ഏതൊരു മെഡിക്കൽ ബിരുദം ആയിക്കോട്ടെ, പ്രഫഷണൽ കോളേജ് കണ്ടവർ ആരും തന്നെക്കൊണ്ട് ഭേദമാക്കാൻ പറ്റാത്ത രോഗത്തിന്റെ മേൽ പണിയാൻ നിൽക്കില്ല. കൂടുതൽ സൗകര്യങ്ങൾ ഉള്ളയിടത്തേക്ക് റഫർ ചെയ്യാൻ മടിക്കുകയുമില്ല. വൈദ്യം പഠിച്ച, രോഗിയോട് കടപ്പാടും ആത്മാർത്ഥതയുമുള്ള ഡോക്ടറുടെ മിനിമം ബേസിക് കോമൺ സെൻസ് ആണത്.
തൊണ്ണൂറോ മുപ്പതോ ദിവസമോ മൂന്നാഴ്ചയോ അതിൽ കുറവോ കാലം, പത്താം ക്ലാസിന്റെ പോലും പടി കാണാത്തവരും ശരീരത്തിലെ മുഴുവൻ അവയവങ്ങളുടെ പേര് പറയാൻ പോലും അറിയാത്തവരും ഏതാണ്ട് വല്ല്യ ബിരുദം പഠിച്ചെന്ന് വരുത്തി പേറെടുക്കാനും കാൻസർ ചികിത്സക്കും നിന്നാൽ ജീവൻ പോണ വഴി കാണില്ല. ആവർത്തിച്ചു പറഞ്ഞിട്ടും മതം പറഞ്ഞും ദൈവത്തെ വിളിച്ചും ചെകുത്താന്റെ പണി എടുക്കുന്നവർ പിന്മാറുന്നില്ല, അവർക്കെതിരെ നടപടികളുമില്ല. ഇനി എത്രയാൾ കൂടി ഇല്ലാതായാൽ ഈ സാമൂഹികശാപം ഇവിടെ നിന്ന് തുടച്ച് നീക്കപ്പെടുമെന്നും അറിയില്ല.
കാൻസർ ചികിൽസിക്കുന്ന ഒരു മെഡിക്കൽ ഓങ്കോളജിസ്റ്റ് അഞ്ചര കൊല്ലം എംബിബിഎസ്, മൂന്ന് കൊല്ലത്തെ എംഡി മെഡിസിൻ, മൂന്ന് കൊല്ലത്തെ മെഡിക്കൽ ഓങ്കോളജി സൂപ്പർ സ്‌പെഷ്യലിറ്റി എന്നിങ്ങനെ കോഴ്‌സുകൾക്കിടയിൽ യാതൊരു ഗ്യാപ്പുമില്ലാതെ പഠിച്ചാൽ പോലും ചുരുങ്ങിയത് പതിനൊന്നര കൊല്ലം മെഡിക്കൽ പഠനത്തിനായി മാത്രം ചിലവഴിക്കുന്നുണ്ട്. പ്രയോഗികമായി പറഞ്ഞാൽ ഇവക്കിടയിൽ ഉള്ള എൻട്രൻസ് പരീക്ഷാപഠനവും മറ്റുമായി ഇതിലേറെ സമയമെടുക്കാറുണ്ട്.
ക്യാൻസർ ചികിത്സകരായ അതിബുദ്ധിമാൻമാർ ആയുസ്സിൽ ഒരു പതിറ്റാണ്ടിനു മീതെ കുത്തിയിരുന്ന് പഠിച്ചതാണ് നാലും മൂന്നും ഏഴ് സൂചിയും ഒരു പിടി ഫ്രൂട്സും മുന്നൂറ് മില്ലിലിറ്റർ വെള്ളവും കൊണ്ട് ഭേദപ്പെടുത്താൻ പോകുന്നത്! മരണപ്പെട്ട സ്ത്രീക്ക് ആശുപത്രി മാത്രമല്ല, ഭക്ഷണവും വിലക്കപ്പെട്ട കനിയായിരുന്നത്രെ!
ദയവ് ചെയ്ത് രോഗമുക്‌തിക്ക് വേണ്ടി ആരാണ് എന്താണ് എന്ന് പോലും അറിയാത്തവർക്ക് കൊണ്ട് പോയി തല വെച്ച് കൊടുക്കരുത്. നിങ്ങൾ ഇപ്പോൾ ഈ പോസ്റ്റ് വായിക്കുന്ന ഫോണോ കമ്പ്യൂട്ടറോ കേടായാൽ, ഫോണുകളെ കുറിച്ച് സദാ വാചാലനായ, ഗാഡ്ജറ്റ് നന്നാക്കുന്നത് ഔപചാരികമായി പഠിച്ചിട്ടില്ലാത്ത അപ്പുറത്തെ പറമ്പിൽ തേങ്ങയിടാൻ നിൽക്കുന്ന ചേട്ടന് കൊണ്ട് പോയി കൊടുക്കുമോ?
അടുത്തുള്ള പണി പഠിച്ച ടെക്നീഷ്യനെക്കൊണ്ട് പണിയിക്കും. ആ വില പോലുമില്ലേ ജീവന്?
ഇനി, അലോപ്പതി ആശുപത്രിയിൽ ആരും മരിക്കാറില്ലേ എന്ന് ചോദിച്ചു വരാൻ പോകുന്ന 'സ്വന്തം കഞ്ഞിയിൽ പാറ്റ വീഴൽ തടയൽ യോജന' വെട്ടുകിളിക്കൂട്ടത്തിനോട്...
തീപിടിത്തത്തിൽ പെട്ട് കിടക്കുന്നവരെ ഫയർ ആൻഡ് റെസ്‌ക്യൂ ടീം വന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും അവർ മരണപ്പെടുന്നതും ആളിക്കത്തുന്ന അഗ്നിയിലേക്ക് എടുത്തു ചാടി വെന്ത് മരിക്കുന്നതും തമ്മിൽ മൂന്നാല് തൂവലിന്റെ വ്യത്യാസമുണ്ട്. തിരിയുന്നോർക്ക് തിരിയും, അല്ലാത്തോർ നട്ടം തിരിയും. – ഡോ. ഷിംന അസീസ് വിശദമാക്കുന്നു. ജാഗ്രതയോടെയിരിക്കണമെന്നും, മരണം ഒരു റിവേഴ്‌സിബിൾ പ്രക്രിയ അല്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.